നാലാമത് കെഇഎ കമ്യൂണിറ്റി അവാർഡ് യഹ്യ തളങ്കരയ്ക്ക്
Wednesday, November 6, 2019 3:16 PM IST
കുവൈത്ത് സിറ്റി: നാലാമത് കാസർഗോഡ് അസോസിയേഷൻ കമ്യൂണിറ്റി
അവാർഡ് യഹ്യ തളങ്കരയ്ക്ക് സമ്മാനിക്കും. നവംബർ 15 ന് അബാസിയ സെൻട്രൽ സ്കൂളിൽ നടക്കുന്ന കാസർഗോഡ് ഉത്സവത്തോടനുബന്ധിച്ച് അവാർഡ് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കാസർഗോഡിന്‍റെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ അറിയപ്പെടുന്ന സാന്നിധ്യമാണ് യഹ്‌യ തളങ്കര. ഇന്ത്യയിലും യുഎഇയിലും സൗദി അറേബ്യയിലും പടർന്നുപന്തലിച്ച വെൽഫിറ്റ് ഗ്രൂപ്പിന്‍റെ ചെയർമാനായ അദ്ദേഹം, ദുബായിലെ ടി ഉബൈദ് ഫൗണ്ടേഷൻ ചെയർമാനായും യുഎഇ കെഎംസിസിയുടെ വൈസ് ചെയർമാനായും മാലിക് ദീനാർ ഇസ് ലാമിക് അക്കാഡമിയുടെ പ്രസിഡന്‍റായും ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ ഗവൺമെന്‍റ് മുസ് ലീം ഹൈസ്കൂൾ പ്രസിഡന്‍റായും പുലിക്കോട്ടിൽ ഹൈദർ സ്മാരക കേന്ദ്രം ട്രസ്റ്റി മെമ്പറായും പ്രവർത്തിക്കുന്നു. കേരള സഹൃദയ അവാർഡ് തിരുവനന്തപുരം ,മാപ്പിള സോംഗ് ലവേഴ്സ് അസോസിയേഷൻ അവാർഡ് കോഴിക്കോട് ,ഇശൽ മാല മാപ്പിളകലാ അക്കാദമിയുടെ ടി ഉബൈദ് അവാർഡ് എന്നീ പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

സാംസ്കാരിക രംഗങ്ങളിലെ പ്രവർത്തനങ്ങളും സഹജീവി സ്നേഹത്തോടെയുള്ള ജീവ കാരുണ്യ പ്രവർത്തനങ്ങളുമാണ് യഹ്യ തളങ്കരയ്ക്ക് അവാർഡ് നൽകുവാൻ തീരുമാനിച്ചതെന്ന് അവാർഡ് കമ്മിറ്റി അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ