ബ്രേക്ക് ഡാൻസിലെ എന്പുരാൻ തൃശൂരിന്റെ ഷെൽട്ടൺ
Thursday, May 22, 2025 1:32 PM IST
പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശേരി അവതരിപ്പിക്കുന്ന മൂണ്‍ വാക്ക് എന്ന സിനിമ റിലീസിന് ഒരുങ്ങിക്കഴിഞ്ഞു. ഒരുകാലത്ത് കേരളത്തിന്റെ ഹരമായിരുന്ന ബ്രേക്ക് ഡാൻസിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട കലാകാരന്മാരെ കുറിച്ചുമാണ് മൂണ്‍ വാക്ക് എന്ന സിനിമ.
കാലം മറന്നുപോയ ബ്രേക്ക് ഡാൻസ് കലാകാരൻമാരെക്കുറിച്ചും ഒരു തലമുറയുടെ ത്രസിപ്പിക്കുന്ന ഹരമായിരുന്ന ബ്രേക്ക് ഡാൻസിനെക്കുറിച്ചും പുതിയ തലമുറയ്ക്ക് പറഞ്ഞുകൊടുക്കാനും മനസിലാക്കിക്കൊടുക്കാനും മൂണ്‍വാക്ക് എന്ന സിനിമയെടുക്കുന്ന ലിജോ ജോസ് പെല്ലിശേരിയോടു നന്ദിപറയാം...
കേരളത്തിലെ എല്ലാ ഭാഗത്തും ബ്രേക്ക് ഡാൻസിന് ആരാധകരും ബ്രേക്ക് ഡാൻസ് താരങ്ങളും ഉണ്ടായിരുന്ന പോലെ തൃശൂരിലുമുണ്ടായിരുന്നു വാനോളം ആരാധകരും അവരുടെ ആവേശം അലയടിപ്പിക്കാൻ കെൽപുള്ള ബ്രേക്ക് ഡാൻസ് നർത്തകരും.
അവരിൽ പ്രമുഖനും കേരളമൊട്ടുക്കും അറിയപ്പെട്ട ബ്രേക്ക് ഡാൻസുകാരനായിരുന്നു ഷെൽട്ടൺ. ഒരു സിനിമാക്കഥ പോലെ ത്രില്ലടിപ്പിക്കുന്ന കഥയാണ് ഷെൽട്ടന്റേത്.
റിവേഴ്സ്ഗിയറിൽ ബ്രേക്ക് ഡാൻസ് കാലം
കേരളത്തിലും ബ്രേക്ക് ഡാൻസ് ഹരമായിരുന്ന കാലം. 1970കളുടെ അവസാനത്തിലാണത്രെ ന്യൂയോർക്കിലെ തെരുവുകളിൽ ബ്രേക്ക് ഡാൻസ് എന്ന നൃത്തരൂപം ചുവടുകൾ വെക്കാൻ തുടങ്ങിയത്.
അധികം വൈകാതെ തന്നെ ബ്രേക്ക് ഡാൻസിന്റെ ചടുലതയും ലഹരിയും കടലുകൾ കടന്ന് ഇങ്ങ് കേരളത്തിലുമെത്തി. അതോടെ കേരളമാകെ ബ്രേക്ക് ഡാൻസ് ചുവടുകളിൽ ഇളകിമറിഞ്ഞു.
അങ്ങിനെയിരിക്കെ കേരളത്തിൽ ആദ്യമായി ഒരു ബ്രേക്ക് ഡാൻസ് മത്സരം അഖിലകേരളതലത്തിൽ സംഘടിപ്പിച്ചു. 1989 ഫെബ്രുവരി അഞ്ചിനാണ് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ കേരളത്തിലെ ആദ്യ ആൾ കേരള ബ്രേക്ക് ഡാൻസ് മത്സരത്തിന് വേദിയൊരുങ്ങിയത്.
കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള ബ്രേക്ക്ഡാൻസ് പ്രേമികളും നർത്തകരും മത്സരം കാണാനും മത്സരിക്കാനുമെത്തിയിരുന്നതായി അധ്യാപകനും പഴയ ബ്രേക്ക് ഡാൻസ് നർത്തകനുമായ ഫേവർ ഫ്രാൻസിസ് ഓർക്കുന്നു.

മത്സരം തുടങ്ങുന്പോൾ അകത്തുകടക്കാൻ ടിക്കറ്റു കിട്ടാതെ നിരവധി ചെറുപ്പക്കാരാണ് സ്റ്റേഡിയത്തിനു പുറത്ത് കാത്തുനിന്നിരുന്നത്. അങ്ങിനെ മത്സരം തുടങ്ങി. അന്നത്തെ സൗണ്ട് ബോക്സുകളുടെ പരമാവധി ശേഷിയിൽ പാട്ടുകളുടെ ശബ്ദം മുഴങ്ങി.
സ്റ്റേജിൽ കയറിയവരെല്ലാം ആടിത്തിമർത്തു. ഒന്നിനൊന്ന് മെച്ചം. പത്താം ചെസ്റ്റ് നന്പറായി സ്റ്റേജിലെത്തിയത് അന്നത്തെ ബ്രേക്ക്ഡാൻസർമാരിലെ സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിച്ച തൃശൂരിന്റെ ഷെൽട്ടനായിരുന്നു.
ഷെൽട്ടൻ സ്റ്റേജിലേക്ക് കയറിയപ്പോൾ കടലിൽ നിന്നുയർന്നെത്തുന്ന തിരമാലകൾ പോലെ കൈയടികളും ആർപ്പുവിളികളും വേദിയിലേക്കലച്ചു കയറി.
ഷെൽട്ടൻ...ആടിത്തിമർത്തു...അരങ്ങു തകർത്തു...ഷെൽട്ടൻ സ്റ്റേജിൽ കയറുന്പോൾ തുടങ്ങിയ കൈയടികളും ആർപ്പുവിളികളും തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് പോലെ കൂടിക്കൂടി വന്നു...അവസാനം നിലയ്ക്കാത്ത കരഘോഷങ്ങളുടെ കൂട്ടപ്പൊരിച്ചിൽ.. സ്റ്റേജിൽ നിന്നിറങ്ങിയ ഷെൽട്ടനെ നിലംതൊടീക്കാതെ വാരിയെടുത്തുകൊണ്ടുപോയി ആരാധകക്കൂട്ടം.
പിന്നീട് മത്സരഫലം പ്രഖ്യാപിച്ചപ്പോൾ പ്രതീക്ഷിച്ചിരുന്ന പോലെത്തന്നെ ഒന്നാം സ്ഥാനം തൃശൂരിന്റെ മഠത്തിപ്പറന്പിൽ ഷെൽട്ടന്. വിധികർത്താക്കൾ എല്ലാവരും ഷെൽട്ടന് മാർക്കിട്ടത് പത്തിൽ പത്തായിരുന്നുവത്രെ.
അങ്ങിനെ പ്രഥമ ഓൾ കേരള ബ്രേക്ക്ഡാൻസ് മത്സരത്തിൽ ഫുൾ എ പ്ലസും അടിച്ചെടുത്ത് താരങ്ങളിൽ താരമായ ഷെൽട്ടൻ കേരളമൊട്ടാകെ താരമായി. പതിനാറാം വയസിൽ തുടങ്ങിയ ബ്രേക്ക് ഡാൻസിനോടുള്ള അടങ്ങാത്ത ഇഷ്ടം ഇപ്പോഴും ഇടനെഞ്ചിലുണ്ട് ഷെൽട്ടന്...
മൂണ്‍വാക്ക് എന്ന സിനിമയുടെ ശിൽപികൾ കേരളമൊട്ടാകെയുള്ള ആദ്യകാല ബ്രേക്ക്ഡാൻസുകാരെ തപ്പിയിറങ്ങിയപ്പോൾ തൃശൂരിലെ ഷെൽട്ടണെ ഒഴിവാക്കാൻ അവർക്കാകുമായിരുന്നില്ല. മഠത്തിപ്പറന്പിൽ ദേവസി മകൻ ഷെൽട്ടൻ എന്ന ആ പുലിയില്ലാതെ ബ്രേക്ക് ഡാൻസിന്റെ എന്ത് ചരിത്രം...?
ബ്രേക്ക് ഡാൻസിന് കേരളത്തിൽ പ്രചാരം കൂടിവന്നതോടെ ഷെൽട്ടനും തിരക്കേറി. ബ്രേക്ക് ഡാൻസ് പഠനത്തിൽ ഗുരു സുഹൃത്തുകൂടിയായ നിക്സണായിരുന്നു. നിക്സന്റെ വീട്ടിലെ ആ പഴയ വിസിആറിൽ കാസറ്റുകളിട്ട് കണ്ടാണ് ഷെൽട്ടൻ ബ്രേക്ക് ഡാൻസിൽ ഹരിശ്രീകുറിച്ച് ചുവടുകൾ വച്ചത്.
ബ്രേക്ക്ഡാൻസ് പരിപാടി ക്ലിക്കായതോടെ നിക്സനും ഷെൽട്ടണും കൂടെ മെയ്സണ്‍, ശിവദാസ്, പ്രവീണ്‍ എന്നിവർ ചേർന്നൊരു ടീമുണ്ടാക്കി. റോക്ക് ബോയ്സ് എന്നായിരുന്നു ബ്രേക്ക് ഡാൻസ് ടീമിന്റെ പേര്.
കേരളമൊട്ടുക്കും ഇവർ ആടിത്തിമർത്തു. റോക്ക്ബോയ്സ് എന്ന യഥാർഥ പേരിനേക്കാൾ ഈ ടീം അറിയപ്പെട്ടത് ഷെൽട്ടൻ ആന്റ് പാർട്ടി എന്നും ഷെൽട്ടന്റെ ടീമെന്നുമൊക്കെയായിരുന്നു.
സാന്പത്തികമായി മെച്ചമുണ്ടായിരുന്നില്ലെങ്കിലും ഷെൽട്ടനും കൂട്ടരും കിട്ടിയ സ്റ്റേജിലെല്ലാം കസറി. തുച്ഛമായ പ്രതിഫലം മാത്രമാണ് മിക്കയിടത്തുനിന്നും കിട്ടിയത്. ചിലയിടത്തു നിന്നും ഒന്നും തന്നെ കിട്ടിയിരുന്നില്ല.
പക്ഷേ അവർ തങ്ങളുടെ കലയെ അവതരിപ്പിക്കാൻ കാശിനു വേണ്ടി കാത്തുനിന്നില്ല. തൃശൂരിൽ അക്കാലത്ത് ഏത് പരിപാടിക്കും ഷെൽട്ടന്റേയും ടീമിന്റെയും ബ്രേക്ക് ഡാൻസ് മസ്റ്റായിരുന്നുവെന്ന് ഫേവർ ഓർക്കുന്നു.
കേരളത്തിലെ മറ്റു ബ്രേക്ക് ഡാൻസ് സംഘങ്ങൾക്ക് എന്നും അത്ഭുതം കലർന്ന ആദരവായിരുന്നു ഷെൽട്ടനോടും ടീമിനോടും. മത്സരങ്ങൾക്ക് ഷെൽട്ടനുണ്ടങ്കിൽ തങ്ങളല്ലെന്ന് പരസ്യമായി പറഞ്ഞ ബ്രേക്ക് ഡാൻസ് സംഘങ്ങളുണ്ട്.
പേടിച്ചിട്ടില്ല, ഷെൽട്ടനോടും ടീമിനോടും മുട്ടി ജയിക്കാൻ പറ്റില്ല എന്നുറപ്പുള്ളതുകൊണ്ടാണ് അന്ന് മറ്റു ടീമുകൾ പിൻമാറിയിരുന്നത്. ശരിക്കും ഷെൽട്ടൻ ആൻഡ് ടീമിന്റെ അശ്വമേധം.
ആദ്യമായി ഓൾ കേരള ബ്രേക്ക്ഡാൻസ് മത്സരത്തിൽ ഒന്നാം സ്ഥാനം അടിച്ച അതേ വേദിയിൽ 1989 ഏപ്രിൽ 14ന് ഗോവ സിൻഡിക്കേറ്റ് എന്ന പാശ്ചാത്യ ബാൻഡിനൊപ്പം എത്തിയ ഗോവൻ ഡാൻസേഴ്സിന്റെ ബ്രേക്ക്ഡാൻസ് ടീം തൃശൂർക്കാർക്കും ബ്രേക്ക് ഡാൻസ് ആരാധകർക്കും മുന്നിൽ ചുവടുവെച്ചാടി.
കാണാൻ ഗാലറിയിൽ ഷെൽട്ടനുമുണ്ട്. പാട്ടുകൾ മുറുകി ഹരം കയറിയപ്പോൾ ഗാലറി വിട്ടിറങ്ങിയ ഷെൽട്ടൻ താഴെയിറങ്ങി രണ്ടു സ്റ്റെപ്പിട്ടു. അതോടെ കാണികളുടെ ശ്രദ്ധ സ്റ്റേജിൽ നിന്ന് ഗാലറിക്കു താഴെയായി. ഷെൽട്ടൻ എന്നാർത്തുവിളിച്ച് കാണികൾ അയാൾക്കു ചുറ്റും പൊതിയുന്നത് കണ്ട് ഗോവൻ ഡാൻസർമാർ അന്തം വിട്ടു.
..ന്തൂട്ട് ഡാൻസാടാ നീയൊക്കെ ആടണത്...ഇത് നോക്കടാ...മ്മടെ ഷെൽട്ടന്റെ സ്റ്റെപ്സ് - ഷെൽട്ടനൊപ്പം ചുവടുവെച്ച തൃശൂർക്കാരൻ ലോനപ്പേട്ടൻ ഗോവക്കാരോടു പറഞ്ഞു. ഷെൽട്ടണ്‍ അടങ്ങിയൊതുങ്ങിയിരിക്കണമെന്നും സംഘാടകർ പറഞ്ഞത്രെ.
അതുപ്രകാരം ഷെൽട്ടണ്‍ തിരികെ ഗാലറിയിൽ പോയിരുന്നെങ്കിലും വീണ്ടും ആരാധകർ ഷെൽട്ടനെ നിർബന്ധിച്ച് താഴെയിറക്കി കളിപ്പിച്ചപ്പോൾ ഒടുവിൽ പോലീസ് ഇടപെട്ട് ഷെൽട്ടണെ മടക്കി അയച്ചതുമെല്ലാം തൃശൂരിലെ ബ്രേക്ക് ഡാൻസ് ആരാധകർ ഇപ്പോഴും മറക്കാത്ത ഷെൽട്ടൺ കഥകൾ....
കുന്പളങ്ങിക്കാരൻ ദേവസിക്കും ഫോർട്ട് കൊച്ചി സ്വദേശിനി ഗ്രേസിക്കും പിറന്ന ഷെൽട്ടൻ തൃശൂർ ചേറൂരിലാണ് വളർന്നത്. ബ്രേക്ക്ഡാൻസിൽ പത്തിൽ പത്തുമാർക്കും നേടിയ ഷെൽട്ടൻ പക്ഷേ പത്താം ക്ലാസിൽ തോറ്റതോടെ പഠിപ്പുനിർത്തി.
നിക്സന്റെ വീട്ടിലെ പഴയ വിസിആറിൽ 1984ൽ അമേരിക്കയിൽ റിലീസ് ആയ ബ്രേക്കിംഗ് അഥവാ ബ്രേക്ക് ഡാൻസ് എന്ന സിനിമ എത്രയോ തവണ ആവർത്തിച്ചാവർത്തിച്ചു കണ്ടാണ് ബ്രേക്ക് ഡാൻസ് പഠിക്കുന്നത്.
ഗുരു നിക്സനൊപ്പമാണ് ആദ്യമായി 1986ലെ ഒരു ക്രിസ്മസ് രാത്രിയിൽ കോലഴിയിൽ ഒരു ക്ലബിന്റെ ആഘോഷപരിപാടിക്ക് സ്റ്റേജിൽ കയറി ബ്രേക്ക് ഡാൻസ് കളിക്കുന്നതും.
കേരളത്തിൽ അന്ന് പലയിടത്തും ബ്രേക്ക് ഡാൻസ് സംഘങ്ങൾ ഉണ്ടായിരുന്നുവെന്നും തിരുവനന്തപുരത്ത് ഫുട്ലൂസേഴ്സ് ബാബുവും സജീഷും, തൃശൂരിൽ നിക്സണും ഷെൽട്ടണും മെയ്സണും പ്രവീണും ശിവദാസും റിച്ചിയും ജേ ബോയും, സജിയും കൊച്ചിയിൽ ജോണ്‍സണും സംഘവും തുടങ്ങി പലയിടത്തും ടീമുകൾ ഉണ്ടായിരുന്നതായി ഫേവർ ഫ്രാൻസിസ് ഓർക്കുന്നു.
ഷെൽട്ടൻ ഇപ്പോൾ.....
കേരളത്തിൽ ബ്രേക്ക് ഡാൻസിന് ഡിമാന്റിലാതായതും പെട്ടന്നായിരുന്നു. സിനിമാറ്റിക് ഡാൻസ് വ്യാപകമായതോടെ ആർക്കും ബ്രേക്ക് ഡാൻസിനോട് താത്പര്യമില്ലാതായി. അതോടെ ഷെൽട്ടനും താൽക്കാലികമായിട്ടാണെങ്കിലും ബ്രേക്ക് ഡാൻസിന് ബ്രേക്കിടേണ്ടി വന്നു.
ജീവിതം ബ്രേക്കിടാതെ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഷെൽട്ടൻ കൈയിൽ പെയിന്റിംഗ് ബ്രഷെടുത്തു. അനുജൻ നെൽസണുമൊത്തെ ഷെൽട്ടൻ പെന്റിംഗ് പണി തുടങ്ങി.
2001 ൽ ഷീനയെ വിവാഹം കഴിച്ച ഷെൽട്ടണ്‍ രണ്ടു ആണ് മക്കളാണ്. മൂത്ത മകൻ ഗാറ്റ്ലിൻ ഡാൻസിൽ തല്പരനാണ്, ഒപ്പം ഡ്രംസിൽ ഡി സോണ്‍ വിജയിയുമാണ്. ഇളയ മകൻ ഏണസ്റ്റിന് നൃത്തക്കന്പം കുറവാണ്.
ബ്രേക്ക് ഡാൻസ് ഒരിക്കലും തന്നിൽ നിന്ന് ഇല്ലാതാകില്ലെന്ന് ഷെൽട്ടൻ തറപ്പിച്ചു പറയുന്നു. മൂണ്വാക്കിനു വേണ്ടിയും ചില വീഡിയോ ഇന്റർവ്യൂകൾക്കു വേണ്ടിയും വീണ്ടും തന്റെ പ്രസിദ്ധമായ ബ്രേക്ക് ഡാൻസ് ചുവടുകളെ പൊടിതട്ടിയെടുത്തപ്പോൾ അത് തനിക്കും കണ്ടുനിന്നവർക്കും ബോധ്യമായെന്ന് ഷെൽട്ടൻ പറയുന്നു.
മൂണ്‍വാക്ക് റിലീസ് ചെയ്യുന്നതോടെ കേരളത്തിൽ വീണ്ടും ബ്രേക്ക് ഡാൻസിന് ഡിമാന്‍ഡ് കൂടുമെന്ന് കരുതാം.