കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് : കോടതി ഇടപെടല്‍ സ്വാഗതാര്‍ഹം
Tuesday, May 26, 2020 12:34 PM IST
കുവൈത്ത്: കോവിഡ് പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങുന്ന പാവപ്പെട്ട തൊഴിലാളികളായ പ്രവാസികൾക്ക് സൗജന്യ വിമാനടിക്കറ്റ് നല്‍കുന്നതില്‍ കേരള ഹൈക്കോടതിയുടെ ഇടപെടല്‍ സ്വാഗതാര്‍ഹാമാണെന്ന് വെല്‍ഫെയര്‍ കേരള കുവൈത്ത് കേന്ദ്ര വര്‍ക്കിംഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഈ വിഷയത്തിലുള്ള ഹർജി പരിഗണിക്കവെ പാവപ്പെട്ട പ്രവാസികള്‍ക്ക് കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് ടിക്കറ്റ്‌ നല്‍കുന്നതില്‍ തടസമില്ലെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അസിസ്റ്റന്‍റ് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചിരുന്നു .

വെല്‍ഫെയര്‍ കേരള ഉള്‍പ്പെടെയുള്ള പ്രവാസി സംഘടനകള്‍ വര്‍ഷങ്ങളായി നിരന്തരം ആവശ്യപ്പെടുന്ന ഈ വിഷയത്തിലുള്ള കോടതിയുടെ ഇടപെടല്‍ പ്രതീക്ഷ നല്‍കുന്നതാണ് . കോവിഡ് പ്രതിസന്ധിയില്‍ ലക്ഷക്കണക്കിന് പ്രവാസികള്‍ പ്രയാസപ്പെടുന്ന ഈ സാഹചര്യത്തില്‍ ഫണ്ട് അനുവദിക്കാനുള്ള തുടര്‍നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ കൈകൊള്ളണമെന്നും എംബസികൾക്ക് നിര്‍ദേശം നല്‍കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

റിപ്പോർട്ട്: സലിം കോട്ടയിൽ