ബഹറിനിൽ കോട്ടയം സ്വദേശിയായ യുവാവ് കടലിൽ മുങ്ങി മരിച്ചു
Saturday, December 8, 2018 5:27 PM IST
മനാമ: സൗദിയിൽ നിന്നും കുടുംബ സമേതം ബഹറിനിലെത്തിയ പ്രവാസി മലയാളി കടലിൽ മുങ്ങി മരിച്ചു. കോട്ടയം സ്വദേശി മിഷാൽ തോമസ് (37) ആണ് മരിച്ചത്. സൗദി അറേബ്യയിലെ അൽകോബാറിലെ ബിസിനസ് ഗ്രൂപ്പായ ഇറാം ഗ്രൂപ്പിന്‍റെ സംരംഭമായ ജാസ് അറേബ്യയുടെ ഡയറക്ടർ ആണ് മിഷാൽ.

13 പേരടങ്ങുന്ന സുഹൃത്തുക്കൾക്കൊപ്പം കടലിൽ ബോട്ടിംഗ് നടത്തവേ ആയിരുന്നു അന്ത്യം. നീന്തലിനായി ബോട്ട് നിർത്തിയതിനിടെ കൂട്ടുകാരോടൊപ്പം കടലിൽ ഇറങ്ങിയെങ്കിലും തിരികെ കയറാൻ സാധിച്ചില്ല. പവിഴപ്പുറ്റ് കാണാൻ പോയപ്പോൾ അവിടെ കുടുങ്ങിപ്പോയതാണെന്നാണു വിവരം.ബോട്ടിംഗ് സംഘത്തിൽ കുടുംബം ഉണ്ടായിരുന്നില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മൃതദേഹം കിംഗ് ഹമദ് ആശുപത്രിയിൽ പരിശോധനകൾക്കായി സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തീകരിച്ചതിനുശേഷം നാട്ടിലേക്കു കൊണ്ടുപോകും.

മിഷാലിന്‍റെ മാതാപിതാക്കളോടൊപ്പം ഭാര്യയും രണ്ടു കുട്ടികളും ബഹറിനിലുണ്ട്.