ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സഹായവുമായി മനുഷ്യവിഭവ അതോറിറ്റി
Sunday, July 14, 2019 4:56 PM IST
കുവൈത്ത് സിറ്റി : ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷയും അവകാശവും സംരക്ഷിക്കുവാന്‍ മനുഷ്യവിഭവ അതോറിറ്റി സുസജ്ജമാണെന്ന് സാമ്പത്തികകാര്യ മന്ത്രി മറിയം അല്‍ അഖീല്‍ പ്രസ്താവിച്ചു. ഗാര്‍ഹിക മേഖലയില്‍നിന്ന് വരുന്ന നിരന്തര പരാതികളുടെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അവകാശങ്ങള്‍ നല്‍കാത്ത സ്‌പോണ്‍സര്‍മാര്‍ക്കെതിരെയായ പരാതികള്‍ പരിശോധിക്കാനായി സ്‌പെഷ്യല്‍ ടീമിനെ രൂപീകരിച്ചതായും മന്ത്രി പറഞ്ഞു.

വിവിധ വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ ടീം ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനുള്ള നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മറിയം അല്‍ അഖീല്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അവകാശങ്ങള്‍ നല്‍കാത്ത സ്‌പോണ്‍സര്‍മാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മാന്‍പവര്‍ അതോറിറ്റി തീരുമാനിച്ചത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍