മയക്കുമരുന്നിന്‍റെ ദുരുപയോഗവും അനധികൃത വിപണനവും
Saturday, June 26, 2021 12:06 PM IST
ജൂൺ 26- മയക്കുമരുന്നിനെതിരെ അന്തർദേശീയ ദിനം

ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം 1987 മുതൽ എല്ലാവർഷവും ജൂൺ 26, മയക്കുമരുന്നിന്‍റെ ദുരുപയോഗത്തിനും അതിന്‍റെ അനധികൃത വിപണനത്തിനും എതിരെ അന്തർദേശീയ ദിനമായി ആചരിക്കുന്നു. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും മദ്യത്തിന്റെ ഉപയോഗം അവരുടെ ജീവിതശൈലിയുടെ ഭാഗമായതുകൊണ്ടും മയക്കുമരുന്ന് ഇപ്പോഴും എല്ലാ രാജ്യങ്ങളിലും ഒരു വലിയ സാമൂഹിക വിപത്തായി തുടരുന്നതുകൊണ്ടും ഐക്യരാഷ്ട്ര സഭ ഈ മുദ്രാവാക്യം ഉയർത്തിയാണ് ഈ ദിനം എല്ലാ വർഷവും ഇപ്പോഴും ആചരിക്കുന്നത്.

എന്നാൽ ഇന്ത്യ മഹാരാജ്യത്തു പ്രത്യേകിച്ച് നമ്മുടെ കൊച്ചുകേരളത്തിൽ രാസലഹരികളുടെ ഉപയോഗവും കള്ളക്കടത്തും മാത്രമല്ല വിദേശമദ്യമടക്കമുള്ള ലഹരികളുടെ ഉപയോഗവും കച്ചവടവും ശാരീരികവും, മാനസികവും, സാമൂഹികവുമായ പ്രശ്നങ്ങൾ ആയി വളർന്നതുകൊണ്ട് ഇപ്പോൾ നമ്മുടെ സർക്കാരും, മത, സമുദായിക സംഘടനകളും ഈ ദിനത്തെ ലോകലഹരി വിരുദ്ധദിനം എന്ന് പേരിട്ടു വിവിധ പരിപാടിളോടെ ആചരിക്കുന്നു.

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ചെന്നൈ ദക്ഷിണ മേഖല ഓഫീസിൽ ഞാൻ സോണൽ അസിസ്റ്റന്‍റ് ഡയറക്ടർ ആയി 1998- 2000 ത്തിൽ നാലുവർഷം ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തിരുന്നപ്പോൾ കേരളത്തിന്‍റേയും നാർകോട്ടിക് ചുമതല ഉണ്ടായിരുന്നു. അക്കാലത്തു കേരളത്തിലും, തമിഴ്നാടിന്റെ തെക്കേ ജില്ലകളിലും നടന്ന ചില മയക്കുമരുന്ന് കള്ളക്കടത്തു പിടിച്ചു സംഘത്തെ അറസ്റ്റ് ചെയ്യ്യുകയും, നമ്മുടെ സംസ്ഥാന അതിർത്തിയോട് ചേർന്ന കമ്പം- തേനി വനമേഖലയിൽ വ്യാപകമായി ഉണ്ടായിരുന്ന കഞ്ചാവ് കൃഷി നശിപ്പിക്കുന്നതിനു നേതൃത്വം കൊടുക്കയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഏകദേശം 20 വർഷങ്ങൾക്ക് മുൻപു ഈ രംഗത്തെ അവസ്ഥയും ഇപ്പോഴത്തെ അവസ്ഥയും താരതമ്യം ചെയ്യ്യുമ്പോൾ ഇന്നത്തെതു എത്ര ഭയാനകമാണ് എന്ന് തോന്നിയത് നിങ്ങളുമായി പങ്കിടാനാണ് ഞാൻ ശ്രമിക്കുന്നത്.

എല്ലാ എൻഫോസ്‌മെന്‍റ് ഏജസികളും അക്കാലത്തു ഊന്നൽ നൽകിയിരുന്നത് മയക്കുമരുന്നിൻറെ വിപണവും ദുരുപയോഗവും നിയന്ത്രിക്കുക അഥവാ Supply Reduction എന്ന ഉത്തരവാദത്ദ്വത്തിനായിരുന്നു. കൂടാതെ അക്കാലയളവിൽ കേരള സർക്കാർ അബ്കാരി നിയമത്തിൽ ഭേദഗതി കൊണ്ടുവന്നു വിദേശ മദ്യക്കച്ചവടം പൊതുമേഖലയിൽ ആക്കുകയും, കള്ളുഷാപ്പുലേലത്തിൽ നിയന്ത്രണം കൊണ്ടുവരുകയും ചെയ്തത് കൂടാതെ 1995-ൽ ചാരായനിരോധനം ഏർപ്പെടുത്തുകയും ചെയ്തത് കാരണം വിദേശമദ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അന്ന് കേരളത്തിൽ പൊതുവെ കുറവു ആയിരുന്നു.

എന്നാൽ മയക്കുമരുന്ന് രംഗത്താകട്ടെ സ്ഥിതി തീർത്തും വൃത്യസ്തമായിരുന്നു താലിബാൻറെ ഏറ്റം വരുമാന മാർഗമായ ഹെറോയിൻ അഥവാ ബ്രൗൺ ഷുഗർ ഉത്പാദിപ്പിക്കുന്ന കറുപ്പ് ചെടിയുടെ 80 ശതമാനവും കൃഷി ചെയ്യ്യുന്നത് അഫ്‌ഘാനിസ്താനിലാണ്. ഏറ്റം വീര്യമേറിയതും വിലകൂടുതലുള്ളവയുമായ ഈ മയക്കുമരുന്നിനു അമേരിക്കൻ രാജ്യങ്ങളിലും യൂറോപ്പിലും ആവശ്യക്കാർ ഏറെയാണ്. തന്മൂലം ഹെറോയിൻ അഫ്‌ഘാനിസ്താനിൽ നിന്നും പാക് ഐഎസ്ഐയുടെ സഹായത്തോടെ ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങ്ങളിൽ കൂടി ഒളിച്ചുകടത്തി എൽടിടിഇയുടെ സഹായത്തോടെ നമ്മുടെ സമുദ്രതിർത്തി വഴി ശ്രീലങ്കയിൽ എത്തിച്ചു അവിടെനിന്നു യൂറോപ്പ്, അമേരിക്ക ഇവിടങ്ങളിലേക്കെ അയക്കുന്നതിനു മാഫിയ സംഘങ്ങൾ ധാരാളമായി പ്രവർത്തിച്ചിരുന്നു.

അതുപോലെ മാരകരോഗ വേദനസംഹാരിയായ മോർഫിൻ, Pethidine ഇവ നിർമ്മിക്കുന്നതിന് കറുപ്പുചെടി ഗവണ്മെന്റ് ലൈസൻസിൽ കൃഷി ചെയ്തു വരുന്ന വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും അനധികൃതമായി കറുപ്പു ചെടി കൃഷി ചെയ്തുണ്ടാക്കുന്ന ഹെറോയിൻ ഈ മാഫിയ ശൃംഖല ല വഴി വിദേശത്തേക്ക് വിമാനത്താവളം വഴിയും സമുദ്ര തീരം വഴിയും അനധികൃതമായി അക്കാലത്തു അയച്ചിരുന്നു. സൗത്ത് അമേരിക്കൻ രാജ്യങ്ങളിൽ കൊക്കോ ചെടിയിൽ നിന്നും ഉണ്ടാക്കുന്ന വീര്യം കൂടിയ കൊക്കെയ്ൻ എന്ന മയക്കുമരുന്ന് മാഫിയ സംഘങ്ങൾ വഴി സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങ്ങളിൽ
ധാരാളമായി എത്തുന്നതും പതിവായിരുന്നു .കഞ്ചാവ് കൃഷി നമ്മുടെ ഹൈറേഞ്ച് മേഖലകളിൽ
വ്യാപകമായിരുന്നു എങ്കിലും കഞ്ചാവിന്റെയും അതിൽ നിന്നും ഉണ്ടാക്കുന്ന ഹാഷിഷ്, ഹാഷിഷ് ഓയിൽ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ അക്കാലങ്ങളിൽ വളരെ കുറവായിരുന്നു. രാസ ലഹരി മരുന്നുകളായ MDMA , എക്ടസി (Ecstasy) , LSD, Amphetamine ഇവയുമായി ബന്ധപ്പെട്ട കേസുകളും അന്ന് തീരെ ഇല്ലായിരുന്നു.

എന്നാൽ ഇന്നത്തെ സ്ഥിതി എന്താണ്. ആറ്-ഏഴ് വർഷങ്ങൾക്കു മുമ്പ് വെറും 29 ബാർ ഹോട്ടലുകൾ ഉണ്ടായിരുന്നിടത്തു, ഇന്ന് 619 ഹോട്ടലുകൾക്കു ബാർ ലൈസൻസ് കൊടുത്തിരിക്കുന്നു. ഇപ്പോൾ കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ വ്യവസായം ആണ് കേരള ബീവറേജ്‌സ് കോർപറേഷൻ. അതിന്‍റെ 2018-19 ലെ വിറ്റു വരവ് 12,646 കോടി രൂപയാണ്. കോവിഡ് ലോക്കഡൗൺ കാരണം കുറച്ചു നാൾ അടച്ചിട്ടശേഷം ഈ ആഴ്ച ആദ്യം ബീവറേജ്‌സ് കടകൾ തുറന്നപ്പോൾ ഒരു ദിവസത്തെ വരുമാനം 52 കോടി രൂപ ആയിരുന്നു എന്നത് പലരും അഭിമാനത്തോടെ അല്ലെ കണ്ടത്. ഇതിന്റെ എല്ലാം 10%, നിയമപ്രകാരം കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പ്രവർത്തനങ്ങൾക്കായി മാറ്റിവക്കണം ഇവിടെയും അതു മാറ്റിവെക്കുന്നുണ്ടെങ്കിലും ചിലവഴിക്കുന്നത് മദ്യക്കച്ചവടത്തിന്റെയും ചുമതലയുള്ള ഡിപ്പാർട്മെന്റ് വഴിയായതുകൊണ്ട് ഈ കാര്യത്തിൽ എത്ര ആത്മാർത്ഥത കാണുമെന്നു ഊഹിക്കാവുന്നതേയുള്ളു.


അതുപോലെ ലഹരിയുടെ ഉപയോഗം കുറക്കുന്നതിനും , ലഹരിക്ക് അടിമപ്പെട്ടവരെ ചികിൽസിച്ചു ഭേദമാക്കുന്നതിനും ആയി കേരള ലഹരി വിമുക്തി മിഷൻ എന്ന പേരിൽ ഒരു പ്രസ്ഥാനം എക്സൈസ് ഡിപ്പാർട്മെന്‍റിന്‍റെ കീഴിൽ രൂപീകരിച്ചു 2019 മുതൽ പ്രവർത്തിക്കുന്നു. 'നാളത്തെ കേരളം ലഹരി മുക്ത കേരളം' എന്നതാണ് ഈ പ്രസ്ഥാനത്തിന്‍റെ മുദ്രാവാക്യം . ലഹരി ഉപയോഗം കൂട്ടികൊണ്ട് വരാൻ എല്ലാ നടപടികളും എടുത്തിട്ട് നാളെ ലഹരി മുക്ത കേരളം നിർമ്മിക്കുമെന്ന് പറയുന്നതിലെ ആത്മാർത്ഥത എത്രമാത്രം എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. അതുപോലെ കുറെ വർഷങ്ങൾക്ക് മുൻപുവരെ ഗവർമെന്റിറെതായി ഒരു ലഹരി വിമോചന ചികിത്സ കേന്ദ്രങ്ങളും ഇല്ലാതിരുന്നിടത്തു ഇന്ന് കേരളത്തിൽ ഇതിനുവേണ്ടി പ്രവർത്തിക്കുന്ന 43 സെന്‍ററുകളിൽ 14 എണ്ണം ലഹരി വിമുക്തി മിഷന് കീഴിലാണ്. ഇനിയും സ്ത്രീകൾക്കും കുട്ടികൾക്കും മാത്ത്രമായി 3 എണ്ണം ഉടനെ തുടങ്ങാൻ പോകുന്നതായി മനസിലാക്കുന്നു. ലഹരിക്കടിമ പെടുന്നവരുടെ എണ്ണം വളരെ കൂടിവരുന്നു എന്നതിന്റെ തെളിവല്ലേ ഇത്.

അതുപോലെ ലഹരി വസ്തുക്കൾക്കെതിരെ ബോധവത്കരണ പരിപാടികൾ സന്നഗ്ദ്ധ സംഘടനകളേ വച്ചു ചെയ്യിക്കുന്നതിനു പകരം ഇപ്പോൾ കേരള പോലീസ് *വാർ ഓൺ ഡ്രഗ്സ്* എന്ന പേടിപ്പിക്കുന്ന പേരോടെ സെലിബ്രിറ്റി കളുമായി ചേർന്ന് നടപ്പിലാക്കി വരുകയാണ്. അതിനു ഉദ്ദേശിക്കുന്ന ഫലം കിട്ടുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇതൊക്കെ കാണുമ്പോൾ കേരളത്തിലെ എൻഫോസ്‌മെന്റ് ഏജൻസികൾ അവരുടെ പ്രധാന ഉത്തരവാദിത്വമായ ലഹരി ലഭ്യത കുറക്കുക -Supply Reduction എന്ന പ്രധാന ചുമതലയിൽ നിന്നും വഴിമാറിപോകുന്നോ എന്ന് തോന്നിപോകാറുണ്ട്.

സാക്ഷര കേരളം,പ്രബുദ്ധ കേരളം, സുഭിക്ഷ കേരളം എന്നൊക്കെ നാം വിശേഷിപ്പിക്കുന്ന നമ്മുടെ നാട് ഇന്ന് ഇന്ത്യയിലെ ലഹരിയുടെ തലസ്ഥാനം എന്ന നിലയിലേക്ക് മാറിക്കൊണ്ടിരിക്കയാണോ എന്ന് ഇന്നത്തെ സ്ഥിതി കാണുമ്പോൾ തോന്നിപോകുന്നു കേരളത്തിൽ ലഹരിസാധനങ്ങളുടെ നീരാളിപിടുത്തം അത്ര ഭയാനകമാണ്. ലഹരി ഉപയോഗം നമ്മെ നയിക്കുന്നത് മാരക രോഗങ്ങളിലേക്ക് മാത്രമല്ല, പിന്നെയോ തൊഴിൽ നഷ്ടം, മനോവിഭ്രാന്തി, സംശയരോഗം, കുടുംബ ബന്ധങ്ങളിലെ അകൽച്ച, ശാരീരിക സ്ത്രീധന പീഡനങ്ങൾ, ലൈംഗീക അതിക്രമങ്ങൾ, ആത്മഹത്യ, കൊലപാതകം ഇവയിലേക്കുകൂടിയാണ്. ഈ ആഴ്ച തന്നെ ഇങ്ങ്നെയുള്ള എത്ര ദാരുണ സംഭവങ്ങൾ നാം കേട്ടിരിക്കുന്നു. അന്വേഷിച്ചു ചെന്നാൽ ഇതിന്റെ എല്ലാം പുറകിൽ ലഹരി ഒരു വില്ലൻ ആയിട്ടുണ്ടന്നു കാണാൻ സാധിക്കും. ലഹരിക്കു സ്വീകാര്യത ലഭിക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതിനു സഹായകരമായ ഒരു നിലപാടാണ് നിര്ഭാഗ്യവശാൽ അധികാരത്തു സ്ഥലത്തുനിന്നും ഇപ്പോൾ നാം കാണുന്നത്. ഇതിനെ ഒരു മാറ്റം വന്നേ മതിയാവൂ.

ആഗോളവത്കരണം, ഉദാരവത്കരണം, കമ്പ്യൂട്ടവത്കരണം എല്ലാംകൂടി ഇരുപത്തൊന്നാം നൂറ്റാണ്ടു മനുഷ്യന് വലിയ പ്രതീക്ഷകളാണ് നൽകിയത്. സാമ്പത്തീക രംഗത്തു പൊതുവെ നല്ല പുരോഗതി വന്നു. ലോകരാജ്യങ്ങൾ തമ്മിലും ജനതകൾ തമ്മിലും കൂടുതൽ സഹകരിക്കുന്ന ദിനങ്ങളാണ് കടന്നുപോയത്. വ്യോമയാന രംഗത്തെ വളർച്ച ഇത് ത്വരിതപെടുത്തി. എന്നാൽ ഇങ്ങനെയുള്ള നേട്ടങ്ങളുടെപേരിൽ മനുഷ്യൻ അഹങ്കരിക്കാൻ തുടങ്ങിയതിനാൽ ആയിരിക്കാം കോവിഡ് 19 എന്ന മഹാമാരി ലോകരാഷ്ട്രങ്ങളെയും ലോകജനതയെയും ഒന്നാകെ ഇപ്പോൾ ഭീതിയിൽ ആക്കിയിരിക്കുന്നത്. രണ്ടുമാസ്ക് ധരിച്ചു, സാമൂഹിക അകലം പാലിച്ചു, ശരീരശുദ്ധിയോടെ ജീവിക്കേണ്ട കാലമാണ് നമുക്ക് ഇപ്പോൾ മുൻപിലുള്ളത്.ശശിതരൂർ എംപിയുടെ ഭാഷയിൽ പറഞ്ഞാൽ ഇനിയും ആഗോള വികേന്ദ്രികരണം. അങ്ങനെ രൂപപ്പെടുന്ന പ്രത്യേക സാഹചര്യത്തെ അതിജീവിക്കണം എങ്കിൽ സ്വന്ത ആരോഗ്യവും സമൂഹത്തിന്‍റെ ആരോഗ്യവും പരിപാലിച്ചു ലഹരി വസ്തുക്കളിൽ നിന്നും അകന്ന് മുൻപോട്ടു പോകേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനു വേണ്ടി ഒരു ഉറച്ച തീരുമാനമെടുത്തു മുൻപോട്ടു പോയി ലഹരിയുടെ ലഭ്യത കുറച്ചുകൊണ്ടുവന്നു ഇതിൽ പെട്ടുപോയവരെ ഇതിന്റെ നീരാളി പിടുത്തത്തിൽനിന്നും വിടുവിക്കുവാൻ ഉള്ള പ്രവർത്തനങ്ങളിൽ സഹകരിച്ചു മുൻപോട്ടു പോകാൻ ഈ ലഹരി വിരുദ്ധദിന ആചരണം നിമിത്തമാകട്ടെ.

എം. ജോൺ പുന്നൻ
റിടൈർഡ് ജോയിൻറ് ഡയറക്ടർ, ഇന്‍റലിജൻസ് ബ്യൂറോ ഓഫ് ഇന്ത്യ .