വിദേശനയത്തെ വിമർശിച്ച തുർക്കിക്ക് യുഎഇയുടെ താക്കീത്
Sunday, August 2, 2020 11:31 AM IST
അബുദബി : അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് തുർക്കിക്കു യുഎ ഇ ശക്തമായ താക്കീതു നൽകി. യുഎഇയുടെ വിദേശകാര്യ നയങ്ങളെ വിമർശിച്ചു കൊണ്ട് തുർക്കി പ്രതിരോധ മന്ത്രി ഖത്തറിലെ ടി വി ചാനലിൽ നടത്തിയ അഭിപ്രായപ്രകടനമാണ് യു എ ഇ യുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയത്.

യുഎഇ വിദേശകാര്യ മന്ത്രി ഡോ.അൻവർ ഗർഗാഷ് ആണ് തുർക്കിക്കു താക്കീതു നൽകിയത്. രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ തീരുമാനിക്കപ്പെടുന്നത് ഭീഷണികളിലൂടെയല്ല. മേൽക്കോയ്മകളുടെ മിഥ്യാബോധങ്ങൾക്ക് ഈ കാലഘട്ടത്തിൽ സ്ഥാനമില്ലെന്ന് ഓർക്കണമെന്ന് ഡോ.ഗർഗാഷ് ട്വിറ്ററിലൂടെ മറുപടി പറഞ്ഞു.

റിപ്പോർട്ട് : അനിൽ സി ഇടിക്കുള