വിദേശികളുടെ ഇഖാമ പുതുക്കൽ സൗജന്യമാക്കി
Sunday, April 5, 2020 7:20 AM IST
റിയാദ്: സൗദി അറേബ്യയിൽ കഴിയുന്ന മുഴുവൻ വിദേശികളുടെയും മൂന്നു മാസത്തിനകം കാലാവധി തീരുന്ന താമസരേഖ (ഇഖാമ) സൗജന്യമായി പുതുക്കി നൽകുന്ന നടപടികൾ സൗദി പാസ്പോര്ട്ട് വിഭാഗം (ജവാസാത്ത്) ആരംഭിച്ചു.

മൂന്നു മാസത്തേക്കാണ് ഇഖാമ സൗജന്യമായി പുതുക്കി നൽകുക. സ്വകാര്യ മേഖലയിലെ സ്ഥാപങ്ങൾക്കും അവിടുത്തെ വിദേശ തൊഴിലാളികൾക്കും കൊറോണ വൈറസ് പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രയാസങ്ങളിൽ ആശ്വസമേകുന്നതിനായി സൽമാൻ രാജാവ് പ്രഖ്യാപിച്ച ഇളവുകളുടെ ഭാഗമായാണ് ഇഖാമ പുതുക്കുന്നത്.

മാർച്ച് 18 നും ജൂൺ 30 നും ഇടയിൽ കാലാവധി തീരുന്ന വിദേശികളുടെ ഇഖാമകളാണ് പുതുക്കാനുള്ള നടപടികൾ തുടങ്ങിയത്. ഇത് ഇപ്പോൾ സൗദിയിലുള്ളവരും അവധിക്ക് നാട്ടിൽ പോയവരുമായ എല്ലാവര്ക്കും ലഭ്യമാകുമെന്ന് പാസ്സ്പോർട്ട് വിഭാഗം അറിയിച്ചു. പാസ്സ്പോർട്ട് ഓഫിസുമായി ബന്ധപ്പെടാതെ തന്നെ പാസ്പോര്ട്ട് വിഭാഗത്തിന്റെ ഇ സർവീസ് വെബ് സൈറ്റ് ആയ അബ്ഷിർ വഴി എല്ലാവര്ക്കും ഈ സൗകര്യം ലഭ്യമാണ് എന്നും പാസ്സ്പോർട്ട് വിഭാഗം പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ