പ്രവാസി സംരംഭകർക്കെതിരേയുള്ള നിലപാടിൽ പ്രതിഷേധിച്ച് കുവൈത്തിൽ പ്രതിഷേധക്കൂട്ടായ്മ
Wednesday, July 3, 2019 3:58 PM IST
അബാസിയ, കുവൈത്ത് :പ്രവാസി സംരംഭകരോട് അധികൃതർ കാണിക്കുന്ന അവഗണനക്കെതിരേ കുവൈത്തിൽ പ്രതിഷേധക്കൂട്ടായ്മ. ആന്തൂരിൽ പ്രവാസി മലയാളിയുടെ മരണമുൾപ്പെടെയുള്ള സംഭവങ്ങളാണ് പ്രതിഷേധത്തിനിടയാക്കിയത്.

കോഴിക്കോട് വേങ്ങേരിയിൽ റെജി ഭാസ്കർ 45 ലക്ഷം രൂപ വായ്പയെടുത്ത് ആരംഭിച്ച പദ്ധതി ഡിവൈഎഫ്ഐയുടെ എതിർപ്പു മൂലം മുടങ്ങിയതിനെതിരേയും ആരോപണമുയർന്നു.പ്രവാസി നിക്ഷേപങ്ങൾക്ക് സംരക്ഷണം നൽകേണ്ട സർക്കാരിന് നേതൃത്വം നൽകുന്ന രാഷ്ട്രീയ കക്ഷിയിൽപ്പെട്ടവർ തന്നെ സംരംഭകർക്ക്‌ തടസം നിൽക്കുന്നത് കേരളത്തെ പിന്നോക്കം നടത്തുകയാണെന്നും ആക്ഷേപമുണ്ടായി.

അബാസിയ ഹൈഡൈന്‍ ഹോട്ടലില്‍ നടന്ന ജനകീയ കൂട്ടായ്മയില്‍ നൂറിൽപ്പരം സംഘടനാ പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു. റെജി ഭാസ്‌കര്‍ തന്‍റെ സര്‍വീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വിശദീകരിച്ചു. വിവിധ സംഘടനാ പ്രതിനിധികളും ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ റെജിയുടെ സുഹൃത്തുക്കളും ചേര്‍ന്നതാണ് കമ്മിറ്റി.വിക്ടര്‍ ജോര്‍ജ് മോഡറേറ്റര്‍ ആയ ജനകീയ കൂട്ടായ്മയില്‍ ബിജു തിക്കോടി സ്വാഗതവും രാഗേഷ് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ