പി.എസ്. ശ്രീധരൻപിള്ള അഭിഭാഷക വേഷത്തിൽ
ആലപ്പുഴ: ഗവർണർ പദവിയൊഴിഞ്ഞ ശേഷം മുൻ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള വീണ്ടും അഭിഭാഷക വേഷത്തിൽ കോടതിയിലെത്തി. എസ്ഡിപിഐ നേതാവ് കെ.എസ്. ഷാൻ കൊല്ലപ്പെട്ട കേസിലെ പ്രതികൾക്ക് വേണ്ടി വാദിക്കാനാണ് അദ്ദേഹം ആലപ്പുഴ സെഷൻസ് കോടതിയിൽ ഹാജരായത്. പ്രമുഖ അഭിഭാഷകൻ ബി. രാമൻപിള്ളയും ഓൺലൈൻ മുഖേന കേസിലെ വിസ്താരത്തിൽ പങ്കുചേർന്നു.
11 ആർഎസ്എസ്, ബിജെപി പ്രവർത്തകരാണ് കേസിലെ പ്രതികൾ. വെള്ളിയാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ വിസ്താര നടപടികൾ നീണ്ടുനിന്നു. ഗവർണർ പദവി ഒഴിഞ്ഞ ശേഷം വീണ്ടും അഭിഭാഷക വൃത്തിയിലേക്ക് മടങ്ങിവരുന്ന രാജ്യത്തെ ആദ്യത്തെ വ്യക്തിയാണ് താനെന്ന് ശ്രീധരൻപിള്ള പ്രതികരിച്ചു.
പദവിയിൽ നിന്ന് മാറിയതിന് ശേഷം ചില കേസുകളിൽ വക്കാലത്ത് ഏറ്റെടുത്തിരുന്നെങ്കിലും, വിസ്താരത്തിനായി നേരിട്ട് കോടതിയിലെത്തുന്നത് ഇതാദ്യമായാണ്. ഗവർണറായിരുന്ന കാലത്തും തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അഭിഭാഷകവൃത്തിയാണെന്ന് വ്യക്തമാക്കിയിരുന്നതായും, ആ ഇഷ്ടമാണ് തന്നെ വീണ്ടും കോടതി മുറിയിലേക്ക് എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019 മുതൽ 2021 വരെ മിസോറം ഗവർണറായും, തുടർന്ന് 2021 മുതൽ 2025 വരെ ഗോവ ഗവർണറായും സേവനമനുഷ്ഠിച്ച ശ്രീധരൻപിള്ള 2019-ന് ശേഷമാണ് വീണ്ടും കോടതിയിൽ ഹാജരാകുന്നത്. സജീവ രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം തന്നെ നിയമരംഗത്തും തിളങ്ങിയ അദ്ദേഹം 12 കേസുകളിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ കേന്ദ്രസർക്കാരിന്റെയും സിബിഐയുടെയും ഹൈക്കോടതി സ്റ്റാൻഡിംഗ് കൗൺസിൽ, കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡന്റ് എന്നീ സുപ്രധാന പദവികളും വഹിച്ചിട്ടുണ്ട്.