ലുലു ഹൈപ്പറില്‍ കൊറോണ വൈറസ് പ്രതിരോധ നടപടികൾ ആരംഭിച്ചു
Wednesday, March 25, 2020 11:53 PM IST
കുവൈത്ത് സിറ്റി: ഗള്‍ഫ് മേഖലയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റായ ലുലു ഹൈപ്പർമാർക്കറ്റില്‍ കൊറോണ വൈറസ് പ്രതിരോധ നടപടികൾ ആരംഭിച്ചു. മഹാമാരിയെ കുറിച്ചുള്ള അവബോധം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന്‍റെ ഭാഗമായി വിവിധ ബോധവല്‍ക്കരണ കാന്പയിനുകളാണ് സംഘടിപ്പിക്കുന്നത്.

ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ആരോഗ്യ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള ആരോഗ്യ, ശുചിത്വ മാനദണ്ഡങ്ങൾ കര്‍ശനമായി പാലിക്കുന്നതായി ലുലു മാനേജ്മെന്‍റ് അറിയിച്ചു. കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി എല്ലാ ശാഖകളിലും ലുലു ഷോപ്പർമാർക്ക് സാനിറ്റൈസറുകളും കൈയുറകളും നൽകുന്നുണ്ട്. അതോടപ്പം ഉപഭോക്താക്കള്‍ക്ക് ആരോഗ്യ പരിരക്ഷ നൽകുന്നതിനായി മുൻ‌ഗണന ഹെല്‍ത്ത് കൗണ്ടറുകളും ആരംഭിച്ചിട്ടുണ്ട്. അതോടപ്പം ചെക്ക് ഔട്ട് കൌണ്ടറുകളില്‍ ഷോപ്പർമാർ ക്യൂ നിൽക്കുമ്പോൾ സാമൂഹിക അകലം പാലിക്കുന്നതിനായുള്ള നടപടികള്‍ രാജ്യത്തെ എല്ലാ ഔട്ട്ലെറ്റുകളിലും നടപ്പാക്കിയിട്ടുണ്ടന്നും ലുലു അധികൃതര്‍ അറിയിച്ചു

അണുബാധയുള്ള സ്ഥലങ്ങളിൽ സ്പർശിക്കുന്നത് സുരക്ഷിതമല്ലന്നതിനാല്‍ എല്ലാ ശാഖകളിലെയും ഷോപ്പിംഗ് ട്രോളി ഹാൻഡിലുകൾ, ബാസ്‌ക്കറ്റുകൾ, ഹാൻഡ്‌റെയിൽസ്, ലിഫ്റ്റുകൾ, ശുചി മുറികൾ എന്നിവയെല്ലാം നിശ്ചിത ഇടവേളകളിൽ തുടർച്ചയായി വൃത്തിയാക്കുന്നുണ്ട്. ഇറച്ചി, മീൻ കൗണ്ടറുകൾ, ഹോട്ട് കിച്ചൻ, ബേക്കറി, സംസ്‌കരിക്കാത്ത ഇറച്ചി,മറ്റ് ഭക്ഷ്യ ഉൽപന്നങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന ജീവനക്കാരോട് നിർബന്ധമായും കൈകൾ വൃത്തിയാക്കണമെന്ന കർശന നിർദേശം നൽകി. ഡ്യൂട്ടിയിൽ പ്രവേശിക്കുമ്പോഴും തിരികെ മടങ്ങുമ്പോഴും എല്ലാ ജീവനക്കാരുടെയും ശരീര ഊഷ്മാവും നിരീക്ഷിക്കുന്നുണ്ട്.

റിപ്പോർട്ട്: സലിം കോട്ടയിൽ