മൊബൈലിലും കറൻസിയിലും 28 ദിവസം വൈറസുണ്ടാകും
Tuesday, October 13, 2020 3:47 PM IST
സിഡ്നി: കോറൊണ വൈറസ് മൊബൈൽ ഫോണിലും കറൻസി നോട്ടിലും 28 ദിവസം വരെ അതിജീവിക്കുമെന്ന് ഓസ്ട്രേലിയൻ ഗവേഷകർ. മുന്പു കരുതിയിരുന്നതിനേക്കാൾ കരുത്തുറ്റ വൈറസാണിതെന്ന് ഓസ്ട്രേലിയയിലെ ദേശീയ ശാസ്ത്ര ഏജൻസിയായ കോമൺവെൽത്ത് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസേർച്ച് നടത്തിയ പഠനത്തിൽ കണ്ടെത്തി.
കൊറോണ വൈറസ് കറൻസി നോട്ടുകളിൽ രണ്ടു -മൂന്നു ദിവസം വരെയും ഗ്ലാസ് പ്രതലങ്ങളിൽ ആറു ദിവസം വരെയും ഉണ്ടാകുമെന്നായിരുന്നു മുൻ കണ്ടെത്തലുകൾ. മൊബൈൽ ഫോൺ ഗ്ലാസ്, പ്ലാസ്റ്റിക്-പേപ്പർ കറൻസി, സ്റ്റെയ്ൻലെസ് സ്റ്റീൽ തുടങ്ങി മിനുസമുള്ള പ്രതലങ്ങളിൽ 28 ദിവസം വരെ വൈറസിന് അതിജീവിക്കാൻ കഴിയുമെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ.
ആളുകൾ തുമ്മുന്പോഴും ചുമയ്ക്കുന്പോഴും സംസാരിക്കുന്പോഴുമാണ് വൈറസ് പകരാനുള്ള സാധ്യത കൂടുതൽ.
അതേസമയം ചൂടിനു മുന്നിൽ വൈറസിനു പിടിച്ചുനിൽക്കാനാവില്ല. 40 ഡിഗ്രി സെൽഷസ് ചൂടിൽ രോഗാണു ഏതാണ്ട് നിഷ്പ്രഭമാകുന്നതായി കണ്ടെത്തി. പഠനഫലം വൈറോളജി ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.