അൽ ഐൻ ഓർത്തഡോക്സ് ദേവാലയത്തിലെ പെരുന്നാളിനു കൊടിയേറി
Tuesday, February 25, 2020 8:01 PM IST
അൽ ഐൻ, അബുദാബി: സെന്‍റ് ഡനനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ വട്ടശേരിൽ ഗീവർഗീസ് മാർ ദിവന്നസ്യോസ് തിരുമേനിയുടെ ഓർമപെരുന്നാളിനു ഫെബ്രുവരി 21 നു കൊടിയേറി. വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി ഫാ. തോമസ് ജോൺ മാവേലിൽ പെരുന്നാളിനു തുടക്കം കുറിച്ച് കൊടിയേറ്റു കർമം നിർവഹിച്ചു. ഡോ. ജോർജ് മാത്യു , ഇടവക ട്രസ്റ്റി തോമസ് ഡാനിയേൽ, സെക്രട്ടറി ഫിലിപ്പ് തോമസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

പെരുന്നാളിനോടനുബന്ധിച്ചുള്ള കൺവൻഷൻ ഫെബ്രുവരി 25, 26 (ചൊവ്വ, ബുധൻ) തീയതികളിൽ സന്ധ്യ നമസ്കാരത്തെ തുടർന്നു നടക്കും. ഫാ. ജോജി കുര്യൻ തോമസും ഫാ. ഫിലിപ്പ് തരകൻ തേവലക്കരയും വചന പ്രഘോഷണം നടത്തും.

27 നു (വ്യാഴം) സന്ധ്യാനമസ്കാരത്തെതുടർന്നു ഡൽഹി ഭദ്രാസന മെത്രാപോലീത്ത ഡോ. യൂഹാനോൻ മാർ ദെമത്രിയോസ് അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്നു ആഘോഷമായ പ്രദക്ഷിണം നടക്കും.

സമാപനദിനമായ 28 നു (വെള്ളി) രാവിലെ 8 നു തീർഥാടക സംഘത്തിനു സ്വീകരണം നൽകും. 8.15 നു പ്രഭാത നമസ്കാരവും തുടർന്നു നടക്കുന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനക്ക് ഡോ. യൂഹാനോൻ മാർ ദെമത്രിയോസ് മെത്രാപോലീത്ത മുഖ്യകാർമികത്വം വഹിക്കും. തുടർന്നു ആശിർവാദം, നേർച്ചവിളന്പ്, സ്നേഹവിരുന്ന് എന്നിവ നടക്കും.

റിപ്പോർട്ട്:അനിൽ സി. ഇടിക്കുള