സൗദിയില്‍ വിമാന സര്‍വീസ് അനിശ്ചിത കാലത്തേക്ക് നിര്‍ത്തി; പൊതു അവധിയും നീട്ടി
Sunday, March 29, 2020 3:41 PM IST
റിയാദ്: കൊവിഡ് 19 വൈറസ് വ്യാപനം അനിയന്ത്രിതമായി പോകവേ സൗദി അറേബ്യ മാര്‍ച്ച് 29 വരെ പ്രഖ്യാപിച്ചിരുന്ന ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ നിരോധന ഉത്തരവ് അനിശ്ചിത കാലത്തേക്ക് നീട്ടി. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള സ്വകാര്യ പൊതുമേഖലാ ഓഫീസുകളുടെ അവധിയും അനിശ്ചിതകാലത്തേക്ക് നീട്ടുന്നതായി ഭരണകൂടം പ്രഖ്യാപിച്ചു. വിവിധ പ്രവിശ്യകളിലായി കൊറോണ വൈറസ് രോഗബാധ ശമനമില്ലാതിരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം. ഇത് വരെയായി 1203 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും അതില്‍ നാലു പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. സൗദിയുടെ പ്രധാനപ്പെട്ട 13 നഗരങ്ങളില്‍ വൈകുന്നേരം ആരംഭിക്കുന്ന കര്‍ഫ്യു കാലത്ത് വരെ നിലനില്‍ക്കുകയാണ്.

രാജ്യത്ത് ഒന്നാകെ പൊതുജീവിതം സതംഭിച്ചിരിക്കയാണ്. പകല്‍ സമയങ്ങളിലും റോഡുകളില്‍ വാഹനങ്ങള്‍ ഓടുകയോ കടകള്‍ തുറക്കുകയോ ചെയ്യുന്നില്ല.

പരിഭ്രാന്തരായ ജനങ്ങളുടെ ഭീതിയകറ്റാനും കഴിയുന്നതും എല്ലാവരും വീടുകളില്‍ തന്നെ കഴിഞ്ഞു കൊണ്ട് സാമൂഹ്യ വ്യാപനം തടയുന്നതിനുള്ള എല്ലാ കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ബോധവത്ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി സൗദി ആരോഗ്യ വകുപ്പും ആഭ്യന്തര വകുപ്പും അറിയിച്ചു. കൊവിഡ് 19 സംബന്ധമായ എല്ലാ സംശയങ്ങള്‍ക്കും രോഗ ലക്ഷണങ്ങള്‍ കാണുന്നവരും ആരോഗ്യ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പറായ 937 ആണ് വിളിക്കേണ്ടത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 14 ലക്ഷം ഫോണ്‍ വിളികളാണ് പൊതുജനങ്ങളില്‍ നിന്നും ഉണ്ടായിരുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഫര്‍മാസികളിലും എല്ലാം കൃത്യമായ അകലം പാലിക്കുകയും മറ്റു ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്യുന്നുണ്ട് എന്ന് അധികൃതര്‍ ഉറപ്പ് വരുത്തുന്നുണ്ട്. ലുലു, നെസ്റ്റോ തുടങ്ങിയ ഇന്ത്യന്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ അടക്കമുള്ളവയെല്ലാം ഓണ്‍ലൈന്‍ സേവങ്ങളും ഹോം ഡെലിവെറിയും പ്രധാനം ചെയ്യുന്നുണ്ട് എന്നത് വലിയ ആശ്വസമാണ്. ഫാര്‍മസികളും ഓണ്‍ലൈന്‍ ബുക്കിംഗ് വഴി ഹോം ഡെലിവറി നല്‍കുന്നുണ്ട്.

റിയാദ്, ജിദ്ദ, ദമ്മാം തുടങ്ങിയ പ്രധാന നഗരങ്ങളടക്കമുള്ള പ്രവിശ്യകളില്‍ നിന്നും മറ്റു പ്രവിശ്യകളിലേക്ക് ആളുകള്‍ യാത്ര ചെയ്യുന്നതും ആഭ്യന്തര മന്ത്രാലയം വിലക്കിയിട്ടുണ്ട്. സൗദിയിലെ ജയിലുകളില്‍ കൃത്യമായ താമസരേഖകള്‍ ഇല്ലാത്തതിന് പിടിയിലായ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. അന്താരാഷ്ട്ര വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ അവരെ സ്വദേശത്തേക്ക് മടക്കി അയക്കുന്നതിന് പ്രയാസമുള്ളതിനാല്‍ സ്വദേശിയുടെയോ സ്‌പോണ്‌സറുടെയോ ജാമ്യത്തില്‍ വിടാനാണ് അധികൃതരുടെ തീരുമാനം. വിമാന സര്‍വീസുകള്‍ ആരംഭിക്കുന്ന മുറക്ക് അവരെ നാട്ടിലേക്ക് കയറ്റി വിടും.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കൊവിഡ് 19 ബാധിച്ചവരുടെ എണ്ണത്തില്‍ ക്രമാധീതമായ വര്‍ദ്ധനവില്ല എന്നത് ആശ്വാസകരമായ വാര്‍ത്തയാണ്. ഇതുവരെയായി രാജ്യത്ത് 37 പേര്‍ക്ക് രോഗം പൂര്‍ണ്ണമായും സുഖപ്പെട്ടു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍