മകന്റെ ദേഷ്യം
? ഡോക്ടർ, വളരെ സങ്കടത്തോടെയാണ് ഇത് എഴുതുന്നത്. ആറു വയസുള്ള ഏക മകൻ ദേഷ്യം വന്നാൽ വീട്ടിലുള്ളവരെ അടിക്കുകയും ഇടിക്കുകയും ചെയ്യും. കാർട്ടൂൺ ചാനലുകൾ വയ്ക്കാൻ അനുവദിക്കാതെ വരുമ്പോഴും അവൻ പറയുന്ന കാര്യങ്ങൾ ചെയ്തുകൊടുക്കാതെ യിരിക്കുമ്പോഴുമാണ് ഇങ്ങനെ പെരുമാറുന്നത്. ഇതുകാണുമ്പോൾ കുട്ടിയെ ഞാൻ പലപ്പോഴും അടിക്കാറുണ്ട്. കുറച്ചു സമയത്തേക്ക് ആവർത്തിക്കാതെയിരിക്കുമെങ്കിലും വീണ്ടും ഇങ്ങനെ തന്നെയാണ് ചെയ്യുന്നത്. പഠനത്തിലും മറ്റു കാര്യങ്ങളിലും കുട്ടി സമർഥനാണ്. ഹൈപ്പർ ആക്ടിവിന്റേതായ ലക്ഷണങ്ങളൊന്നും കാണുന്നില്ല. വീട്ടുസാധനങ്ങളൊക്കെ നശിപ്പിക്കുന്ന ശീലവുമുണ്ട്. കുഞ്ഞിന്റെ ഈ ശീലം മാറ്റിയെടുക്കാൻ കഴിയുമോ

കത്തിൽ നിന്ന് മനസിലാകുന്നത് ഇത് അച്ഛനമ്മമാരുടെ ഒറ്റക്കുട്ടിയാണെന്നാണ്. അതുകൊണ്ടു തന്നെ അച്ഛനമ്മമാരുടെ നിരന്തരശ്രദ്ധ കിട്ടുന്നുമുണ്ട്. കുട്ടിയോടൊപ്പം രസകരമായി സമയം ചെലവഴിക്കണം. ടി.വിക്കു മുന്നിൽ കുട്ടി വളരെ നേരം ഇരിക്കുമ്പോൾ, ചില ചാനലുകൾ കുട്ടികൾക്കു പറ്റിയതല്ലെന്നു പറയുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ചു ബോധ്യപ്പെടുത്തുകയും വേണം.

കുട്ടിയുടെ പിടിവാശിയുള്ള പെരുമാറ്റം കണക്കിലെടുക്കുമ്പോൾ, ഏതെങ്കിലും നല്ലൊരു ആശുപത്രിയിലെ ഡവലപ്മെന്റൽ പീഡിയാട്രിഷനെ കണ്ട് ഉപദേശംതേടുന്നത് നന്നായിരിക്കും. കുട്ടിയെ ഉപദ്രവിക്കുകയോ കടുത്ത ശിക്ഷകൾ നൽകുകയോ ചെയ്യുന്നതു കൊണ്ട് ഒരു പ്രയോജനവുമില്ല.