ഇ.ടി. മുഹമ്മദ് ബഷീർ എംപി ദമാം സൗദി ഇന്ത്യൻ ഇസ് ലാഹി സെന്‍റർ സന്ദർശിച്ചു
Wednesday, October 16, 2019 5:41 PM IST
ദമാം: ഹൃസ്വ സന്ദർശനാർഥം സൗദിയിലെത്തിയ ഇ.ടി. മുഹമ്മദ് ബഷീർ എംപി ദമാം സൗദി ഇന്ത്യൻ ഇസ് ലാഹി സെന്‍റർ സന്ദർശിച്ചു. സിഎച്ച് മുഹമ്മദ് കോയ സമഗ്ര സേവാ പുരസ്കാരം നേടിയ മുസ് ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ , സാജിദ് നടുവണ്ണൂർ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു.

മുസ് ലിം സമുദായത്തിനുള്ള പൊതു ഇടമാണ് മുസ് ലിം ലീഗ് , അവർക്കിടയിൽ ഉടലെടുക്കുന്ന ഏത് അനൈക്യവും ലീഗിനെ വേദനിപ്പിക്കും . പരസ്പര ബഹുമാനത്തോടെ പക്ഷം പിടിക്കാതെ ലീഗ് എക്കാലവും സമുദായ ഐക്യത്തിന് മുന്നിട്ടിറങ്ങിയിട്ടുണ്ട് . വർത്തമാന ഇന്ത്യയുടെ രാഷ്ട്രീയം വെല്ലുവിളി നിറഞ്ഞതാണ് . ഈ സാഹചര്യങ്ങളിൽ ന്യൂനപക്ഷങ്ങളുടെ അത്താണിയാകുവാനും ശബ്ദമാകുവാനും ലീഗിന് സാധിച്ചിട്ടുണ്ട് . രാജ്യത്തെ പൗരൻമാർക്ക് മതമുണ്ടെങ്കിലും സ്റ്റേറ്റിന് മതമില്ല . എന്നാൽ ചിലർ അധികാരത്തിന്‍റെ മറവിൽ ഏക മതം ,ഏക ഭാഷ , ഏക സംസ്കാരം എന്നതിലേക്ക് സാംസ്കാരിക വൈവിദ്ധ്യങ്ങളുടെ ഈറ്റില്ലമായ ഇന്ത്യയെ ചുരിട്ടി കെട്ടാൻ പണിയെടുക്കുന്നതിനെ കരുതി ഇരിക്കണമെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.

ചിന്താധാരയിലെ വീക്ഷണ വ്യത്യാസങ്ങൾക്കിടയിലും സമുദായ പുരോഗതിക്കുവേണ്ടി ഒന്നിച്ചിരുന്നു പണിയെടുക്കുവാൻ പഴയകാല മുസ് ലിം നേതൃത്വത്തിനു യാതൊരു പ്രയാസവുമുണ്ടായിട്ടില്ല . സി.എച്ച് മുഹമ്മദ് കോയ , ബാഫഖി തങ്ങൾ തുടങ്ങിയ ഒട്ടേറെ പണ്ഡിതരും നേതാക്കളും ഈ വിഷയത്തിൽ നമ്മുക്കു മാതൃകകളാണെന്നും സി കെ സുബൈർ ചൂണ്ടിക്കാട്ടി.

ദമാം സൗദി ഇന്ത്യൻ ഇസ് ലാഹി സെന്‍റർ ജാർഗണ്ഡിലെ ചാന്ദ് ഷഹർ ഗ്രാമത്തിൽ ആരംഭിച്ചി വില്ലേജ് പ്രോജക്ട് അവസാനഘട്ടത്തിലാണെന്നും ആ ഗ്രാമത്തിന് വെളിച്ചമാകുവാൻ ഈ പദ്ധതിക്ക് കഴിയെട്ടെയെന്നും അധ്യക്ഷ പ്രസംഗത്തിൽ സെന്‍റർ പ്രസിഡന്‍റ് യൂസുഫ് തോട്ടശേരി പ്രത്യാശ പ്രകടിപ്പിച്ചു .

ജനാധിപത്യ രാജ്യങ്ങളിലെ ഉദാത്തമായ നന്മകളെ സ്വാംശീകരിച്ച് രൂപം നല്‍കിയ ഇന്ത്യൻ ഭരണഘടനയില്‍ നിന്ന് മതേതര മഹിത മൂല്യങ്ങൾ സ്ഥായിയായി വിപാടനം ചെയ്യാന്‍ ഒരു തരത്തിലുള്ള ഭിന്നിപ്പിന്‍റെ വക്താക്കള്‍ക്കും സാധ്യമല്ലെന്ന് കോഴിക്കോട് ജില്ലാ മുസ് ലിം യൂത്ത് ലീഗ് പ്രസിഡന്‍റ് സാജിദ് നടുവണ്ണൂര്‍ പറഞ്ഞു.

പിന്നോക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളെ വൈജ്ഞാനികപരമായും സാമൂഹികപരമായും ഉന്നതിയില്‍ എത്തിക്കാന്‍ മതസംഘടനകള്‍ക്ക് സങ്കുചിത താത്പര്യങ്ങള്‍ മാറ്റിവച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന് മുഹമ്മദ് നജാത്തി ഓര്‍മിപ്പിച്ചു .

കെഎംസിസി നേതാക്കളായ സക്കീര്‍ അഹ്മദ്, മുഹമ്മദ് കുട്ടി കോഡൂര്‍, ആലിക്കുട്ടി ഒളവട്ടൂര്‍, ശരീഫ്, ഡോ.അബ്ദുല്‍ സലാം കണ്ണിയന്‍ , മാമുനിസാര്‍ , റഹ്മാന്‍ കാരയാട് , ഒ.പി ഹബീബ് ബാലുശേരി, മഹ്മൂദ് പൂക്കാട്, ഫൈസൽ കൊടുമ, ശിറാഫ് മൂലാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇസ് ലാഹി സെന്‍റർ പ്രസിഡന്‍റ് യൂസുഫ് തോട്ടശേരിയുടെ അധ്യക്ഷതയില്‍ നടന്ന സ്വീകരണയോഗത്തിന് സെക്രട്ടറി നസറുള്ള സ്വാഗതവും അൻസാർ കടലുണ്ടി നന്ദി പറഞ്ഞു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം