ബാങ്ക് അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ട 4.6 മില്യൺ ദിർഹം മടക്കി നൽകാൻ ദുബായ് കോടതിയുടെ വിധി
Sunday, August 2, 2020 11:18 AM IST
ദുബായ് : സിം കാർഡ് സ്വാപ്പ് തട്ടിപ്പിലൂടെ നഷ്‌ടമായ 4.6 മില്യൺ ദിർഹം ഇടപാടുകാരനു മടക്കി നൽകാൻ ദുബായ് കോടതിയുടെ വിധി . 9 ശതമാനം പലിശ നല്കണമെന്നും വിധിയിൽ നിർദ്ദേശമുണ്ട്.

ഇടപാടുകാരന്റെ അക്കൗണ്ടിലെ 4.6 മില്യൺ ദിർഹം സിം കാർഡ് സ്വാപ്പ് തട്ടിപ്പിലൂടെ നഷ്ടമാകുകയും, ഇടപാടുകാരൻ അറിയാതെ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് യു എ ഇ ബാങ്ക് ഇടപാടുകാരന് മുഴുവൻ തുകയും ഒൻപതു ശതമാനം പലിശയും നൽകണമെന്ന് ദുബായ് അപ്പീൽ കോടതി വിധിച്ചത് .2017 ൽ നടന്ന സംഭവത്തിൽ കോടതി സാങ്കേതിക വിദഗ്ദ്ധരെ നിയമിച്ചു ദീർഘ നാൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബാങ്കിങ് രംഗത്തെ ചരിത്രപരമായ വിധി പ്രസ്താവിച്ചത് . ഇതോടെ ഇടപാടുകാരന് പലിശയടക്കം 4 .7 മില്യൺ ദിർഹം ബാങ്ക് നൽകേണ്ടി വരും. ഇടപാടുകാരന്റെ സ്വകാര്യ വിവരങ്ങൾ ചോർത്തിയ ബാങ്ക് ജീവനക്കാരൻ മറ്റൊരാൾക്ക് നൽകിയാണ് തട്ടിപ്പു നടത്തിയത്. 15 ഓൺലൈൻ ഇടപാടിലൂടെയാണ് തുക മുഴുവനും പിൻവലിച്ചത് .തുടർന്ന് ഇടപാടുകാരൻ അറിയാതെ അക്കൗണ്ട് മരവിപ്പിച്ചു. ഇതാണ് കേസിനു ആസ്പദമായതു . മൊബൈൽ ഫോൺ സേവനങ്ങൾ എന്തെങ്കിലും കാരണവശാൽ പ്രവർത്തിക്കാതെ വന്നാൽ സേവനദാതാവിനെ ഉടനടി ബന്ധപ്പെടുന്നതും , ബാങ്കിങ് ഇടപാടുകൾക്ക്‌ എസ് എം എസ് അറിയിപ്പ് സംവിധാനം ഏർപ്പെടുത്തുന്നതുമാണ് സിം സ്വാപ്പ് തട്ടിപ്പു തടയുന്നതിനുള്ള മാർഗങ്ങൾ.

റിപ്പോർട്ട് : അനിൽ സി ഇടിക്കുള