കുവൈത്തിൽ കൂടുതല്‍ ക്വാറന്‍റൈൻ കേന്ദ്രങ്ങള്‍ തയാറാകുന്നു
Wednesday, April 8, 2020 5:31 PM IST
കുവൈത്ത് സിറ്റി: കോവിഡ് 19 വിദേശികള്‍ക്കിടയില്‍ പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിരീക്ഷണ കേന്ദ്രങ്ങള്‍ തയാറായി വരുന്നതായി പൊതുമരാമത്ത് മന്ത്രി ഡോ. റാണ അൽ ഫാരിസ് പ്രസ്താവിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊറോണ ബാധിതരായ വിദേശികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് പുതിയ ക്വാറന്‍റൈൻ കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നതെന്ന് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

സബാഹിയ, ജഹ്‌റ തുടങ്ങിയ പ്രദേശങ്ങളിലാണ് കേന്ദ്രങ്ങള്‍ തയാറാക്കുന്നത്. ആരോഗ്യ മന്ത്രാലയം ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിച്ച് ഉറപ്പാക്കും. പൊതുസുരക്ഷക്ക് പോലീസിന്‍റെ മേൽനോട്ടമുണ്ടാവും.വൈറസ് പ്രതിരോധത്തിനായി ജനസമ്പര്‍ക്കം ഒഴിവാക്കണമെന്നും വീട്ടില്‍ ഇരിക്കണമെന്നും ആരോഗ്യനിർദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തു മികച്ച ചികിത്സയും പരിചരണവുമാണ് കോവിഡ് ബാധിതർക്ക് നൽകുന്നതെന്നും സര്‍ക്കാരുമായി സഹകരിക്കണമെന്നും ഡോ. റാണ അൽ ഫാരിസ് പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ