ഓണ്‍ലൈന്‍ ഗെയിമുകൾ കുട്ടികളെ ആക്രമാസക്തരാക്കം: അബുദാബി പോലീസ് മുന്നറിയിപ്പ്
Saturday, July 11, 2020 5:06 PM IST
അബുദാബി: കുട്ടികളെയും കൗമാരപ്രായക്കാരെയും ആക്രമണകാരികളാക്കാനും കുറ്റകൃത്യങ്ങൾ നടത്താനും പ്രേരിപ്പിക്കുന്ന അക്രമാസക്തമായ ഓണ്‍ലൈന്‍ ഗെയിമുകളുടെ ഉപയോഗത്തിനെതിരെ അബുദാബി പോലീസ് മാതാപിതാക്കൾക്ക് മുന്നറിയിപ്പു നൽകി.

ഇത്തരം ഗെയിമുകള്‍ അമിതമായ ഉപയോഗം മൂലം കുട്ടികള്‍ അക്രമാസക്തരാകുകയും ഗുരുതരമായ മാനസിക പ്രത്യാഘാതങ്ങൾക്കു വരെ കാരണമാകുകയും ചെയ്യുന്നു. ഇവര്‍ യാഥാർഥ്യത്തിൽ നിന്ന് വേര്‍പെട്ട് സാങ്കല്‍പ്പികമായ ഒരു ലോകത്ത് മുഴുകി കുടുംബത്തില്‍ നിന്നും അകന്നു പോകുന്നു.

കുട്ടികൾ പലപ്പോഴും അവർ കാണുന്നതിനെ അനുകരിക്കുകയും അക്രമം അവർക്ക് വിനോദത്തിനുള്ള മറ്റൊരു മാർഗവുമായി മാറുന്നു. അങ്ങനെ തുടങ്ങി ഇതു മറ്റു കുട്ടികളെ വാക്കാലും ശാരീരികമായും ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്ന തലത്തിലേക്ക് വരെ എത്തുന്നു.

കുട്ടികളെ നിരന്തരം ശ്രദ്ധിക്കുന്നതിലും നിരീക്ഷിക്കുന്നതിലും മാതാപിതാക്കൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും കുട്ടികള്‍ ഗയിമുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ നല്ലതും നിരുപദ്രവകരവുമായ ഉള്ളടക്കമുള്ളതുമായവ തിരഞ്ഞെടുക്കുവാന്‍ മാതാപിതാക്കൾ കുട്ടികളെ സഹായിക്കണമെന്നും പോലീസ് പറഞ്ഞു.

സ്മാർട്ട് ഇലക്ട്രോണിക്സ്, ടെലിഫോണുകൾ, ഗെയിമിംഗ് ഉപകരണങ്ങൾ എന്നിവയുടെ കൂടിയ ഉപയോഗമുള്ള ഈ സമയത്ത് പ്രത്യേകിച്ച് സ്കൂൾ അവധിക്കാലം ആരംഭിക്കുമ്പോൾ കുട്ടികളുടെ ഇത്തരം ശീലങ്ങള്‍ ചൂഷണം ചെയ്യാന്‍ തട്ടിപ്പുകാര്‍ ലക്ഷ്യമിടുമെന്നും അബുദാബി പോലീസ് ചൂണ്ടിക്കാട്ടി.

കുട്ടികൾക്ക് ഓണ്‍ലൈന്‍ ഗെയിമുകൾ കളിക്കാൻ അനുയോജ്യമായ സമയം നിശ്ചയിക്കണമെന്നും ഡ്രോയിംഗ്, കളറിംഗ്, ക്യൂബുകൾ ഇൻസ്റ്റാൾ ചെയ്യുക, വായന തുടങ്ങിയ ഉപയോഗപ്രദമായ ഗെയിമുകളിൽ കുട്ടികളുടെ ശ്രദ്ധ തിരിക്കണമെന്നും മാതാപിതാക്കളോട് പോലീസ് ആവശ്യപ്പെട്ടു.

റിപ്പോർട്ട്: അനില്‍ സി. ഇടിക്കുള