വിദേശികളുടെ എണ്ണം കുറയ്ക്കൽ: പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് പാർലമെന്‍ററി മാനവ വിഭവശേഷി വികസന സമിതി
Thursday, July 9, 2020 9:32 PM IST
കുവൈറ്റ് സിറ്റി : ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ട് ത‍യാറാക്കുന്നതിനും രാജ്യത്തുള്ള വിദേശികളുടെ എണ്ണം കുറയ്ക്കുന്നതിനും പാർലമെന്‍ററി മാനവ വിഭവശേഷി വികസന സമിതി മുന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നതായി സമിതി ചെയർമാൻ എംപി ഖലീൽ അൽ സലേഹ് പറഞ്ഞു.

ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ സംബന്ധിച്ച നിർദേശങ്ങളോട് പ്രതികരണം സമർപ്പിക്കാൻ സമിതി രണ്ടാഴ്ചത്തെ സമയം സര്‍ക്കാരിനു നൽകിയെങ്കിലും ഇതുവരെയായി മറുപടിയൊന്നും ലഭിച്ചിട്ടില്ല. ജനസംഖ്യാപരമായ ഘടന പരിഹരിക്കുന്നതിനായി അഞ്ച് വർഷം മുമ്പ് സർക്കാർ ദേശീയ സമിതി രൂപീകരിച്ചെങ്കിലും മുമ്പോട്ട് പോകുവാന്‍ സാധിച്ചിട്ടില്ലെന്നത് ഖേദകരമാണ് .

ഇന്‍റർമീഡിയറ്റ് സർട്ടിഫിക്കറ്റും അതിൽ താഴെയുമുള്ള വിദേശികളുടെ എണ്ണം എങ്ങനെയാണ് 800,000 ൽ എത്തിയതെന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ വ്യക്തമാക്കണമെന്ന് ഖലീൽ അൽ സലേഹ് പറഞ്ഞു. രാജ്യത്ത് പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നതിന് വ്യക്തമായ പദ്ധതിയാണ് ഇപ്പോള്‍ ആവശ്യമെന്നും അതിനായുള്ള റിപ്പോർട്ടുകള്‍ സമിതിയുടെ നേതൃത്വത്തില്‍ തയാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്തെ ആകെ വിദേശികളുടെ എണ്ണം 70 ശതമാനത്തില്‍ നിന്നും 30 ശതമാനത്തിലേക്ക് ചുരുക്കുമെന്നാണ് പാര്‍ലമെന്‍റ്അംഗങ്ങള്‍ ആവശ്യപ്പെടുന്നത്. ആകെ താമസക്കാരില്‍ 70 ശതമാനവും വിദേശികളാണെന്നത് രാജ്യത്ത് അതിഗുരുതരമായ സാമൂഹ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായും കുവൈത്ത് ദേശീയ അസംബ്ലിയില്‍ പരാമര്‍ശങ്ങളുയര്‍ന്നിരുന്നു. ആകെ വിദേശികളില്‍ 1.3 മില്യണ്‍ ആളുകളും സാക്ഷരരല്ലെന്നതും ഗൗരവത്തോടെ കാണേണ്ടപ്രശ്‌നമാണെന്ന് എംപിമാര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ