ശമ്പളം നല്‍കാത്ത സ്വകാര്യമേഖലയിലെ തൊഴിലുടമകളുടെ വിഷയം ഗൗരവമായി പരിഗണിക്കുമെന്നു മന്ത്രി
Friday, March 27, 2020 12:23 PM IST
കുവൈറ്റ് സിറ്റി : തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്ത സ്വകാര്യമേഖലയിലെ തൊഴിലുടമകളുടെ വിഷയം ഗൗരവമായി പരിഗണിക്കുമെന്ന് സാമൂഹിക കാര്യമന്ത്രി മറിയം അല്‍ അഖീല്‍ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം കുവൈറ്റ് ടിവിയിലെ പ്രോഗ്രാമിനിടയില്‍ അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. വളരെ ദൗര്‍ഭാഗ്യകരമായ അവസ്ഥയാണിത്. കോവിഡ് ഭീഷണിയുടെ പാശ്ചാത്തലത്തില്‍ രാജ്യത്തെ മിക്ക സ്വകാര്യ കമ്പിനികളിലെ ജീവനക്കാര്‍ക്കും ജോലിക്ക് പോകുവാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത് . കൂടാതെ പൊതു ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയുമാണ്. തൊഴിലാളികള്‍ക്ക് വേതനം നല്‍കാന്‍ തൊഴിലുടമകളെ നിര്‍ബന്ധിക്കാന്‍ മന്ത്രാലയത്തിന് കഴിയും. കുടാതെ കമ്പിനികള്‍ മന്ത്രാലയത്തില്‍ നിക്ഷേപിച്ച ഗ്യാരണ്ടി പണം ഉപയോഗിച്ചും അതാത് കമ്പിനികളിലെ ജീവനക്കാര്‍ക്ക് വേതനം നല്കുവാന്‍ സാധിക്കും. നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ സഹകരണ സംഘങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അതിനിടെ നിയമ ലംഘകര്‍ക്ക് ഒരു തരത്തിലുമുള്ള വിട്ടു വീഴ്ച നല്‍കില്ലെന്നും പിഴ ചുമത്തുമെന്നും മറിയം അല്‍ അഖീല്‍ മുന്നറിയിപ്പ് നല്‍കി.

കര്‍ഫ്യു പോലുള്ള ശക്തമായ നിയന്ത്രണങ്ങള്‍ രാജ്യത്തെ വാണിജ്യ വ്യവസായ മേഖലയെ നന്നായി ബാധിക്കുന്നുണ്ട്. റെസ്റ്റോറന്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളുമാണ് രാജ്യത്ത് ഭാഗികമായെങ്കിലും പ്രവര്‍ത്തിക്കുന്നുള്ളൂ. ചെറുകിട ബിസിനസുകളില്‍ ഉണ്ടാകുന്ന ആഘാതം വളരെ വലുതായിരിക്കും. വാണിജ്യ സ്ഥാപനങ്ങളും കമ്പിനികളുടേയും അടച്ചുപൂട്ടലിലൂടെ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന കഠിനമായ പ്രത്യാഘാതത്തെ മറികടക്കാന്‍ സഹായിക്കുന്ന സാമ്പത്തിക ഉത്തേജക പാക്കേജ് ഉടന്‍ തന്നെ കൊണ്ടുവരും. ഈ വിഷമാവസ്ഥയില്‍ നിന്നും രാജ്യം ഉടന്‍ കരകയരുമെന്നും രാജ്യത്തെ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയുമാണ് മറ്റെന്തിനേക്കാളും പ്രാധാന്യമെന്നും മറിയം അല്‍ അഖീല്‍ പറഞ്ഞു. സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളം നേരത്തെ വിതരണം ചെയ്തിട്ടുണ്ട് അതോടപ്പം രാജ്യത്തെ പൗരന്മാരുടെ ബാങ്ക് വായ്പകള്‍ക്ക് ആറ് മാസത്തെ സാവകാശവും നല്‍കിയതായി മന്ത്രി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍