അബുദാബി ടാക്സി: ഓൺലൈൻ സംവിധാനം ഒരുക്കി
Tuesday, June 2, 2020 11:17 AM IST
അബുദാബി : നഗരത്തിലെ ഏഴായിരത്തോളം വരുന്ന ടാക്സികളിൽ ഓൺലൈൻ പണമിടപാടിന് സൗകര്യം ഒരുക്കിയതായി മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് വിഭാഗത്തിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു .

ടാക്സി യാത്രക്കാർ മൊബൈലുകളിൽ ഇതിനായി അബുദാബി ടാക്സി ആപ്പ് പകർത്തിയ ശേഷം ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണം . ഈ ആപ്പ് ഉപയോഗിച്ച് ടാക്സി ബുക്ക് ചെയ്യുന്നതിനും പണം നൽകുന്നതിനും സാധ്യമാകും . യാത്ര അവസാനിപ്പിക്കുമ്പോൾ ടാക്സി മീറ്ററിൽ തെളിയുന്ന ക്യു ആർ കോഡ് മൊബൈലിലെ ആപ്പ് ഉപയോഗിച്ച് സ്‌കാൻ ചെയ്താണ് യാത്രക്കൂലി നൽകേണ്ടത് . ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേയിലും ടാക്സി ആപ്പ് ലഭ്യമാണ് .

അബുദാബിയിലെ ഏഴ് കമ്പനികളുടെ കീഴിലുള്ള മുഴുവൻ ടാക്സികളിലും കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായും യാത്രക്കാരുടെ ആരോഗ്യസുരക്ഷക്കായുമുള്ള അണുനശീകരണം നിരന്തരമായി നടത്തുന്നുണ്ടെന്ന് ഐ റ്റി സി അധികൃതർ വ്യക്തമാക്കി .

റിപ്പോർട്ട്: അനിൽ സി ഇടിക്കുള