Kerala
ആലപ്പുഴ: ഗവർണർ പദവിയൊഴിഞ്ഞ ശേഷം മുൻ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള വീണ്ടും അഭിഭാഷക വേഷത്തിൽ കോടതിയിലെത്തി. എസ്ഡിപിഐ നേതാവ് കെ.എസ്. ഷാൻ കൊല്ലപ്പെട്ട കേസിലെ പ്രതികൾക്ക് വേണ്ടി വാദിക്കാനാണ് അദ്ദേഹം ആലപ്പുഴ സെഷൻസ് കോടതിയിൽ ഹാജരായത്. പ്രമുഖ അഭിഭാഷകൻ ബി. രാമൻപിള്ളയും ഓൺലൈൻ മുഖേന കേസിലെ വിസ്താരത്തിൽ പങ്കുചേർന്നു.
11 ആർഎസ്എസ്, ബിജെപി പ്രവർത്തകരാണ് കേസിലെ പ്രതികൾ. വെള്ളിയാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ വിസ്താര നടപടികൾ നീണ്ടുനിന്നു. ഗവർണർ പദവി ഒഴിഞ്ഞ ശേഷം വീണ്ടും അഭിഭാഷക വൃത്തിയിലേക്ക് മടങ്ങിവരുന്ന രാജ്യത്തെ ആദ്യത്തെ വ്യക്തിയാണ് താനെന്ന് ശ്രീധരൻപിള്ള പ്രതികരിച്ചു.
പദവിയിൽ നിന്ന് മാറിയതിന് ശേഷം ചില കേസുകളിൽ വക്കാലത്ത് ഏറ്റെടുത്തിരുന്നെങ്കിലും, വിസ്താരത്തിനായി നേരിട്ട് കോടതിയിലെത്തുന്നത് ഇതാദ്യമായാണ്. ഗവർണറായിരുന്ന കാലത്തും തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അഭിഭാഷകവൃത്തിയാണെന്ന് വ്യക്തമാക്കിയിരുന്നതായും, ആ ഇഷ്ടമാണ് തന്നെ വീണ്ടും കോടതി മുറിയിലേക്ക് എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019 മുതൽ 2021 വരെ മിസോറം ഗവർണറായും, തുടർന്ന് 2021 മുതൽ 2025 വരെ ഗോവ ഗവർണറായും സേവനമനുഷ്ഠിച്ച ശ്രീധരൻപിള്ള 2019-ന് ശേഷമാണ് വീണ്ടും കോടതിയിൽ ഹാജരാകുന്നത്. സജീവ രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം തന്നെ നിയമരംഗത്തും തിളങ്ങിയ അദ്ദേഹം 12 കേസുകളിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ കേന്ദ്രസർക്കാരിന്റെയും സിബിഐയുടെയും ഹൈക്കോടതി സ്റ്റാൻഡിംഗ് കൗൺസിൽ, കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡന്റ് എന്നീ സുപ്രധാന പദവികളും വഹിച്ചിട്ടുണ്ട്.
Kerala
കൊച്ചി: കോൺഗ്രസുമായി അകന്നെങ്കിലും സോണിയ ഗാന്ധിയോടുള്ള വ്യക്തിബന്ധത്തിനും ആദരവിനും ഇപ്പോഴും മാറ്റമില്ലെന്നും എന്നാൽ പാർട്ടിയിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ലെന്നും മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ്. സോണിയ ഗാന്ധിയുടെ ആത്മകഥ വായിച്ച അനുഭവം പങ്കുവെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. രാഹുൽ ഗാന്ധിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് കോൺഗ്രസ് വിടാൻ കാരണമായതെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
എന്ത് തെറ്റിന്റെ പേരിലാണ് തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതെന്ന് ഇന്നും അറിയില്ലെന്ന് . എഐസിസി അംഗമായിരുന്നിട്ടും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ അടുത്ത സുഹൃത്തായ പി.ടി. തോമസിന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ ഉത്തരവാദിത്തപ്പെട്ടവർ അനുവദിച്ചില്ല. അപ്പോഴാണ് പാർട്ടിയിൽ തനിക്കുള്ള സ്ഥാനം മനസിലായത്.
തന്നെ മാറ്റേണ്ടതില്ലായിരുന്നുവെന്ന് പല മുതിർന്ന നേതാക്കളും സുഹൃത്തുക്കളും പിന്നീട് പറഞ്ഞിട്ടുണ്ട്. നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്നും, ആ പ്രതിസന്ധി ഘട്ടത്തിൽ തണലായി നിന്നത് ഇടതുപക്ഷ പ്രസ്ഥാനവും സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനുമാണെന്നും കെ.വി. തോമസ് വ്യക്തമാക്കി.
സോണിയ ഗാന്ധിയുടെ ആത്മകഥയിലൂടെയുള്ള യാത്ര ഹൃദ്യമായ അനുഭവമായിരുന്നുവെന്ന് കെ.വി. തോമസ് കുറിച്ചു. ഇന്ദിരാഗാന്ധിയുടെ മടിയിലിരുന്ന് ഭക്ഷണം കഴിക്കുന്നതടക്കമുള്ള കുടുംബജീവിതത്തിലെ രംഗങ്ങൾ വായിക്കുമ്പോൾ സ്നേഹസമ്പന്നമായ ഒരു കുടുംബത്തിന്റെ ചിത്രമാണ് മനസിൽ തെളിയുന്നത്.
സോണിയ ഗാന്ധിയുമായി ഇപ്പോഴും കത്തിടപാടുകളും ബന്ധവും തുടരുന്നുണ്ടെന്നും, പുതിയതായി വാങ്ങിയ അവരുടെ പുസ്തകത്തിൽ ഒപ്പിട്ടുവാങ്ങാൻ ഏൽപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിബന്ധങ്ങൾ നിലനിർത്തുന്നതിൽ സോണിയ ഗാന്ധിക്ക് തുല്യമായി മറ്റാരെയും കണ്ടിട്ടില്ല. എന്നാൽ അവർ നാളെ വിളിച്ചാൽ പോലും കോൺഗ്രസിലേക്ക് മടങ്ങില്ലെന്നും, വിളിച്ചാൽ കാര്യങ്ങൾ തുറന്നുപറയുമെന്നും കെ.വി. തോമസ് വ്യക്തമാക്കി. എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
പാലക്കാട്: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ആറുമാസം കഴിഞ്ഞിട്ടും വ്യക്തമായ മദ്യനയം ആവിഷ്കരിക്കാൻ കഴിഞ്ഞില്ലെന്ന് മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ്. ഈ നയരാഹിത്യം കാരണം മദ്യ മേഖലയിൽ സർവത്ര ആശയക്കുഴപ്പം നിലനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയും ടൂറിസം മന്ത്രിയുമെല്ലാം ഓന്ത് നിറം മാറുന്നതുപോലെയാണ് തങ്ങളുടെ നിലപാടുകൾ ഓരോ ദിവസവും മാറ്റിക്കൊണ്ടിരിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് ഒരു മദ്യനയം ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ ഡ്രൈ ഡേ എടുത്തുകളയണമെന്നാണ് മുഖ്യമന്ത്രി ഇപ്പോൾ ആവശ്യപ്പെടുന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ടൂറിസം ഡയറക്ടർ വിളിച്ച യോഗത്തിൽ ടൂറിസം രംഗത്തെ സംരംഭകർ ഈ ആവശ്യം ഉന്നയിച്ചു.
ആ യോഗത്തിന്റെ മിനുട്സും പൊക്കിപ്പിടിച്ച് ഡ്രൈ ഡേ എടുത്തുകളയാൻ പോകുന്നുവെന്ന് പറഞ്ഞ് അഴിമതി ആരോപണവും നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചവരാണ് ഇവർ. ഇപ്പോൾ എന്തിനുള്ള നീക്കമാണ്? അരങ്ങൊരുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രാജേഷ് പറഞ്ഞു.