മാനവികതയുടെ ഉദാത്ത മാതൃകയായി കുവൈത്ത്
Wednesday, April 8, 2020 5:38 PM IST
കുവൈത്ത് സിറ്റി: സമ്പൂര്‍ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ജലീബിലും മഹബുള്ളയിലും പൗരന്മാരും വിദേശികള്‍ക്കും കുവൈത്ത് സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ സൗജന്യ ഭക്ഷണം വിതരണം ചെയ്യുവാന്‍ പദ്ധതികള്‍ ത‍യാറായതായി ജനറൽ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡയറക്ടർ ബ്രിഗേഡിയർ തൗഹീദ്‌ അൽ കന്ദറിയെ ഉദ്ധരിച്ച് അൽ റായ്‌ പത്രം റിപ്പോർട്ട്‌ ചെയ്തു.

രണ്ടു പ്രദേശങ്ങളിലേയും മുഴുവന്‍ താമസക്കാര്‍ക്കും ഭക്ഷണവും പാനീയവും സൗജന്യമായി ലഭ്യമാക്കാന്‍ പദ്ധതികള്‍ തയാറായിട്ടുണ്ട്. റെഡ് ക്രസന്‍റ്, ചാരിറ്റബിൾ സൊസൈറ്റികൾ തുടങ്ങിയവരുടെ സഹായത്തോടെ അവരവരുടെ വീടുകളില്‍ ഭക്ഷണം എത്തിക്കും. പദ്ധതി പ്രകാരം ജലീബില്‍ താമസിക്കുന്ന മൂന്നു ലക്ഷത്തി ഇരുപത്തി എട്ടായിരം പേര്‍ക്കും മഹബൂള്ളയില്‍ അധിവസിക്കുന്ന ഒരു ലക്ഷത്തി തൊണ്ണൂറ്റിയെട്ടായിരം ആളുകള്‍ക്കും സര്‍ക്കാര്‍ വക ഭക്ഷണം ലഭിക്കും. അതോടപ്പം ജലീബിലും മഹബുള്ളയിലും താമസിക്കുന്ന മുഴുവന്‍ താമസക്കാരുടെയും കോവിഡ് പരിശോധനകള്‍ നടത്താനും ആരോഗ്യ വകുപ്പ് ആലോചിക്കുന്നുണ്ടെന്ന് അൽ റായ്‌ റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ രണ്ട് പ്രദേശങ്ങളെയും ഒറ്റപ്പെടുത്തുന്നതിനും സുരക്ഷിതമാക്കുന്നതിനുമുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.

ആരോഗ്യ പ്രവര്‍ത്തകര്‍, മുനിസിപ്പൽ ജീവനക്കാർ, കുവൈറ്റ് മിൽസ് കമ്പനി ജീവനക്കാര്‍ തുടങ്ങിയ പരിമിതമായ ആളുകളെ മാത്രമേ പുറത്തേക്ക് പോകുവാന്‍ അനുവദിക്കുകയുള്ളൂ. അതോടപ്പം ജലീബിലും മഹബുള്ളയിലും താമസിക്കുന്നവരുടെ എണ്ണം കൃത്യമായി അറിയാനുള്ള ശ്രമത്തിലാണെന്നും ഭക്ഷണവും ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിന് അത് ഉപകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. പൊതുമാപ്പ് ആനുകൂല്യം നേടാന്‍ ആഗ്രഹിക്കുന്ന താമസ നിയമ ലംഘകര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ