ത്യാഗത്തിനും ദുരന്ത ഭൂമിയിലെ അതിജീവനത്തിനും വേണ്ടിയുള്ള ആഹ്വാനത്തിലൂടെ ബലിപെരുന്നാൾ
Monday, August 12, 2019 8:15 PM IST
കുവൈത്ത് : ഭൗതികമായ പ്രലോഭനങ്ങളിൽ വശംവദരാകാതെ ഈശ്വര നിർദ്ദേശങ്ങൾക്കുമുന്പിൽ സർവതും ത്യജിക്കാനും ത്യാഗ നിർഭരമായ മഹദ് ജീവിതങ്ങളുടെ പുനർവായനയാണ് ബലിപെരുന്നാളെന്ന് ഖത്തീബുമാർ സൂചിപ്പിച്ചു.

കേരളത്തിൽ തുടർച്ചയായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിൽ പതറാതെ ബലിപെരുന്നാളിന്‍റെ സന്ദേശമായ ത്യാഗത്തിന്‍റേയും അതിജീവനത്തിന്‍റേയും മാതൃകാ പുരുഷനായ ഇബ്രാഹിം നബിയുടെ ജീവിത സ്മരണയിൽ വലിയ പാഠമുണ്ടെന്ന് പെരുന്നാൽ ഖുതുബയിൽ ഖതീബുമാർ വിശദീകരിച്ചു.

കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിന്‍റെ കീഴില്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്‍റ്ര്‍ കുവൈത്തിലെ വിവിധ പള്ളികളില്‍ ബലി പെരുന്നാള്‍ നമസ്കാരവും മലയാളത്തിൽ ഖുതുബയും സംഘടിപ്പിച്ചു.

ജഹ്റയിലെ അല്‍ മുഹ്തസിം പള്ളിയിലെ പെരുന്നാള്‍ നമസ്കാരത്തിനും ഖുതുബയ്ക്കും ഇന്ത്യന്‍ ഇസ് ലാഹി സെന്‍റര്‍ കേന്ദ്ര ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സിദ്ധീഖ് മദനി നേതൃത്വം നല്‍കി. സാല്‍മിയയിലെ മസ്ജിദ് മുഹമ്മദ് അബ്ദുള്ള അല്‍വുഹൈബില്‍ മുഹമ്മദ് അരിപ്രയും മങ്കഫിലെ ഫാത്വിമ അല്‍ അജ്മി മസ്ജിദില്‍ അബ്ദുന്നാസര്‍ മൗലവിയും സബാഹിയ തിഫ്ല അസഹബി പള്ളിയില്‍ മുഹമ്മദ് ശരീഫ് അല്‍ അസ്ഹരിയും മഹ്ബൂല നാസര്‍ സ്പോര്‍ട്സ് ക്യാമ്പ് പള്ളിയില്‍ സയ്യിദ് അബ്ദുറഹിമാന്‍ തങ്ങളും നമസ്കാരത്തിനും ഖുതുബയ്ക്കും നേതൃത്വം നൽകി. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ