സൗദിയിൽ 2100 പേർ കോവിഡ് ബാധിച്ചു മരിച്ചു
Friday, July 10, 2020 12:25 PM IST
റിയാദ്: കോവിഡ് ബാധിതർ സൗദിയിൽ 2,23,327 ആയ വ്യാഴാഴ്ച 41 പേർ കൂടി മരിച്ചു. പുതുതായി 3183 പേർക്കാണ് വൈറസ് ബാധിച്ചത്. ഇതോടെ രാജ്യത്തെ മരണം 2100 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. അതോടൊപ്പം വ്യാഴാഴ്ച 3046 പേർക്ക് കൂടി രോഗമുക്തി ആയി. ഇപ്പോൾ ചികിത്സയിലുള്ള 60,131 പേരിൽ 2,225 പേർ ഗുരുതരാവസ്ഥയിലാണ്.

സൗദി അറേബ്യയിൽ കോവിഡ് വ്യാപനത്തിലും മരണനിരക്കിലും താൽക്കാലികമായ ഒരു ശമനം കണ്ടു തുടങ്ങിയിരിക്കുന്നു. ദിവസേന അൻപതിനടുത്ത് മരണങ്ങളുണ്ടായിരുന്നത് കുറഞ്ഞു തുടങ്ങിയതും രോഗമുക്തി വർദ്ധിച്ചു വരുന്നത് ശുഭലക്ഷണമായാണ് ആരോഗ്യ വിദഗ്ദ്ധർ കാണുന്നത്. ഇതുവരെ സുഖം പ്രാപിച്ചവരുടെ എണ്ണം 1,58,050 ആയിരിക്കുന്നു. ഓരോ ദിവസവും ഇപ്പോൾ അരലക്ഷത്തിലേറെ കോവിഡ് പരിശോധനകൾ നടക്കുന്നുണ്ട്. ഫീൽഡ് ടെസ്റ്റുകൾക്കായി രജിസ്റ്റർ ചെയ്യുന്നവർക്ക് വലിയ കാലതാമസമില്ലാതെ തന്നെ പരിശോധനകൾക്ക് സമയം അനുവദിച്ചു കിട്ടുന്നുണ്ട്. റിയാദിൽ 12 പേരാണ് വ്യാഴാഴ്ച മരിച്ചത്. മക്കയിൽ 9 പേരും ജിദ്ദയിലും മദീനയിലും 4 പേർ വീതവും മരിച്ചു. ഹൊഫൂഫ് (1), തായിഫ് (3), ബുറൈദ (2), ഖമീസ് മുശൈത് (1), തബൂക് (1), അഹദ് റുഫൈദ (1), ജീസാൻ (1), സകാക (1) എന്നിവിടങ്ങളിലാണ് മറ്റു മരണങ്ങൾ നടന്നത്.

പുതിയ രോഗികൾ : റിയാദ് 364, ദമ്മാം 274, ജിദ്ദ 246, ഹൊഫൂഫ് 196, തായിഫ് 181, മുബറസ് 152, മദീന 122, അബഹ 96, ഖമീസ് മുശൈത് 96, മഹായിൽ 87, മക്ക 84, ബുറൈദ 76, നജ്റാൻ 71, ഖോബാർ 66, ഹായിൽ 66, ദഹ്റാൻ 63, ഹഫർ അൽ ബാത്തിൻ 63, യാമ്പു 49, സഫ്വ 45, ബീഷ 38 എന്നിങ്ങനെയാണ്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ