അറബി ഭാഷ: ആർഐസിസി നിവേദനം നൽകി
Monday, February 24, 2020 9:21 PM IST
റിയാദ്: അറബി ഭാഷാ പഠനത്തെ ഗുരുതരമായി ബാധിക്കുന്ന തരത്തിൽ സംസ്ഥാന സർക്കാർ പുതുതായി കൊണ്ടുവന്ന നിയമങ്ങൾ പിൻവലിക്കാൻ ശക്തമായി ഇടപെടണമെന്ന് റിയാദ് ഇസ് ലാഹി സെന്‍റേഴ്സ് കോഓർഡിനേഷൻ കമ്മിറ്റി (ആർഐസിസി) പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടു.

ഹയർ സെക്കൻഡറിയിൽ 10 വിദ്യാർഥികൾ ഉണ്ടെങ്കിൽ ഒരു അധ്യാപക തസ്തിക അനുവദിക്കണമെന്ന നിലവിലെ നിയമം ഭേദഗതി ചെയ്ത് 25 വിദ്യാർഥികൾ ഉണ്ടെങ്കിലേ തസ്തിക അനുവദിക്കാവൂ എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവിൽ പറയുന്നത്. ഇത് ഒട്ടനവധി അറബി അധ്യാപകർക്ക് ജോലി നഷ്ടപ്പെടാനും അറബി പഠനത്തിൽ നിന്ന് വിദ്യാർഥികൾ പിന്തിരിയാനും കാരണമാകുമെന്ന് ആർ ഐ സി സി നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

പൗരത്വ ഭേദഗതി നിയമത്തിന്‍റെ മറവിൽ രാജ്യത്ത് മുസ് ലിം സ്വത്വം വേട്ടയാടപ്പെടുന്ന സാഹചര്യത്തിൽ അറബി ഭാഷക്കെതിരെ നടക്കുന്ന കുത്സിത നീക്കങ്ങൾ ഭാഷയെ സ്നേഹിക്കുന്നവരെ മുഴുവൻ വേദനിപ്പിക്കുന്നതാണ്. നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷത്തിന്‍റെ ശക്തമായ ഇടപെടൽ ആവശ്യമാണെന്ന് നിവേദനത്തിൽ അഭ്യർഥിച്ചു. വരുന്ന നിയമസഭാ സമ്മേളനത്തിൽ വിഷയം ഗൗരവത്തോടെ ഉന്നയിക്കുമെന്ന് ചെന്നിത്തല വ്യക്തമാക്കി.

ചെയർമാൻ സുഫ്യാൻ അബ്ദുസലാം, അഡ്വ. പി. കെ ഹബീബുറഹ്മാൻ, നബീൽ പയ്യോളി, യാസർ അൽഹികമി, ശിഹാബ് മണ്ണാർക്കാട്, റിയാസ് ചൂരിയോട് എന്നിവരാണ് നിവേദകസംഘത്തിൽ ഉണ്ടായിരുന്നത്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ