പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു
Wednesday, January 8, 2020 2:57 PM IST
മനാമ: പൗരത്വ ഭേതഗതി നിയമത്തിനെതിരെ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതിഷേധ സര്‍ഗ സായാഹ്നം പരിപാടി സംഘടിപ്പിച്ചു. സര്‍ഗസംഗമം സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദലി മലപ്പുറം ഉദ്ഘാടനം ചെയ്തു. എന്‍.ആര്‍.സിയും എന്‍.പി.ആറും തമ്മില്‍ ബന്ധമില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം കളവാണ്. രണ്ടായിരത്തി പതിനാല് ജൂലൈയില്‍ രാജ്യസഭയില്‍ അന്നത്തെ ആഭ്യന്തര സഹമന്ത്രി നല്‍കിയ വിശദീകരണത്തില്‍ എന്‍.പി.ആറില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി വ്യക്തിയുടെ പൗരത്വ സ്ഥിതി പരിശോധിച്ച് എന്‍.ആര്‍.സി തയാറാക്കുമെന്നാണ് പറഞ്ഞത്. മതത്തിന്റെയും വംശത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേതഗതി നിയമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിശിഷ്ടാതിഥിയായി സദസിനെ അഭിസംബോധന ചെയ്ത ജെ. എന്‍. യു. വിദ്യാര്‍ത്ഥിനി ഹുദ ശരീഫ് ജെ. എന്‍. യുവിലും ജാമിഅഃ മില്ലിയയിലും നടന്ന പ്രക്ഷോഭ മുഹൂര്‍ത്തങ്ങളെ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു.

സാമൂഹിക പ്രവര്‍ത്തകരായ ഷെമിലി പി ജോണ്‍, നിസാര്‍ കൊല്ലം, പങ്കജ് നാഭന്‍, ഒഐസിസി പ്രസിഡന്റ് ബിനു കുന്നന്താനം, പ്രേരണ പ്രസിഡന്റ് രാജന്‍ പയ്യോളി, കെ സി എ പ്രസിഡന്റ് സേവി മാത്തുണ്ണി, യൂത്ത് ഇന്ത്യാ പ്രധിനിധി യൂനുസ് സലിം, ആപ് പ്രതിനിധി വിനു ക്രിസ്റ്റി, സോഷ്യല്‍ വെല്‍ഫയര്‍ പ്രധിനിധി ജമീല അബ്ദുല്‍ റഹ്മാന്‍, മാധ്യമ പ്രവര്‍ത്തകരായ ഷമീര്‍ മുഹമ്മദ്, ഷാഫി , സിറാജ് പള്ളിക്കര എന്നിവര്‍ സദസ്സിനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

സമാന്തരമായി നടന്ന പ്രതിഷേധ വര മാധ്യമ പ്രവര്‍ത്തകന്‍ ഷമീര്‍ മുഹമ്മദ് ഉല്‍ഘാടനം ചെയ്തു. ചിത്രകാരന്മാരായ വിനു രഞ്ജു , നിശിദ ഫാരിസ് , ഷെറി ഷൗക്കത്ത് , ഷെഫീല യാസിര്‍, ഫെമീന ഷഫീര്‍ , സനല്‍ കിടഞ്ഞി, ഷിബു ഗുരുവായൂര്‍, സല്‍മസജീബ്, നിഹാല്‍ എന്നിവര്‍ വരകളിലൂടെ അവരുടെ പ്രതിഷേധം രേഖപ്പെടുത്തി. ഷിഫ ശാഹുല്‍, സഫ ശാഹുല്‍, ലിയ ഹഖ്, ഹൈഫ ഹഖ് എന്നിവര്‍ ഒരുക്കിയ കൊളാഷ് പ്രദര്‍ശനവുമുണ്ടായിരുന്നു.

സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.കെ സലീം ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖം വായനക്ക് നേതൃത്വം നല്‍കി. ജന്നത്ത് നൗഫല്‍, മിന്നത്ത് നൗഫല്‍, യൂനുസ് സലിം, സിറാജ് പള്ളിക്കര, നൗഷാദ്, മുഹമ്മദ് എറിയാട് എന്നിവര്‍ പ്രതിഷേധ ഗാനങ്ങളും ദിയ നസീം , തമന്ന നസീം , മര്‍വ , തഹിയ്യ ഫാറൂഖ് എന്നിവര്‍ ചേര്‍ന്ന് ദേശീയ ഗാനവും ആലപിച്ചു. ഫാത്തിമ ഷാന, മുസ്തഫ, ഹസന്‍, നൗമല്‍ എന്നിവര്‍ ആസാദി മുദ്രാവാക്യം വിളികള്‍ക്ക് നേതൃത്വം നല്‍കി. ഷരീഫ് കൊടുങ്ങല്ലൂര്‍, കെ.കെ മുനീര്‍ , ഫസലുര്‍റഹ്മാന്‍ എന്നിവര്‍ നിയന്ത്രിച്ച പരിപാടിക്ക് ബദറുദ്ദീന്‍ പൂവാര്‍ സ്വാഗതവും റഷീദ സുബൈര്‍ നന്ദിയും പറഞ്ഞു.