കോവിഡ് 19: സൗദിയിൽ വെള്ളിയാഴ്ച 13 മരണം, രോഗബാധിതരുടെ എണ്ണം 2642
Saturday, May 23, 2020 5:45 PM IST
റിയാദ്: ഏറ്റവും പുതിയതായി പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച് സൗദിയിൽ വെള്ളിയാഴ്ച 13 പേർ കോവിഡ് ബാധിച്ചു മരിച്ചു. 2642 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 67719 ആയി.

പുതുതായി 2963 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 39003 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 28352 പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഒരു സ്വദേശിയും 12 വിദേശികളുമാണ് മരിച്ചത്. ഇതോടെ സൗദിയിലെ കോവിഡ് മരണം 364 ആയി. ഏഴ് പേർ മക്കയിലും ജിദ്ദയിൽ മൂന്ന് പേരും മദീന, റിയാദ്, ദമ്മാം എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് പുതുതായി മരണപ്പെട്ടത്. 302 പേർ ഗുരുതരാവസ്ഥയിലാണ്.

പുതുതായി രോഗം ബാധിച്ചവരിൽ 38 ശതമാനമാണ് സൗദികൾ. ഇതുവരെ രാജ്യത്ത് 667057 കോവിഡ് ടെസ്റ്റുകൾ നടന്നു. അടുത്ത ആഴ്ച മുതൽ ഫീൽഡ് പരിശോധനകൾക്ക് പുറമെ മൊബൈൽ ടെസ്റ്റ് ലാബുകളിലും പരിശോധനകൾ നടക്കും.

പുതിയ രോഗികളുടെ എണ്ണം റിയാദിൽ വർധിച്ചു വരികയാണ്. റിയാദ് 856, ജിദ്ദ 403, മക്ക 289, മദീന 205, ദമാം 194, ദരിയ്യ 118, ജുബൈൽ 87, ഖത്തീഫ് 77, അൽകോബാർ 73, തായിഫ് 52, ഹൊഫൂഫ് 49, ദഹ്റാൻ 49, രാസ്തനൂറ 15, നജ്റാൻ 15, അബ്ഖൈഖ് 10, ബുറൈദ 9 അൽഖർജ് 4 എന്നിങ്ങനെയാണ് പുതിയ രോഗികളുടെപ്രധാന പ്രവിശ്യകളിലെ കണക്ക്.

സൗദി അറേബ്യയിൽ റംസാൻ പ്രമാണിച്ചു നൽകിയിരുന്ന ലോക്ക് ഡൗൺ കാലത്തെ ഇളവുകൾ വെള്ളിയാഴ്ചയോടെ അവസാനിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ അടുത്ത അഞ്ചു ദിവസത്തേക്ക് 24 മണിക്കൂർ രാജ്യവ്യാപകമായി നടപ്പാക്കും. ലോക്ക് ഡൗൺ ഇളവുകൾ ജനങ്ങൾ ദുരുപയോഗം ചെയ്തതിന്‍റെ ഫലമായി കോവിഡ് വ്യാപനം നല്ല രീതിയിൽ നടന്നതായി വിലയിരുത്തപ്പെടുന്നു.

റിപ്പോർട്ട്:ഷക്കീബ് കൊളക്കാടൻ