പൗരത്വ ഭേദഗതി; ഇന്ത്യയുടെ സാംസ്കാരിക അടിത്തറക്ക് മുറിവേൽപ്പിക്കുന്നത്
Friday, December 13, 2019 3:34 PM IST
അബുദാബി: മതേതര ഭാരതത്തിൽ നൂറ്റാണ്ടുകളായി നില നിൽക്കുന്ന സാംസ്കാരിക അടിത്തറയെ തകർക്കാൻ ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങൾ നശിപ്പിച്ച് പൗരത്വ ഭേദഗതി നടപ്പിൽ വരുത്തുന്ന കേന്ദ്ര സർക്കാർ തീരുമാനത്തിൽ അബുദാബി ഇന്ത്യൻ ഇസ് ലാമിക് സെന്‍റർ പ്രവർത്തക സമിതി യോഗം പ്രതിഷേധിച്ചു.

രാജ്യത്ത് പുതുതായി ഒരു നിയമം ഉണ്ടാക്കുമ്പോൾ ഒരു മതത്തെ മാത്രം ഒഴിവാക്കുന്ന തീരുമാനം പ്രതിഷേധാർഹമാണ്. പ്രതിപക്ഷ കക്ഷികളുടെ ശക്തമായ പ്രതിഷേധവും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കത്തിയെരിയുന്ന രോഷവും ഇന്ത്യയുടെ മഹത്തായ ആത്മാവിന് മുറിവേൽപ്പിച്ചുവെന്നാണ് ലോകത്തോട് വിളിച്ച് പറയുന്നതെന്നും അതിനാൽ പൗരത്വ ഭേദഗതി എടുത്തു കളയണമെന്നും യോഗം അഭ്യർഥിച്ചു.

ആക്ടിംഗ് പ്രസിഡന്‍റ് ടി.കെ. അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.പി.എം റഷീദ് സ്വാഗതം പറഞ്ഞു. ഭാരവാഹികളായ ഹംസ നടുവിൽ , അഡ്വ. കെ.വി മുഹമ്മദ് കുഞ്ഞി ,അബ്ദുള്ള നദ് വി , പി.കെ. കരീം ഹാജി, അസീസ് കാളിയാടൻ, കബീർ ഹുദവി, എം. കുഞ്ഞിമുഹമ്മദ് , ബി.സി. അബുബക്കർ , റസാഖ് അത്തോളി , മൻസൂർ മൂപ്പൻ , മുജീബ് മൊഗ്രാൽ ,അഹമ്മദ് കുട്ടി ,ഹാരിസ് ബാഖവി , ഖാദർ ഒളവട്ടൂർ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: അനില്‍ സി. ഇടിക്കുള