ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ ഉന്നതവിദ്യാഭ്യാസമേള സംഘടിപ്പിക്കുന്നു
Thursday, January 16, 2020 7:32 PM IST
കുവൈത്ത് സിറ്റി: ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ കുവൈറ്റ് (സീനിയര്‍ സാല്‍മിയ) തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഉന്നതവിദ്യാഭ്യാസമേള സംഘടിപ്പിക്കുന്നു. ജനുവരി 17, 18 (വെള്ളി, ശനി) തീയതികളിലാണ് മേള.

കുവൈത്തില്‍ പഠിക്കുന്ന 9, 10, 11, 12 ക്ലാസുകളിലെ ഇന്ത്യന്‍ കുട്ടികള്‍ക്കായി, ഇന്ത്യന്‍ - വിദേശ തൊഴില്‍ മേഖലകളിലെ വിപ്ലവകരമായ മാറ്റങ്ങള്‍ പരിചയപ്പെടുത്തുകയും ഓരോരുത്തര്‍ക്കും അനുയോജ്യമായ തൊഴില്‍മേഖല കണ്ടെത്തി അവസരങ്ങള്‍ തുറക്കുകയും ചെയ്യുന്ന വിപുലമായ തുടര്‍ വിദ്യാഭ്യാസ തൊഴില്‍ പരിചയ മേളയെന്നതലത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഇന്ത്യയില്‍ നിന്നുമെത്തിയ വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ നടത്തുന്ന അഭിരുചി പരീക്ഷ, തുടര്‍ന്നു വ്യക്തിഗത മുഖാമുഖം, തുടര്‍വിദ്യാഭ്യാസ - തൊഴിലധിഷ്ഠിത സെമിനാറുകള്‍, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും യൂണിവേഴ്‌സിറ്റികളുടെയും പ്രതിനിധികളുമായി സംവേദനം, പ്രവേശന പ്രക്രിയയുടെ പ്രാഥമിക നടപടികള്‍ തുടങ്ങിയവയ്ക്കും അവസരം ഒരുക്കിയിട്ടുണ്ട്.

മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ ആദ്യമായി റൂര്‍ക്കി ഐഐടി യിലെയും ന്യൂഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയിലെയും ഡയറക്ടര്‍മാര്‍ നേരിട്ടു നയിക്കുന്ന പ്രത്യേക സെഷനുകളും മേളയുടെ ഭാഗമായിരിക്കും.

30 വര്‍ഷത്തിലേറെയായി തൊഴില്‍ - വിദ്യാഭ്യാസ പണ്ഡിതനും പതിനാറിലധികം കരിയര്‍ ഗൈഡന്‍സ് കൃതികളുടെ രചയിതാവും ഇന്ത്യയില്‍ അറിയപ്പെടുന്ന കരിയര്‍ ഗുരുവുമായ ഡോ. ബി. എസ്. വാരിയര്‍ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ - തൊഴില്‍ സാധ്യതകളെപ്പറ്റിയും ജിഹാദ് യാക്കൂബ് വിദേശങ്ങളില്‍ ലഭ്യമായ തുടര്‍ - ഉന്നതവിദ്യാഭ്യാസ, തൊഴില്‍ അവസരങ്ങളെപ്പറ്റിയും വിവിധ സമയങ്ങളില്‍ സെമിനാറുകള്‍ നയിക്കും.

ഇന്ത്യയുള്‍പ്പെടെ ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍നിന്നും 50 ല്‍പരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സര്‍വകലാശാലകളുടെയും പ്രതിനിധികള്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളുമായി നേരിട്ട് ആശയവിനിമയം ചെയ്യും.

ആധുനിക ലോകത്തെ വളരെവേഗം മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന തൊഴില്‍ - വിജ്ഞാന - വിനോദ - വിദ്യാഭ്യാസ രംഗങ്ങളിലെ പുതിയ സങ്കല്‍പ്പങ്ങളും സങ്കേതങ്ങളും പ്രവണതകളും അതാതുമേഖലകളിലെ വിദഗ്ദ്ധരില്‍നിന്നും നേരിട്ട് അറിയുക വഴി വിദ്യാര്‍ഥികളുടെ ഭാവിരൂപരേഖ തയാറാക്കുന്നതിനും ഓരോരുത്തര്‍ക്കും അനുയോജ്യമായ തൊഴിലിടത്തേക്ക് എത്തിപ്പെടുന്നതിനും ജീവിതവിജയം കൈവരിക്കുന്നതിനും കുവൈത്തിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗദര്‍ശകമാകും മേളയെന്നതില്‍ സംശയമില്ലെന്ന് പ്രിന്‍സിപ്പലും സീനിയര്‍ അഡ്മിനിസ്‌ട്രേറ്ററുമായ ഡോ. ബിനുമോന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ