രോഗികളായ രണ്ട് യാത്രക്കാർക്ക് കെഎംസിസി ടിക്കറ്റ് നൽകി
Monday, June 1, 2020 8:48 PM IST
റിയാദ്: കെഎംസിസി ബേപ്പൂർ മണ്ഡലം കമ്മിറ്റി അടിയന്തരമായി നാട്ടിലെത്തേണ്ട രണ്ട് പേർക്ക് യാത്രാ ടിക്കറ്റ് നൽകി. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ കോവിഡ് പദ്ധതിയിലുൾപ്പെടുത്തിയാണ്‌ ഇരുവർക്കും ടിക്കറ്റ് നൽകിയത്. അസുഖങ്ങൾ മൂലം പ്രയാസപ്പെട്ടിരുന്ന ഇരുവരും അടിയന്തരമായി ചികിത്സ ആവശ്യമുള്ളവരായിരുന്നു. ഇതിലൊരാൾ അർബുദ ബാധിതനും മറ്റൊരാൾ അപകടത്തിൽ പൊള്ളലേറ്റ് ബുദ്ധിമുട്ടിലുമായിരുന്നു. ഇരുവരുടെയും പ്രയാസങ്ങൾ മനസിലാക്കിയ കെഎംസിസി എംബസിയിൽ രജിസ്ട്രേഷൻ നടത്തുകയും മുൻഗണനാ പട്ടികയിൽ ഇടം ലഭിക്കാൻ ശ്രമം നടത്തുകയും ചെയ്തു. ഇതേ തുടർന്ന് ഞായാറാഴ്ച റിയാദിൽ നിന്നും തിരുവന്തപുരത്തേക്കുള്ള വിമാനത്തിൽ ഇരുവർക്കും അവസരം ലഭിച്ചതിനെത്തുടർന്ന് കെഎംസിസി രണ്ട് പേരുടെയും ടിക്കറ്റ് ചെലവ് വഹിക്കുകയും ചെയ്തു. കോഴിക്കോട് ജില്ലക്കാരനായ പ്രവാസി സംരംഭകനാണ്‌ ടിക്കറ്റ് സ്പോൺസർ ചെയ്തത്.

അസുഖങ്ങൾ മൂലം വളരെ പ്രയാസപ്പെട്ട് കഴിയുന്നതിനിടയിലാണ്‌ കോവിഡിന്‍റെ ആശങ്കയുമെത്തുന്നത്. നാട്ടിൽ പോകാനുള്ള ഇവരുടെ ആഗ്രഹം അന്താരാഷ്ട്ര സർവീസുകൾ നിർത്തിയതോടെ അനിശ്ചിതത്വത്തിലുമായി. ഒടുവിൽ നാട്ടിലേക്ക് തിരിക്കാനായതിൽ കോഴിക്കോട് ജില്ലക്കാരായ ഇരുവരും സന്തോഷം പകടിപ്പിച്ചു.

ബേപ്പൂർ മണ്ഡലം കെഎംസിസി പ്രസിഡന്‍റ് മനാഫ് മണ്ണൂർ, ജനറൽ സെക്രട്ടറി കുഞ്ഞോയി കോടമ്പുഴ, വെൽഫെയർ വിംഗ് ചെയർമാൻ ഹസനലി കടലുണ്ടി എന്നിവർ ടിക്കറ്റ് കൈമാറി.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ