ചില്ല പ്രതിമാസ വായനാ-സംവാദ പരിപാടി സംഘടിപ്പിച്ചു
Thursday, September 12, 2019 4:42 PM IST
റിയാദ്: "ചില്ല' പ്രതിമാസ വായനാ-സംവാദ പരിപാടി സംഘടിപ്പിച്ചു. ഇന്ത്യ എന്ന ഒരു ജനാധിപത്യ ജനസഞ്ചയത്തിന്‍റെ വഴിമദ്ധ്യേ സർവവിധ അധികാരസന്നാഹങ്ങളുമുള്ള ഇടിവണ്ടിയായി ക്രോസ് ചെയ്യുന്ന സംഘപരിവാർ സർക്കാരിന്‍റെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് തന്ത്രങ്ങളും ഭീഷണികളുമാണ് ചില്ലയുടെ പ്രതിമാസ എന്‍റെ വായന അതിന്‍റെ ഏറ്റവും പുതിയ വേദിയിൽ ചർച്ച ചെയ്തത്.

വസ‌്തുതകളുമായി ബന്ധമില്ലാത്ത നുണകളുടെ നിർമാണവും പ്രചാരവുംവഴി കൃത്രിമമായ അവബോധം നിർമിക്കുകയാണ് സത്യാനന്തര രാഷ്ട്രീയം ചെയ്യുന്നതതെന്നും പൗരന്മാരുടെ ആഹാരം, വസ്ത്രം, വിശ്വാസം എന്നിവയെ മാത്രമല്ല, ബൗദ്ധിക-സാംസ്കാരിക മേഖലകളെയെല്ലാം അത് അപകടത്തിലാക്കുകയാണ്. ഇന്ത്യൻ ഇന്‍റലിജൻഷ്യയുടെ അടയാളങ്ങളിൽ ഒന്നായ വിഖ്യാത ചരിത്രകാരി റൊമീള ഥാപറിനോട് ജെഎൻയു അധികാരികൾ ബയോഡാറ്റ ആവശ്യപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേരുന്നു. കശ്മീർ കമ്പിച്ചുറ്റുകൾക്കിടയിലാണ്. അസമിൽ പത്തൊമ്പതു ലക്ഷത്തിലേറെ ജനങ്ങൾ കോൺസട്രേഷൻ ക്യാമ്പിലേക്ക് എടുത്തെറിയപ്പെടാൻ പോകുകയാണ്. അടിസ്ഥാനപ്രശ്നങ്ങളിൽ യോജിപ്പോടെ മുന്നേറാൻ സാദ്ധ്യതയില്ലെങ്കിൽ ഇന്ത്യൻ സമൂഹത്തെ അനുദിനം ഭയം വിഴുങ്ങിക്കൊണ്ടിരിക്കുമെന്ന് ചർച്ചയിൽ പങ്കെടുത്തവരെല്ലാം അഭിപ്രായപ്പെട്ടു.

"എന്‍റെ വായന' സെഷനിൽ സുധ മൂർത്തിയുടെ 'വൈസ് ആൻഡ് അദർവൈസ്' എന്ന പുസ്തകത്തിന്‍റെ വായനാനുഭവം നടത്തിക്കൊണ്ട് സുരേഷ് കൂവോട് പരിപാടിക്ക് തുടക്കം കുറിച്ചു. മറ്റു പുസ്തകങ്ങൾ എം ഫൈസൽ (വിപി സിംഗിന്‍റെ കവിതകൾ), ബീന (ഓർമ്മച്ചിപ്പ് - കെ.വി പ്രവീൺ ), ഇഖ്ബാൽ കൊടുങ്ങല്ലൂർ (സാമൂഹ്യരേഖ - രാഹുൽ സാംകൃത്യായൻ) എന്നിവർ അവതരിപ്പിച്ചു. സുരേഷ് ലാൽ, കൊമ്പൻ മൂസ, സജിത്ത് കെ പി, ഹരികൃഷ്ണൻ കെ പി, ലീന സുരേഷ്, സുനിൽ, വിനയൻ, അബ്ദുൾറസാഖ് മുണ്ടേരി, നൗഷാദ് കോർമത്ത് എന്നിവർ സംസാരിച്ചു.