പ്രത്യാശയുടെ ആരാധനാഗീതികളിൽ വീണ്ടും പ്രാർഥനാ മുഖരിതമായി സെന്‍റ് ജോർജ് കത്തീഡ്രൽ
Saturday, July 11, 2020 6:06 PM IST
അബുദാബി: കോവിഡ് രോഗവ്യാപനത്തെ തുടർന്നു അടച്ച ദേവാലയം വീണ്ടും തുറന്നതോടെ പുത്തൻ പ്രതീക്ഷകളുമായി പ്രത്യാശ നിറഞ്ഞ മനസുകളോടെ വിശ്വാസ സമൂഹം വീണ്ടും ആരാധനാലയത്തിലേക്ക് കടന്നുവന്നു.

അബുദാബി സെന്‍റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലാണ് വിശ്വാസികൾക്ക് വിശുദ്ധ കുർബാനയോടുകൂടി ആരാധനയിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചത് .ഗവൺമെന്‍റ് നിഷ്കർഷിച്ച മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് ഓൺലൈനായി രജിസ്റ്റർ ചെയ്ത ഇടവകാംഗങ്ങൾക്കാണ് ആരാധനയിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചത്.

യുഎഇ ഗവൺമെന്‍റിന്‍റെ കീഴിലുള്ള ഡിപ്പാർട്ട്മെൻറ് ഓഫ് കമ്യൂണിറ്റി ഡെവലപ്മെന്‍റാണ് കൃത്യമായ മുന്നൊരുക്കങ്ങളും, നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് ദേവാലയങ്ങളിൽ വിശ്വാസികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നൽകിയത്.

കൃത്യമായ സാമൂഹിക അകലം അടയാളപ്പെടുത്തിയും ശരീരോഷ്മാവ് പരിശോധിച്ചുമാണ് വിശ്വാസികളെ ദേവാലയത്തിൽ പ്രവേശിപ്പിച്ചത്.

വികാരി ഫാ. ബെന്നി മാത്യു, സഹവികാരി ഫാ. പോൾ ജേക്കബ് , കത്തീഡ്രൽ ട്രസ്റ്റി നൈനാൻ തോമസ് പണിക്കർ, സെക്രട്ടറി ജോൺസൺ കാട്ടൂർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള