'നിജസ്ഥിതി' അമേരിക്കന്‍ ഫെസ്റ്റിവലിലേക്ക്
Sunday, January 26, 2020 3:45 PM IST
അബുദബി: ഇന്‍സൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പ് നിര്‍മ്മിച്ച് മേതില്‍ കോമളന്‍കുട്ടി സംവിധാനം ചെയ്ത 'നിജസ്ഥിതി' (റെക്റ്റിറ്റൂഡ്) അമേരിക്കയിലെ ഒര്‍ലാന്‍ഡോവിലെ ഇന്റര്‍നാഷണല്‍ പീസ് ആന്‍ഡ് ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുത്തു. ജനുവരി 30 മുതല്‍ ഫെബ്രുവരി രണ്ടു വരെ ഓര്‍ലാന്‍ഡോവിലെ വൈന്‍ധം റിസോര്‍ട്ടില്‍ നടക്കുന്ന മേളയില്‍ 'നിജസ്ഥിതി' പ്രദര്‍ശിപ്പിക്കും. വിവിധ വിഭാഗങ്ങളിലായി 46 ചിത്രങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഏറ്റവും നല്ല ഹ്രസ്വ ചിത്രം, ഏറ്റവും നല്ല നിശബ്ദ സിനിമ, ഏറ്റവും നല്ല ജൂറി ചിത്രം എന്നീ മത്സര വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 'നിജസ്ഥിതി' മേളയിലേക്കു യുഎഇയില്‍ നിന്ന് തെരഞ്ഞെടുത്ത ഏക ചിത്രമാണ്

ഇതിനോടകം നിരവധി ദേശീയ അന്താരാഷ്ട്രീയ മേളകളില്‍ പങ്കെടുത്തു അംഗീകാരം നേടിയിട്ടുള്ള മൂന്നര മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ' നിജസ്ഥിതി' പൂര്‍ണമായും അബുദബിയില്‍ വെച്ചാണ് ചിത്രീകരിച്ചത്. സ്റ്റീവ് അലക്‌സ്, അരുണ്‍ രാധാകൃഷ്ണന്‍, ചന്ദ്രു ആറ്റിങ്ങല്‍. ഷൈജു വടുവച്ചോല, സി.കെ. രാമകൃഷ്ണന്‍, കെ. വി. വിന്‍സെന്റ്, മാണിക്കോത് മാധവദേവ് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

2018 ലും മേതില്‍ കോമളന്‍കുട്ടിയുടെ 'കൗണ്ട് ഡൌണ്‍ ' എന്ന ഒരു മിനിറ്റ് ചിത്രം ഇതേ മേളയില്‍ പങ്കെടുത്തു നിശബ്ദ സിനിമയുടെ നോമിനേഷന്‍ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രത്യേക ക്ഷണിതാവായി പ്രദര്‍ശനത്തിലും തുടര്‍ന്നുള്ള ഓപ്പണ്‍ ഫോറത്തിലും മേതില്‍ കോമളന്‍കുട്ടി പങ്കെടുക്കും.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള