ഇന്ത്യൻ എംബസി ആംബുലൻസ് സൗകര്യം ഒരുക്കണം
Tuesday, May 26, 2020 12:45 PM IST
റിയാദ്: സൗദി അറേബ്യയിലെ കോവിഡ് രോഗവ്യാപന സാഹചര്യം മുൻനിർത്തി ഇന്ത്യക്കാർക്കു അടിയന്തര വൈദ്യ സഹായമെത്തിക്കുന്നതിനു എംബസിയുടെ കീഴിൽ പ്രത്യേകമായ ആംബുലൻസ് സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു.

വിദേശികളിൽ വ്യാപകമായി കോവിഡ് വൈറസ് രോഗം ബാധിക്കുകയും അതിൽ തന്നെ നല്ലൊരു പങ്ക് ഇന്ത്യക്കാരുമായിരിക്കെ ഇവർക്കു വേണ്ട വൈദ്യ സഹായം എത്തിക്കുന്നതിന് വിവിധ സംഘടനകളും വോളണ്ടിയർമാരും ഏറെ ബുദ്ധിമുട്ട് നേരിടുകയാണ്.

രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കെ കോവിഡ് ടെസ്റ്റ് നടത്തി രോഗം സ്ഥിരീകരിച്ചവരും രോഗ ലക്ഷണങ്ങളുമായി ബുദ്ധിമുട്ടുന്നവരുമായ നൂറു കണക്കിനാളുകളാണ് വിവിധ സ്ഥലങ്ങളിൽ നിന്നും സഹായാഭ്യർഥനയുമായി വിളിക്കുന്നത്. ഇവർക്ക് വൈദ്യ സഹായം ലഭ്യമാക്കുക ഏറെ വിഷമകരമാണ്. രോഗികളുടെ ആധിക്യം മൂലം 937 എന്ന നമ്പറിൽ വിളിക്കുമ്പോഴും കൃത്യമായ പ്രതികരണം ലഭിക്കുന്നില്ല. സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കാൻ പോലും ആംബുലൻസ് സൗകര്യം ലഭ്യമല്ലാത്തത് മൂലം സാധിക്കുന്നില്ല എന്ന പരാതിയാണ് എല്ലാ ഭാഗത്തും. കൃത്യ സമയത്ത് വൈദ്യസഹായം ലഭിക്കാത്തതുമൂലം ചിലരെയെങ്കിലും മരണത്തിന് വിട്ടു കൊടുക്കേണ്ട അവസ്ഥ ഉണ്ടായിരിക്കുന്നതായി സാമൂഹിക പ്രവർത്തകർ പറയുന്നു. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ ജീവൻ രക്ഷിക്കാനായി എംബസിയുടെ കീഴിൽ ആംബുലൻസ് എന്ന ആവശ്യം വീണ്ടും ശക്തമായിരിക്കുന്നത്.

ഈ ആവശ്യം ഉന്നയിച്ച് ഇതിനു മുന്പും എംബസിക്ക് മുൻപാകെ സാമൂഹിക പ്രവർത്തകരും മാധ്യമ പ്രവർത്തകരും ഉന്നയിച്ചിരുന്നെങ്കിലും അംബാസഡർ നൽകിയ വാക്ക് പാലിക്കപ്പെട്ടിരുന്നില്ല. സൗദി ആരോഗ്യ മന്ത്രാലയത്തിന്‍റെ അനുമതി ലഭ്യമായില്ല എന്നാണ് എംബസി അതിനു ന്യായീകരണമായി പറഞ്ഞത്.

റിയാദിലെ ഇന്ത്യൻ മാനേജ്‍മെന്‍റിനു കീഴിലുള്ള അഞ്ചോളം പോളിക്ലിനിക്കുകൾ അവരുടെ ഉടമസ്ഥതയിലുള്ള ആംബുലൻസുകൾ എംബസിക്കുവേണ്ടി വിട്ടു നൽകാൻ തയാറാണെന്ന് പറഞ്ഞു ഔദ്യോഗികമായി കത്ത് നൽകിയിരുന്നെങ്കിലും എംബസി അതും സാധ്യമാകില്ല എന്ന് പറഞ്ഞു നിരാകരിക്കുകയായിരുന്നുവെന്ന് സ്വകാര്യ പോളിക്ലിനിക്‌ മാനേജരും സാമൂഹ്യ പ്രവർത്തകനുമായ നൗഫൽ പാലക്കാടൻ പറഞ്ഞു. കൃത്യമായ അനുമതികളില്ലാതെ ആംബുലൻസ് ഓപ്പറേറ്റ് ചെയ്യുന്നത് സ്ഥാപങ്ങൾക്ക് ദോഷകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ ആവശ്യവുമായി ഇന്ത്യൻ എംബസി വിദേശകാര്യ മന്ത്രാലയം വഴി ആരോഗ്യ മന്ത്രാലയത്തെ സമീപിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചില്ല എന്ന് സാമൂഹ്യ പ്രവർത്തകനായ ശിഹാബ് കൊട്ടുകാട് പറയുന്നു. ഒരിക്കൽ കൂടി ഇതേ ആവശ്യങ്ങളുമായി ഇന്ത്യൻ എംബസിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് ശിഹാബ് കൊട്ടുകാട്. വാഹന സൗകര്യമില്ലാത്തത് കാരണം ഒട്ടേറെ അടിയന്തര പ്രാധാന്യമുള്ള കേസുകൾ ശരിയായ രീതിയിൽ അഡ്രസ് ചെയ്യാൻ സാധിക്കുന്നില്ലെന്നും എംബസി ഇക്കാര്യത്തിൽ വേണ്ടത് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ജീവകാരുണ്യ പ്രവർത്തകനായ മുനീബ് പാഴൂർ പറഞ്ഞു. സ്വന്തം വണ്ടി ഇതിനായി ഉപയോഗിക്കുന്നതിലും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കാരണം പരിമിതികളുള്ളതായി മുനീബ് പറഞ്ഞു. ഇന്ത്യൻ എംബസി കെഎംസിസി വോളണ്ടിയർമാർക്ക് നൽകിയിരിക്കുന്ന അനുമതി പത്രം ഉപയോഗിച്ചാണ് ഇപ്പോൾ മിക്ക ആശുപത്രി കേസുകളിലും കെ എം സി സി ഇടപെടുന്നതെന്നും എന്നാലും കോവിഡ് പോസിറ്റീവ് ആയ രോഗികളെയുമായി സ്വകാര്യ വാഹങ്ങളിൽ ആശുപത്രികളിൽ കറങ്ങുന്നത് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായും അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു.

കെ എം സി സി ജീവകാരുണ്യ പ്രവർത്തകരായ സിദ്ദീക്ക് തുവ്വൂർ, മെഹബൂബ് കണ്ണൂർ, ഷറഫു പുളിക്കൽ, റഫീഖ് തുടങ്ങിയവരെല്ലാം സ്വന്തം വാഹങ്ങളിലാണ് ഇപ്പോൾ രോഗികൾക്ക് സഹായവുമായെത്തുന്നത്. ഇതുമൂലം നിരവധി പ്രവർത്തകർക്ക് രോഗം ബാധിക്കുകയും ക്വാറന്‍റൈനിൽ പോകേണ്ട അവസ്ഥ വരികയും ചെയ്തതായും കെ എം സി സി നാഷണൽ കമ്മറ്റി ആക്ടിങ് പ്രസിഡന്‍റ് കൂടിയായ അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു.

ഔദ്യോഗികമായി ഇന്ത്യൻ എംബസി ആംബുലൻസ് സൗകര്യം ഏർപ്പെടുത്തേണ്ട ആവശ്യകത വർദ്ധിച്ചതായി കേളി സാംസ്കാരിക വേദിയുടെ പ്രതിനിധി സുരേഷ് ചന്ദ്രൻ അഭിപ്രായപ്പെട്ടു. കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള പ്രവാസികളെ സഹായിക്കുന്നതിനായി രൂപീകരിച്ച നോർക്ക ഹെല്പ് ഡെസ്ക് ഇക്കാര്യം അംബാസഡറുടെ ശ്രദ്ധയിൽ പെടുത്തണമെന്ന്‌ സുരേഷ് ചന്ദ്രൻ പറഞ്ഞു.

നോർക്ക ഹെൽപ്പ് ഡെസ്ക്കിലുള്ള വിവിധ സംഘടനാ പ്രതിനിധികളും ഇതേ അഭിപ്രായം ഉന്നയിച്ചു. ഒഐ സി സി യുടെ സലിം കളക്കര, ഇസ്മായിൽ എരുമേലി, സുരേഷ് ശങ്കർ, അബ്ദുല്ല വല്ലാഞ്ചിറ, നവാസ് വെള്ളിമാടുകുന്ന് തുടങ്ങിയവരും ബഷീർ പി വി, സനൂപ് പയ്യന്നൂർ തുടങ്ങിയവരും ഈ ഒരു ആവശ്യത്തിനായി ഇന്ത്യൻ എംബസിയിൽ പരമാവധി സമ്മർദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ടു.

ആംബുലൻസ് ഒരുക്കാനുള്ള സാമ്പത്തികം ഉണ്ടാക്കാൻ തയാറാണെന്നും അനുമതി വാങ്ങുക എന്നതാണ് ആദ്യം ചെയ്യേണ്ടതെന്നും പ്രവാസി വ്യവസായി മജീദ് ചിങ്ങോലി പറഞ്ഞു.

അനുമതി ലഭിക്കാൻ പ്രയാസമാണെന്ന രീതിയിലാണ് എംബസിയിൽ നിന്നും ആദ്യ പ്രതികരണങ്ങളുണ്ടായതെന്നും വീണ്ടും എംബസിയെ സമീപിക്കാൻ വേണ്ടത് ചെയ്യണമെന്നും നോർക്ക ഹെൽപ്പ് ഡെസ്ക് കോ ഓർഡിനേറ്റർ നൗഷാദ് കോർമത്ത് അഭിപ്രായപ്പെട്ടു. മുഴുവൻ അംഗസംഘടനകളെയും ഒന്നിച്ചു കൂട്ടി ഈ ഒരു ആവശ്യത്തിന് ഒരിക്കൽ കൂടി എംബസിയെ സമീപിക്കാൻ ഒരുക്കമാണെന്ന് എൻആർകെ വെൽഫെയർ ഫോറം ചെയര്മാൻ അഷ്‌റഫ് വടക്കേവിളയും അഭിപ്രായപ്പെട്ടു.

അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കേണ്ട വിഷയമാണ് ആംബുലൻസിന്‍റേതെന്നും കോവിഡ് വ്യാപനം ഇന്ത്യക്കാർക്കിടയിൽ വമ്പിച്ച തോതിൽ നടന്നു കൊണ്ടിരിക്കുകയും രോഗികളുടെ എണ്ണം അനുദിനം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ആരുമായും സഹകരിച്ചും ഈ ആവശ്യത്തിനായി പ്രവർത്തിക്കാൻ തയ്യാറാണെന്നും മാധ്യമ പ്രവർത്തകനായ ഉബൈദ് എടവണ്ണയും അഭിപ്രായപ്പെട്ടു. ഇതുതന്നെയാണ് റിയാദിലെ മറ്റൊരു മാധ്യമപ്രവർത്തകനായ അഫ്‌താബ്‌ റഹ്‌മാന്‍റേയും നിലപാട്.

എന്തായാലും ഇതിനൊരു പരിഹാരമുണ്ടായില്ലെങ്കിൽ ഇരുപത്തഞ്ചിൽ എത്തി നിൽക്കുന്ന ഇന്ത്യക്കാരുടെ മരണസംഖ്യ സൗദിയിൽ ഇനിയും വർധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ