മലയാളം മിഷനു റിയാദിൽ തുടക്കം
Saturday, December 14, 2019 6:06 PM IST
റിയാദ്: ലോകമെമ്പാടും മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി കേരള സർക്കാർ സംരംഭമായ മലയാളം മിഷന് റിയാദിൽ തുടക്കം. സാംസ്കാരിക-സാമൂഹ്യരംഗത്തെ നിരവധിപേർ പങ്കെടുത്ത പരിപാടി സൗദി കിഴക്കൻ പ്രവിശ്യാ മലയാളം മിഷൻ കോഓർഡിനേറ്റർ ഷാഹിദ ഷാനവാസ് ഉദ്ഘാടനം ചെയ്തു.

ഭാഷ കേവലം ആശയവിനിമയത്തിനുള്ള ഉപകരണം എന്ന രീതിയിൽ നിന്നുമാറി നമ്മുടെ സംസ്കാരമാണെന്നും സമൂഹവുമായുള്ള സംവേദിക്കലാണെന്നും മനസിലാക്കി വളരാൻ കുട്ടികളെ പ്രാപ്തരക്കണമെന്ന് ഷാഹിദ ഷാനവാസ് പറഞ്ഞു. ഭാഷയിലൂടെ സംസ്കാരത്തെയും സമൂഹത്തെയും അറിയാനും ഉൾക്കൊള്ളാനും സഹായിക്കുക എന്നതായിരിക്കണം നമ്മുടെ ദൗത്യം. പരസ്പരം ഉൾക്കൊള്ളാനും സഹജീവിയെ കരുതലോടെ ചേർത്തു പിടിക്കാനും കുഞ്ഞുങ്ങളെ പ്രാപ്തരാക്കാൻ ഭാഷയിലൂടെ കഴിയണമെന്നും ഷാഹിദ കൂട്ടിച്ചേർത്തു.

ഇരുപത്തിയഞ്ച് അംഗങ്ങൾ ഉൾപ്പെടുന്ന റിയാദ് മേഖലാ സമിതിയെ യോഗം തെരഞ്ഞെടുത്തു. നൗഷാദ് കോര്‍മത്ത് (കോഓർഡിനേറ്റര്‍), സുനില്‍ സുകുമാരന്‍ (പ്രസിഡന്‍റ്), എം ഫൈസല്‍ (വൈസ് പ്രസിഡന്‍റ്), സീബ കൂവോട് (സെക്രട്ടറി), സുരേഷ് ലാല്‍ (ജോയിന്‍റ് സെക്രട്ടറി), സുരേഷ് കൂവോട് (ട്രഷറര്‍) എന്നിവർ ഭാരവാഹികളായും നജിം കൊച്ചുകലുങ്ക്, വി.ജെ. നസറുദീന്‍, ബീന, ലീന കോടിയത്ത്, വിദ്യ ബി, ഷക്കീല വഹാബ്, സജിത്ത് പരപ്പനങ്ങാടി, മുനീർ കൊടുങ്ങല്ലൂർ, മുഹമ്മദ് ഷഫീഖ് പി.കെ, റഫീഖ് പന്നിയങ്കര, ഇസ്മയില്‍ എരുമേലി, അരുണ്‍ കുമാര്‍, സലിം മാഹി, സുധീര്‍ കുമ്മിള്‍, ഫെമിന്‍ ഇഖ്ബാല്‍, നിഖില സമീര്‍, ഷഫീഖ് തലശേരി, അഷ്‌റഫ്‌ കൊടിഞ്ഞി, ആയിശ റസൂല്‍ സലാം എന്നിവർ സമിതി അംഗങ്ങളായും പ്രവർത്തിക്കും.

ജയചന്ദ്രൻ നെരുവമ്പ്രം മുഖ്യപ്രഭാഷണം നടത്തി. നൗഷാദ് കോർമത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സൗദി മലയാളം മിഷൻ ഡയറക്ടർ കെ.പി.എം സാദിഖ് , റിയാദിലെ മലയാളി സംഘടനകളുടെ പൊതുവേദിയായ എൻആർകെ ഫോറം ചെയർമാൻ അഷ്‌റഫ് വടക്കേവിള, റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്‍റ് വി.ജെ. നസറുദ്ദീൻ, എം. ഫൈസൽ, റഫീഖ് പന്നിയങ്കര, സുലൈമാൻ ഊരകം, നജിം കൊച്ചുകലുങ്ക്, ലീന കോടിയത്ത്, മുനീർ കൊടുങ്ങല്ലൂർ, ഫെമിൻ ഇഖ്ബാൽ, നാസർ കാരന്തൂർ, നാസർ കാരക്കുന്ന് എന്നിവർ സംസാരിച്ചു. സീബ കൂവോട് സ്വാഗതവും സുരേഷ് ലാൽ നന്ദിയും പറഞ്ഞു.