ജുബൈലിലെ ലേബർ ക്യാമ്പിൽ ഐഎംസിസി സഹായമെത്തിച്ചു
Monday, October 21, 2019 7:53 PM IST
ജുബൈൽ: തൊഴിൽ പ്രതിസന്ധി കാരണം ഒരു വർഷത്തോളമായി ശമ്പളമില്ലാതെ കഴിയുന്ന ജൂബൈലിലെ സ്വകാര്യ ആസ്ഫാൾട്ടിംഗ് കമ്പനിയുടെ ലേബർ ക്യാമ്പിലെ നൂറിലേറെ വരുന്ന വിദേശ തൊഴിലാളികൾക്ക് ജുബൈൽ ഐഎംസിസി യൂണിറ്റ് ഭക്ഷണ സാധനങ്ങളടങ്ങുന്ന കിറ്റുകൾ എത്തിച്ചു നൽകി.

വിവിധ സംസ്ഥാനക്കാരായ ഇന്ത്യക്കാരും ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്ഥാൻ സ്വദേശികളും ഉൾക്കൊള്ളുന്ന ക്യാമ്പിലെ ഭൂരിഭാഗം തൊഴിലാളികളുടേയും താമസ രേഖയുടെ കാലാവധി അവസാനിച്ചിട്ടുണ്ട്. മുടങ്ങിയ ശമ്പളത്തിനും ദീർഘ കാലത്തെ സേവന ആനുകൂല്യങ്ങൾക്കുമായി ലേബർ കോടതിയിൽ നൽകിയ പരാതിയിൽ അനുകൂല വിധി ലഭ്യമാക്കുന്നതിനായി എംബസി അധികൃതരുടെ കനിവ് കാത്തിരിക്കുകയാണ് തൊഴിലാളികൾ.

ഇന്ത്യൻ സർക്കാരിന്‍റേയും എംബസിയുടേയും ഉദാസീനതയിൽ മറ്റുപല ലേബർ ക്യാമ്പുകളിലേയും പോലെ ഇവിടെയും തൊഴിലാളികൾ നാഥനില്ലാത്ത അവസ്ഥയിലാണെന്ന് ഐഎംസിസി കുറ്റപ്പെടുത്തി. നിലവിൽ ഇവർക്കാവശ്യമായ സഹായമെത്തിച്ചുകൊണ്ടിരിക്കുന്ന ജുബൈലിലെ വിവിധ മലയാളി സംഘടനകേളയും സ്ഥാപനങ്ങളേയും കമ്മറ്റി അഭിനന്ദിച്ചു.

ജുബൈൽ ഐഎംസിസി സമാഹരിച്ച, അരിയും പലവ്യഞ്‌ജനങ്ങളുമുൾപ്പെടുന്ന കിറ്റുകൾ ഭാരവാഹികളായ അബ്ദുൽ കരീം പയമ്പ്ര, ഓസി. നവാഫ് എന്നിവർ ചേർന്ന് തൊഴിലാളികൾക്ക് കൈമാറി. സാമൂഹ്യ പ്രവർത്തകരായ നൂഹ് പാപ്പിനിശേരി, നിഷാന്ത് കൊടമന, സൗദി ഐഎംസിസി ഭാരവാഹികളായ ഹനീഫ് അറബി, മുഫീദ് കൂരിയാടൻ എന്നിവർ തൊഴിലാളികളോട് സംസാരിച്ചു. തൊഴിലാളികളുടെ പ്രതിനിധി വിജയൻ പാട്ടാക്കര സ്വാഗതവും ഐഎംസിസി യൂണിറ്റ് സെക്രട്ടറി ഹംസ കാട്ടിൽ നന്ദിയും പറഞ്ഞു. പ്രവിശ്യ കമ്മറ്റി ഭാരവാഹികളായ അബ്ദുൽ റസാഖ് പടനിലം, ഖലീൽ ചട്ടഞ്ചാൽ, റാഷിദ് കോട്ടപ്പുറം, ഹാരിസ് ഏര്യാപാടി എന്നിവരും സന്നിഹിതരായി. ജുബൈൽ യൂണിറ്റ് ഭാരവാഹികളായ നവാസ് ഇരിക്കൂർ, അസ്‌കർ വള്ളിക്കുന്ന്, ജലീൽ കരീറ്റിപ്പറമ്പ്, അസ്‌കർ ഇരിക്കൂർ, ബഷീർ ഉൾപ്പടെയുള്ളവർ നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം