വിസിറ്റ് വീസയുള്ള ഇന്ത്യക്കാർക്ക് യു‌എഇയിലേക്ക് പോകാൻ കഴിയില്ല: ഇന്ത്യൻ അംബാസഡർ
Tuesday, August 4, 2020 10:07 PM IST
ദുബായ്: യാത്രാ നിബന്ധന സംബന്ധിച്ച് വ്യക്തത ഉണ്ടാകുന്നതുവരെ ഇന്ത്യൻ പൗരന്മാർക്ക് സന്ദർശന വീസയിൽ യുഎഇയിലേക്ക് പോകാൻ അനുവാദമില്ലെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ .

സന്ദർശക വീസ യുഎഇ ഇപ്പോൾ അനുവദിക്കുന്നുണ്ടോ ഇല്ലയോ എന്ന് വ്യക്തമല്ല. അതിനെക്കുറിച്ച് വ്യക്തതയ്ക്കായി കാത്തിരിക്കുകയാണ്. സന്ദർശന വീസകളിൽ യാത്ര ചെയ്യാൻ ആളുകളെ അനുവദിക്കണമോ എന്ന് ഇന്ത്യൻ സർക്കാരും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ പവൻ കപൂർ പറഞ്ഞു.

ജൂലൈ 29 മുതൽ ഇന്ത്യയുൾപ്പെടെ കൂടുതൽ രാജ്യങ്ങളിലേക്ക് ദുബായ്, വിസിറ്റിംഗ് വീസ നൽകാൻ ആരംഭിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ട്രാവൽ ഏജന്‍റുമാരും അമേർ സെന്‍ററും സന്ദർശന വീസകൾ നൽകുമ്പോൾ നിരവധി നിയന്ത്രണങ്ങൾ നീക്കിയതായും സ്ഥിരീകരിച്ചു.

വാണിജ്യ വിമാനങ്ങളുടെ സർവീസ് ഇപ്പോഴും ഇന്ത്യയിൽ നിർത്തിവച്ചിരിക്കുന്നതിനാൽ സന്ദർശന വീസ ഉടമകൾ യുഎഇയിലേക്ക് എങ്ങനെ പോകുമെന്ന് വ്യക്തമല്ല. യുഎഇയിൽ നിന്നുള്ള വന്ദേ ഭാരത് മിഷൻ വിമാനങ്ങൾ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നടത്തുന്നത് സാധുവായ യുഎഇ റസിഡൻസ് വീസയുള്ള ആളുകൾക്കു മാത്രമാണ്.

ദുബായ് വിസിറ്റിംഗ് വീസ നൽകുന്നതിനാൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരെ അനുവദിക്കണമെന്ന് എംബസി ഇന്ത്യൻ സർക്കാരിനോട് ശിപാർശ ചെയ്തിട്ടുണ്ടെന്നും പവൻ കപൂർ പറഞ്ഞു.