പ്രവാസ സമൂഹത്തിന്റെ പങ്കാളിത്തം കൂടുതല്‍ സജീവമാകണം: കെഎംസിസി
Sunday, August 11, 2019 12:52 PM IST
അബുദാബി: നാടനുഭവിക്കുന്ന കൊടും ദുരിതത്തിന്റെ സാഹചര്യത്തില്‍ പ്രവാസ സമൂഹത്തിന്റെ ഇടപെടല്‍ സജീവമായി കാരുണ്യ പ്രവര്‍ത്തനത്തിലുണ്ടാകണമെന്ന് അബുദാബി കെഎംസിസി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ പ്രളയ സമയത്ത് പരമാവധി സഹായമെത്തിക്കാന്‍ പ്രവാസി സമൂഹത്തിനു സാധിച്ചിരുന്നു.ശേഖരിച്ച സാധനങ്ങളുടെയും ഫണ്ടിന്റെയും വിതരണത്തിലുണ്ടായ സര്‍ക്കാരിന്റെ പാകപ്പുഴവുകള്‍ പ്രവാസികളെ പിറകോട്ടടിപ്പിക്കുകയാണ്. എന്നാല്‍ ഇപ്പോഴത് മുഖവിലക്കെടുക്കേണ്ട സമയമല്ലെന്നും പ്രിയപ്പെട്ട നാട്ടുകാരുടെ ദുഖത്തില്‍ പങ്കു ചേര്‍ന്നു മുഴുവന്‍ പ്രവാസികളും സഹായമെത്തിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടാകണമെന്നും കെഎംസിസി നേതാക്കള്‍ ആവശ്യപ്പെട്ടു. കെഎംസിസി യുടെ എല്ലാ ഘടകങ്ങളും പ്രാദേശികമായിത്തന്നെ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.

പ്രളയ ബാധിതര്‍ക്ക് എത്രയും പെട്ടെന്ന് ആവശ്യമുള്ള സാധനങ്ങള്‍ എത്തിക്കുന്നതിനായി അബുദാബി കെഎംസിസി സുമനസ്സുകളില്‍ നിന്നും ലിസ്റ്റ് ചെയ്ത വസ്തുക്കള്‍ ശേഖരിക്കുന്നു. ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഇതിനായി സൗകര്യം ഏര്‍പ്പെടുത്തി.ലക്ഷക്കണക്കിന് ആളുകളും , പതിനായിരക്കണക്കിന് കുടുംബങ്ങളും ദുരിതമനുഭവിച്ചു കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ പ്രവാസ സമൂഹത്തിന്റെ തണലുണ്ടാകണമെന്ന് കെഎംസിസി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

ഓഗസ്റ്റ് 15 നു രാജ്യത്തിന്റെ 73-മത് സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ അബൂദാബി കെഎംസിസി ആചരിക്കുന്നു. അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ സ്വാതന്ത്ര്യ സമരത്തിന്റെ പോരാട്ട ഭൂമികയില്‍ ത്യാഗോജ്വല സംഭവനകളര്‍പ്പിച്ച ധീര ദേശാഭിമാനികള്‍ ചടങ്ങില്‍ സ്മരിക്കപ്പെടും. കൂടാതെ, എഴുപത്തി മൂന്ന് ഇന്ത്യന്‍ നഴ്‌സുമാരെ പരിപാടിയുടെ ഭാഗമായി ആദരിക്കുന്നതാണ്.

2018ല്‍ നിപ്പ രോഗിയെ പരിചരിക്കുന്നതിനിടെ രോഗം പകര്‍ന്നു മരമടഞ്ഞ ആത്മസമര്‍പ്പണത്തിന്റെ ആള്‍ രൂപമായ ലിനി പുതുശേരി യുടെ ഓര്‍മയിലാണ് നഴ്‌സുമാരെ ആദരിക്കുന്നത്. യു.എ.ഇയില്‍ ആതുര ശുശ്രൂഷ രംഗത്തു കാല്‍ നൂറ്റാണ്ടു പൂര്‍ത്തീകരിച്ച നഴ്‌സുമാര്‍ക്കാണ് ഈ അംഗീകാരം സമര്‍പ്പിക്കുന്നത്.ഓഗസ്റ്റ് 15 വ്യാഴാഴ്ച രാത്രി 7.30ന് ആരംഭിക്കുന്ന ചടങ്ങു ഇന്ത്യന്‍ അംബാസിഡര്‍ നവദീപ് സിങ് സൂരി ഉത്ഘാടനം ചെയ്യും. ഡോ.എം.കെ. മുനീര്‍ മുഖ്യാതിഥിയായി സംബന്ധിക്കും. യുഎഇയിലെ ശ്രീലങ്കന്‍ അംബാസിഡര്‍ അഹമ്മദ് ലബ്ബയെ സബറുല്ലഹ് ഖാന്‍, ഇന്തോനേഷ്യന്‍ എംബസി കൗണ്‍സിലര്‍ ഹീറു സെറോസൊ സുദ്രഡ്ജത് എന്നിവര്‍ പ്രത്യേക അതിഥികളായി പങ്കെടുക്കും. പ്രഫ.ഗോപിനാഥ് മുതുകാട് മുഖ്യപ്രഭാഷണം നിര്‍വഹിക്കും.ആരോഗ്യ മേഖലയിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ഉമാ പ്രേമന്‍ ,ചന്ദ്രിക ഡയറക്ടര്‍ മെട്രോ മുഹമ്മദ് ഹാജി എന്നിവരും കൂടാതെ വിവിധ സംഘടനാ പ്രതിനിധികളും, വ്യത്യസ്ത മേഖലയിലുള്ള പ്രമുഖകരും ചടങ്ങില്‍ സംബന്ധിക്കുന്നതാണ്.

പത്ര സമ്മേളനത്തില്‍ പങ്കെടുത്തവര്‍. ഷുക്കൂറലി കല്ലുങ്ങല്‍ (പ്രസിഡന്റ്) , അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി (ജന.സെക്രട്ടറി) പി.കെ. അഹമ്മദ് (ട്രഷറര്‍ ), പിഎ ഹമീദ് കടപ്പുറം അഷ്‌റഫ് പൊന്നാനി (വൈസ് പ്രസിഡന്റ്) മജീദ് അണ്ണാന്‍തൊടി, ഇ.ടി. മുഹമ്മദ് സുനീര്‍ (സെക്രട്ടറി).

റിപ്പോര്‍ട്ട്: അനില്‍ സി ഇടിക്കുള