സെന്‍റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ നവംബർ 8 ന്
Friday, September 13, 2019 9:30 PM IST
കുവൈത്ത്: സെന്‍റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ നവംബർ 8 ന് (വെള്ളി) നടക്കും. കൊയ്ത്തുപെരുന്നാളിന്‍റെ ലോഗോ, റാഫിൾ കൂപ്പൺ പ്രകാശനം വികാരി ഫാ. ജോൺ ജേക്കബ് നിർവഹിച്ചു. ഇടവക ട്രസ്റ്റി സന്തോഷ് മാത്യു , സെക്രട്ടറി ജോർജ് പാപ്പച്ചൻ എന്നിവർക്കൊപ്പം ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

ഇടവകാംഗവും കമ്മിറ്റി മെമ്പറുമായ ബിനു കാലായിൽ ഡിസൈൻ ചെയ്ത കൂപ്പൺ കമ്മിറ്റിയിൽ കൂപ്പണിന്‍റെ ചുമതല വഹിക്കുന്ന ഷാജി വർഗീസ് വികാരിക്കും വികാരി തുടർന്നു ട്രസ്റ്റിക്കും സെക്രട്ടറിക്കും നൽകി പ്രകാശനം നിർവഹിച്ചു.

കൂപ്പണിന്‍റെ ആദ്യ വില്പന ഇടവക ട്രസ്റ്റിക്കു നല്കി വികാരി നിർവഹിച്ചു. തുടർന്നു വികാരി തന്‍റെ ദശാംശം ഷാജി വർഗീസിനു നൽകി കൊയ്തുപെരുന്നാളിന്‍റെ തുടക്കം കൂടുതൽ അർത്ഥവത്താക്കി മാറ്റി.

അബാസിയ ഇന്‍റഗ്രേറ്റഡ്‌ ഇന്ത്യൻ സ്കൂളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവലിൽ രുചികരമായ വിഭവങ്ങൾ നിറഞ്ഞ സ്റ്റാളുകൾ, അനുഗ്രഹീതനായ കലാകാരന്മാർ പങ്കെടുക്കുന്ന കലാപരിപാടികൾ, നിരവധി സമ്മാനങ്ങൾ എന്നിങ്ങനെ വിവിധ രീതിയിൽ മികച്ചതാക്കുവാൻ വികാരിയുടെ നേതൃത്വത്തിൽ ഇടവക മാനേജിംഗ് കമ്മിറ്റി പ്രവർത്തിക്കുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ