ചികിത്സയ്ക്കുമാത്രം പ്രാമുഖ്യം കൊടുത്താൽ പോരാ...
Wednesday, January 19, 2022 4:06 PM IST
2022 ആരംഭിച്ചുകഴിഞ്ഞു. ഏറെ പ്രതീക്ഷകളോടെയും ആഹ്ലാദത്തിമിർപ്പുകളോടെയും മലയാളിയുടെ ജീവിതം കടിഞ്ഞാണില്ലാതെ മുന്നോട്ടു കുതിക്കുന്നു. പുറം തിരിഞ്ഞു നോക്കാതെയുള്ള ഈ ഓട്ടത്തിൽ തീർച്ചയായും ഓർമിച്ചുപോകേണ്ട ഒന്നുണ്ട്, ഈ വർഷം ആരോഗ്യപരമായി എത്രമാത്രം സുരക്ഷിതരാണ്?
ആരോഗ്യസൂചികയിൽ ഒന്നാമത്
ലോക ആരോഗ്യ ഭൂപടത്തിൽ സവിശേഷ സ്ഥാനം അലങ്കരിക്കുന്ന നമ്മുടെ കൊച്ചു കേരളം വികസിത രാജ്യങ്ങളോട് കിടപിടിക്കാവുന്ന നേട്ടങ്ങളും കൈവരിച്ചു കഴിഞ്ഞു. കേരളത്തിന്റെ വിശിഷ്ടമായ ആരോഗ്യമാതൃക അന്താരാഷ്്ട്രതലത്തിൽതന്നെ ചർച്ചയ്ക്കുവിധേയമായി. പോരാഞ്ഞിട്ട് ഇന്ത്യയുടെ ആരോഗ്യസൂചികയിൽ കേരളം വീണ്ടും ഒന്നാമൻ. ലോകബാങ്കിന്റെ സാങ്കേതിക സഹായത്തോടെ കേന്ദ്ര ആരോഗ്യമന്ത്രാലയവും നീതി ആയോഗും സംയുക്തമായി പ്രസിദ്ധീകരിച്ച വാർഷിക ആരോഗ്യ സൂചികയിലെ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം വീണ്ടും ഒന്നാമതെത്തുന്നു.
പോയ തലമുറകളുടെ ദീർഘവീക്ഷണം
ഉയർന്ന വിദ്യാഭ്യാസ നിലവാരവും സന്പൂർണ സാക്ഷരതയുമൊക്കെ ശുചിത്വബോധവും ആരോഗ്യ സംരക്ഷണത്തിൽ ജാഗ്രതയും വളർത്തിയിട്ടുണ്ട്. ഇതിന്റെയൊക്കെ ഫലമായി നമ്മുടെ നാട്ടിലെ പ്രതീക്ഷിത ആയുർദൈർഘ്യം ഇതര സംസ്ഥാനങ്ങളുടെ മുൻപന്തിയിൽ.
കേരളത്തിൽ പുരുഷന്മാർക്ക് 72.19 വയസും സ്ത്രീകൾക്ക് 78.15 വയസും ആയിരിക്കുന്പോൾ ദേശീയ ശരാശരി 69.96 ആണെന്നോർക്കണം. ഇത്തരം നേട്ടങ്ങളിൽ അഭിമാനം കൊള്ളുന്പോഴും നമ്മെ ചിന്തിപ്പിക്കേണ്ട പല ഗൗരവേറിയ കാര്യങ്ങളും സംഭവിക്കുന്നുണ്ട്.
പോയ തലമുറകൾ കാണിച്ച ദീർഘവീക്ഷണം സദ്ഫലങ്ങളാണ് നൽകിയതെന്ന കാര്യം വിസ്മരിച്ചുള്ള പല നടപടികളും ഇവിടെ ഉണ്ടാകുന്നു. ഉയർച്ചയിൽ നിന്ന് അപചയത്തിലേക്ക് എന്നു പറയാൻ പറ്റുന്ന പല പരിതാപകരമായ പാളിച്ചകളും കേരളീയരുടെ ആരോഗ്യ സുരക്ഷയ്ക്ക് ഭീഷണിയായി വരികയാണ്.
പകർച്ചവ്യാധികളും ജീവിതശൈലീ രോഗങ്ങളും നിയന്ത്രിക്കുന്നതിൽ...
അതിൽ മുഖ്യമാണ് പകർച്ചവ്യാധികളും ജീവിതശൈലീ രോഗങ്ങളും നിയന്ത്രണവിധേയമാക്കുന്നതിൽ മലയാളിക്കു സംഭവിച്ച അധഃപതനം. അതിനുള്ള പ്രധാന കാരണം ചികിത്സയ്ക്കു മാത്രം പ്രാമുഖ്യം കൊടുക്കുന്നതാണ്. സുരക്ഷയുടെ കാര്യങ്ങളിൽ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുടെ മുന്നിൽ സ്ഥാനം പിടിച്ചിരിക്കുന്ന കേരളം രോഗപ്രതിരോധത്തിന്റെ കാര്യത്തിൽ തലകുനിക്കുന്നു.
മറ്റൊരു ബഹുമതികൂടിയുണ്ട് കേരളത്തിന്. നീതി ആയോഗ് 2021-ൽ ദേശീയ തലത്തിൽ നടത്തിയ സംസ്ഥാനങ്ങളുടെ ഭാരിദ്ര്യസൂചികാപഠനത്തിൽ ഏറ്റവും സന്പന്ന സംസ്ഥാനമായി കേരളം ഒന്നാമത്. ദേശീയ ശരാശരി 25.01 ശതമാനമാകുന്പോൾ കേരളത്തിന്റേത് 0.7 ശതമാനം. തീർന്നില്ല. അതിൽത്തന്നെ കോട്ടയം മുന്നിൽ (0.0%), എറണാകുളം (0.1%). ഏറ്റവും ദരിദ്ര സംസ്ഥാനം ബീഹാർ (51.9%).
വികലമായ ഭക്ഷണശൈലി
എന്നാൽ സാക്ഷരതയിലും സന്പന്നതയിലും ഒന്നാമനായ മലയാളി ഉണ്ടാക്കുന്ന പണമെല്ലാം കൂടുതൽ ആഡംബരകാര്യങ്ങൾക്കായി ചെലവഴിക്കുന്നു എന്നതാണ് യാഥാർഥ്യം. ജീവിതത്തിന്റെയും പരിസ്ഥിതിയുടെയും അടിസ്ഥാന സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിനു പകരം വികലമായ ഭക്ഷണശൈലിയിലും മയക്കുമരുന്നിലും ആഡംബര വാഹനങ്ങളിലും അവർ സായൂജ്യം കണ്ടെത്തുന്നു. (തുടരും)
വിവരങ്ങൾ: ഡോ. ജോർജ് തയ്യിൽ MD, FACC, FRCP
സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്, ലൂർദ് ആശുപത്രി, എറണാകുളം