റിയാദിൽ മലപ്പുറം സ്വദേശി വാഹനാപകടത്തിൽ മരിച്ചു
Wednesday, April 8, 2020 6:47 PM IST
റിയാദ്: മലപ്പുറം സ്വദേശി വാഹനാപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം റിയാദിലെ പുതിയ അൽഖർജ് റോഡിൽ ഉണ്ടായ അപകടത്തിലാണ് വാഴക്കാട് ചീരോത്ത് തടായിൽ അബ്‌ദുറഹ്‌മാന്‍റെ മകൻ ജൗഹർ (22 ) മരിച്ചത്.

ജൗഹർ ഓടിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ട്രെയ്‌ലർ ട്രക്കിന്‍റെ പിറകിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ വാനിന്‍റെ ക്യാബിൻ പൂർണമായും തകർന്നിട്ടുണ്ട്. ജൗഹർ സംഭവസ്ഥലത്തുതന്നെ മരിച്ചു.

റിയാദിലെ ഒരു കൊറിയർ കമ്പനിയിൽ ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു. നാല് മാസം മുൻപാണ് ജൗഹർ പുതിയ വീസയിൽ റിയാദിലെത്തിയത്.

ആമിനയാണ് ഉമ്മ. തബൂക്കിലുള്ള ജംഷീർ, ജന്നത്ത് എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം റിയാദിൽ മറവു ചെയ്യുന്നതിനായി മലപ്പുറം ജില്ലാ കെഎംസിസി പ്രവർത്തകരായ റഫീഖ് മഞ്ചേരി, ഷറഫു പുളിക്കൽ, മുനീർ വാഴക്കാട് എന്നിവർ രംഗത്തുണ്ട്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ