കൊറോണ വ്യാപനം : ഉംറ തീർഥാടകർക്ക് താത്കാലിക നിരോധനം
Friday, February 28, 2020 4:35 PM IST
റിയാദ് : ദേശവും അതിരുകളുമില്ലാതെ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ സൗദി അറേബ്യയും വൈറസിനെ തടയാനുള്ള ശക്തമായ നടപടികൾ പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി മക്കയിലേക്കെത്തുന്ന ഉംറ തീർഥാടകർക്കും മദീന സന്ദർശകർക്കും താത്കാലിക വിലക്കേർപ്പെടുത്തി.

ഉംറ തീർത്ഥാടകർക്ക് പുറമെ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് ടൂറിസ്റ്റ് വീസയിൽ വരുന്നവർക്കും ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് എല്ലാ വിമാന കമ്പനികൾക്കും നിർദ്ദേശം നൽകിയതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത് ഉംറ, ടൂറിസ്റ്റ് വീസയിൽ വരുന്നവർക്ക് മാത്രമാണ് ബാധകമാണെന്നാണ് വിശദീകരണം.

"കോവിഡ് - 19' വൈറസ് അന്‍റാർട്ടിക്ക ഒഴികെയുള്ള എല്ലാ വൻകരകളിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മിക്ക രാജ്യങ്ങളും കൂടുതൽ സുരക്ഷാ നടപടികളിലേക്ക് നീങ്ങുകയാണ്. സൗദിയിൽ ഇതുവരെ ഒരു കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് സൗദി ആരോഗ്യ വകുപ്പ് അറിയിച്ചു. എന്നാൽ ബഹറിൻ, കുവൈത്ത് അടക്കമുള്ള വിവിധ രാജ്യങ്ങളിൽ ഉള്ള സൗദി പൗരന്മാർക്ക് വൈറസ് ബാധയുള്ളതായി സ്ഥിരീകരണം വന്നിട്ടുണ്ട്.

കൊറോണ അപകടകരമായ രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ചൈന, തായ്‌വാൻ, ഹോങ്കോംഗ്, ഇറാൻ, ഇറ്റലി, സൗത്ത് കൊറിയ , മക്കാവു, ജപ്പാൻ, തായ്‌ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാഖ്, ഫിലിപ്പീൻസ്, സിംഗപ്പൂർ, ഇന്ത്യ, ലെബനോൺ, സിറിയ, യെമൻ, അസർബൈജാൻ, കസാഖിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ , സൊമാലിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾക്കാണ് സൗദിയിൽ പ്രവേശനം താത്കാലികമായി നിരോധിച്ചിരിക്കുന്നത് . ഈ രാജ്യങ്ങളിൽ കഴിഞ്ഞ പതിനാല് ദിവസത്തിനുള്ളിൽ സന്ദർശനം നടത്തിയവർക്കും വിലക്കുണ്ടാകുമെന്ന് ചില വിമാനകമ്പനികൾ പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ