പൗരത്വ ഭേദഗതി നിയമം: കേരള മാപ്പിള കലാ അക്കാദമി പ്രതിഷേധ ഇശൽ രാവ് സംഘടിപ്പിച്ചു
Tuesday, February 25, 2020 6:41 PM IST
ജിദ്ദ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ സന്ദേശം നൽകികൊണ്ടുള്ള പാട്ടുകളും പറച്ചിലുകളുമായി കേരള മാപ്പിള കലാ അക്കാദമി ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച പ്രതിഷേധ ഇശൽ രാവ് ശ്രദ്ധേയമായി.

ശറഫിയ്യ എയർലൈൻസ് ഇമ്പാല ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എം.സി ഖമറുദ്ദീൻ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. മതേതര വിശ്വാസികളുടെ എതിർപ്പിനെ മറികടന്ന് ഒരു ഭരണകൂടത്തിനും മുന്നോട്ടു പോകാനാകില്ലെന്നും പൗരത്വ ഭേദഗതി നിയമം സർക്കാരിനു ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഏകാധിപതികളുടെയെല്ലാം അന്ത്യം എങ്ങനെയായിരുന്നുവെന്നത് ചരിത്രമാണ്. പ്രതിഷേധങ്ങളിൽ വൈവിധ്യം അനിവാര്യമാണെന്നും ആശയങ്ങൾ പ്രചരിപ്പിക്കാനും മുദ്രാവാക്യങ്ങൾ മുന്നോട്ട് വയ്ക്കാനും ഏതൊരു കലയും മികച്ച ആയുധങ്ങളാണെന്നും സംഗീതവും മറ്റു കലകലകളുമെല്ലാം എന്നും സ്നേഹത്തിന്‍റേയും സൗഹാർദ്ദത്തിന്‍റേയും ഭാഷയിലാണ് സംവദിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. നല്ലൊരു ഗായകൻ കൂടിയായ അദ്ദേഹം നിരവധി പാട്ടുകൾ പാടിയാണ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്.

കെ.എൻ.എ ലത്തീഫ് അധ്യക്ഷത വഹിച്ചു. യുവപ്രഭാഷകനും ട്രയിനറുമായ റാഷിദ് ഗസാലി മുഖ്യ പ്രഭാഷണം നടത്തി. എല്ലാ മതങ്ങളേയും ഉൾക്കൊള്ളാനുള്ള വിശാല മനസാണ് യഥാർഥ ഹിന്ദു സംസ്കാരമെങ്കിലും ഇത്തരം വിശാല മനസ് ഇല്ലാത്തവരുടെ കൈകളിൽ ഇന്ത്യ രാജ്യത്തിന്‍റെ അധികാരം എത്തിപ്പെട്ടതാണ് ഇന്ന് രാജ്യം അനുഭവിക്കുന്ന ദുരന്തമെന്ന് അദ്ദേഹം പറഞ്ഞു.

അബ്ദുൽ മജീദ് നഹ, ബഷീർ മൂന്നിയൂർ, വി.പി മുസ്തഫ, ഇസ്ഹാഖ് പൂണ്ടോളി, നസീർ വാവക്കുഞ്ഞ്, അബ്ദുള്ള മുക്കണ്ണി, കെ.സി അസീസ് വയനാട്, സീതി തിരൂരങ്ങാടി, സലാഹ് കാരാടൻ, അസീസ് പട്ടാമ്പി, റഹീം ആതവനാട്, മുസ്തഫ തോളൂർ, യൂസഫ് കോട്ട, ഗഫൂർ ചാലിൽ തുടങ്ങിയവർ സംസാരിച്ചു.

ഗായകൻ ജമാൽ പാഷയുടെ നേതൃത്വത്തിൽ നടന്ന ഇശൽ രാവിൽ റഹീം കാക്കൂർ, മുസ്തഫ മേലാറ്റൂർ, സോഫിയ സുനിൽ, മുംതാസ് അബ്ദുറഹിമാൻ, ഖദീജ, മുസ്തഫ മലയിൽ, മുഹമ്മദലി പട്ടാമ്പി, സാബിത് വയനാട്, മൻസൂർ മണ്ണാർക്കാട്, മുജീബ് വയനാട് എന്നിവർ പ്രതിഷേധ ഗാനങ്ങളും കവിതകളുമാലപിച്ചു.

കാലിക്കട്ട് മ്യൂസിക് ലവേഴ്സിന്റെ നേതൃത്വത്തിൽ മൻസൂർ ഫറോക്ക്, കോയ പരപ്പനങ്ങാടി, ഷാജഹാൻ ബാബു, വെബ്സാൻ മനോജ് എന്നിവർ ലൈവ് ഓർക്കസ്ട്ര ഒരുക്കി. റഹൂഫ് തിരുരങ്ങാടി അണിയിച്ചൊരുക്കി കുട്ടികൾ അവതരിപ്പിച്ച കോൽക്കളി, സീനത്ത് സമാൻ കൊറിയോഗ്രഫി നിർവഹിച്ച മതമൈത്രി നൃത്ത ദൃശ്യാവിഷ്കാരം, മറ്റു നടൻ പാട്ടുകൾ എന്നിവ പ്രതിഷേധ ഇശൽ രാവിനു മാറ്റുകൂട്ടി. മുഹ്സിൻ കാളികാവ് സംവിധാനം ചെയ്തവതരിപ്പിച്ച 'കാക്കകൾ' എന്ന നാടകം പൗരത്വ ഭേദഗതി നിയമം കൊണ്ടുണ്ടായേക്കാവുന്ന സാമൂഹ്യ പ്രശ്നങ്ങൾ കൃത്യമായി വരച്ചു കാണിച്ചു. സക്കീന ഓമശേരി, ഷബ്ന മനോജ്, ഡോ ഗുൽനാസ് എന്നിവർ വിവിധ സമ്മാനങ്ങൾ വിതരണം ചെയ്തു. പി.എം.എ ഗഫൂർ, മജീദ് പുകയൂർ, കെ.എം അനീസ്, ഉസ്മാൻ എടത്തിൽ, അബാസ് വേങ്ങൂർ, റഹ്മത്തലി തുറക്കൽ, അഫ്സൽ നാറാത്ത്, ഇല്യാസ് കല്ലിങ്ങൽ, ജുനൈസ് നിലമ്പൂർ, ഹുസൈൻ, കെ.എം ഇർഷാദ്, ഉമർകോയ തുറക്കൽ, മുഹമ്മദ് പെരുമ്പിലായി, നൗഫൽ ഉള്ളാടൻ, ശറഫു വാഴക്കാട് എന്നിവർ നേതൃത്വം നൽകി. മുഷ്താഖ് മധുവായി സ്വാഗതവും ഹസൻ യമഹ നന്ദിയും പറഞ്ഞു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ