മരുഭൂമി മനുഷ്യരില്‍ വളര്‍ത്തിയത് ഉദാരതയുടേയും സഹകരണത്തിന്റേയും പാഠങ്ങള്‍: ഷെയ്ഖ്
Sunday, August 11, 2019 12:53 PM IST
അബുദാബി: കാഠിന്യം നിറഞ്ഞ മരുഭൂമിയുടെ അന്തരീക്ഷം മനുഷ്യരില്‍ വളര്‍ത്തിയത് പരസ്പര സഹകരണത്തിന്റെയും ഉദാരത നിറഞ്ഞ പങ്കുവെക്കലിന്റേയുമായിരുന്നവെന്ന് യു എ ഇ സഹിഷ്ണത കാര്യ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ അഭിപ്രായപ്പെട്ടു .

'മരുഭൂമിയുടെ സുവിശേഷം' എന്ന മുഖ്യ ചിന്താവിഷയത്തെ അധികരിച്ച് അബുദാബി മാര്‍ത്തോമാ ഇടവകയില്‍ സംഘടിപ്പിക്കുന്ന ത്രിദിന ഗള്‍ഫ് മാര്‍ത്തോമ്മാ യൂത്ത് കോണ്‍ഫ്രന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഠിന ജീവിതസാഹചര്യങ്ങളെ നേരിട്ട് അവയെ മറികടക്കുന്നതിലൂടെയാണ് യുവജനങ്ങള്‍ കരുത്തുറ്റ ജീവിതത്തെ കരുപ്പിടിക്കേണ്ടത് .

യുഎഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ അടക്കമുള്ള പൂര്‍വ്വ പിതാക്കള്‍ പകര്‍ന്നു തന്ന കാതലായ ജീവിതമൂല്യങ്ങളില്‍ അധിഷ്ഠിതമായ സഹവര്‍ത്തിത്വത്തിന്റെ മാതൃകയാണ് സഹിഷ്ണത വര്‍ഷത്തിലൂടെ ലോകജനതക്കു മുന്‍പില്‍ അവതരിപ്പിക്കുന്നത് . 'യു എ ഇ എല്ലാവരുടേതുമാണ് .എല്ലാവരുടേതും എന്ന് ഞാന്‍ പറയുമ്പോള്‍ അത് അക്ഷരാത്ഥത്തില്‍ എല്ലാവരുടേതുമാണ്' ഷെയ്ഖ് നഹ്യാന്‍ പ്രഖ്യാപിച്ചു .

സാങ്കേതിക വിദ്യയുടെ വളര്‍ച്ചയിലൂടെയല്ല പെരുമാറ്റത്തിലെ വൈശിഷ്ട്യത്തിലൂടെയാണ് യഥാര്‍ത്ഥ മനുഷ്യന്‍ രൂപപ്പെടുന്നത്. മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമാ അധ്യക്ഷത വഹിച്ചു . പ്രകൃതിയില്‍ കാണുന്നത് ദൈവത്തിന്റെ സുന്ദര മുഖച്ഛായയാണെന്നും അതിനെ വിരൂപമാക്കാന്‍ മനുഷ്യന് അധികാരം ഇല്ലെന്നും , വികസനങ്ങള്‍ മനുഷ്യരുടെ മാത്രമല്ല സകല ജീവജാലങ്ങളുടെയും സമഗ്ര വികസനം ലക്ഷ്യമിട്ടാകണമെന്നും മെത്രാപ്പോലീത്ത ഉത്‌ബോധിപ്പിച്ചു .

യുഎഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ഷെയ്ഖ് അലി അല്‍ ഹാഷ്മി , യുവജനസഖ്യം കേന്ദ്ര പ്രസിഡന്റ് ഡോ തോമസ് മാര്‍ തീത്തോസ് , ബിഷപ് മൈക്കിള്‍ അഗസ്റ്റിന്‍ , യൂത്ത് കോണ്‍ഫ്രന്‍സ് ചെയര്‍മാന്‍ റവ.ബാബു പി കുലത്താക്കല്‍ , വൈസ് ചെയര്‍മാന്‍ റവ ബിജു സി പി , ജനറല്‍ കണ്‍വീനര്‍ ബോബി ജേക്കബ് , ഇടവക സെക്രട്ടറി സുജിത് മാത്യു വര്‍ഗീസ് ,പ്രോഗ്രാം കണ്‍വീനര്‍ സുനില്‍ ജോണ്‍ സാമുവേല്‍ ,യുവജനസഖ്യം കേന്ദ്ര സെക്രട്ടറി റവ.ജോണ്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു. സുവനീറിന്റെ പ്രകാശനകര്‍മ്മം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി നിര്‍വഹിച്ചു.

ജിസിസി രാജ്യങ്ങളിലെ 18 ഇടവകകളില്‍ നിന്നുള്ള ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന ഇരുപതാമത് യുവജന സമ്മേളനത്തില്‍ പത്മശ്രീ സുനിത കൃഷ്ണന്‍ , റവ . മോത്തി വര്‍ക്കി , ജോസഫ് അന്നക്കുട്ടി ജോസ് എന്നിവര്‍ നേതൃത്വം നല്‍കും .

റിപ്പോര്‍ട്ട്: അനില്‍ സി ഇടിക്കുള