കല കുവൈറ്റ് നേതാക്കൾ മുഖ്യമന്ത്രിയെ സന്ദർശിച്ചു
Saturday, August 17, 2019 6:59 PM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് നേതാക്കൾ മുഖ്യമന്ത്രിയെ സന്ദർശിച്ചു. കടുത്ത മഴയെ തുടർന്നു കേരളത്തിലുണ്ടായ പ്രകൃതി ദുരന്തങ്ങളിൽ പെട്ടവർക്ക് ആശ്വാസം പകരുന്നതിനായി കല കുവൈറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യഘട്ടമായി നൽകിയ 10 ലക്ഷം രൂപയുടെ ചെക്ക് നേതാക്കൾ മുഖ്യമന്ത്രിക്ക് കൈമാറി.

കല കുവൈറ്റ് ട്രഷറർ കെവി നിസാർ, ഫഹാഹീൽ മേഖല സെക്രട്ടറി ഷാജു വി. ഹനീഫ്, കേന്ദ്രകമ്മിറ്റി അംഗം എം‌.പി. മുസ്ഫർ, മംഗഫ് ഈസ്റ്റ് യൂണിറ്റ് കൺ‌വീനർ ജയചന്ദ്രൻ എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. കല കുവൈറ്റ് തുടർന്നും ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങളിലേക്ക് തുക സമാഹരിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് കുവൈറ്റ് പ്രവാസി സമൂഹത്തിൽ നേതൃത്വം നൽകുമെന്നും നേതാക്കൾ അറിയിച്ചു.

സംസ്ഥാനം പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളിലെല്ലാം പ്രതിരോധ പ്രവർത്തനങ്ങളിൽ കല കുവൈറ്റിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും തുടർപ്രവർത്തനങ്ങളിൽ മുഴുവൻ പ്രവാസി സമൂഹത്തിന്‍റേയും സഹായ സഹകരണങ്ങൾ ആവശ്യമാണെന്നും മുഖ്യമന്ത്രി കല ഭാരവാഹികളോടു പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ