"എം.ഐ.തങ്ങൾ: ദാർശനികതയുടെ ഹരിത സൗരഭ്യം' പുസ്തകം പ്രകാശനം ചെയ്തു
Friday, August 7, 2020 5:26 PM IST
റിയാദ്: "എം.ഐ.തങ്ങൾ; ദാർശനികതയുടെ ഹരിത സൗരഭ്യം.' എന്ന പുസ്തകത്തിന്‍റെ ഗൾഫ് തല പ്രകാശനം ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്നു. റിയാദ് ഗ്രേസ് എഡ്യൂക്കേഷണൽ അസോസിയേഷൻ ചാപ്റ്ററാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ‌‌‌‌‌

മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റും ഗ്രന്ഥകാരനും പ്രഭാഷകനുമായ എം.ഐ.തങ്ങൾ മരണപ്പെട്ട ഉടനെ വിവിധ പത്രങ്ങളിലും സോഷ്യൽ മീഡിയയിലുമായി വന്നിട്ടുള്ള ഓർമക്കുറിപ്പുകളുടെ സമാഹാരമാണ് പുസ്തകത്തിലുള്ളത്.

റിയാദ് ഗ്രേസ് ചാപ്റ്റർ പ്രസിഡന്‍റ് ജാഫർ തങ്ങൾ കോളിക്കൽ അധ്യക്ഷത ചടങ്ങ് സൗദി കെഎംസിസി ദേശീയ സമിതിയംഗം കെ.കോയാമുഹാജി ഉദ്ഘാടനം ചെയ്തു. ഗ്രേസ് റിയാദ് ചാപ്റ്റർ മുഖ്യ രക്ഷാധികാരി ഉസ്മാൻ അലി പാലത്തിങ്ങൽ, റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് സി.പി.മുസ്തഫക്ക് പുസ്തകത്തിന്‍റ് ആദ്യ കോപ്പി നൽകിയാണ് പ്രകാശനം നിർവഹിച്ചത്. സത്താർ താമരത്ത് പുസ്തകം പരിചയപ്പെടുത്തി.
കഴിഞ്ഞ സിബിഎസ് സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ഹുദ നാസറിന് ഗ്രേസ് നൽകുന്ന ഉപഹാരം ബഷീർ താമരശേരി കൈമാറി.

മുസ് ലിം രാഷ്ട്രീയത്തിന്‍റെ ദാർശനിക കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുവാനും ഇന്ത്യയിലെ ബഹുസ്വര സമൂഹത്തിൽ ന്യൂനപക്ഷ രാഷ്ട്രീയത്തിന്‍റെ സൈദ്ധാതിക തലങ്ങൾ വിവരിക്കുവാനും എം.ഐ.തങ്ങൾ നടത്തിയ പരിശ്രമം എക്കാലത്തും ഓർമ്മിക്കപ്പെടും. 'ആധുനിക വിദ്യാഭ്യാസം ആധുനിക രാഷ്ട്രീയം' എന്ന സർസയ്യിദ് അഹമ്മദ് ഖാന്‍റെ ദർശനങ്ങളെ പ്രയോഗവൽക്കരിക്കുവാൻ തന്റെ തൂലികയും ചിന്തയും ഉപയോഗപ്പെടുത്തിയ അതുല്യ പ്രതിഭയായിരുന്നു തങ്ങളെന്ന് 'എം.ഐ.തങ്ങളുടെ ദാർശനിക ലോകം' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ച എസ്.വി.അർഷുൽ അഹമ്മദ് അഭിപ്രായപ്പെട്ടു.

ജീവിതാനുഭവങ്ങളിൽ നിന്ന് ഉരുവപ്പെട്ട കാഴ്ചപ്പാടുകളിലൂടെ സഞ്ചരിക്കുകയും സമൂഹത്തിന്‍റെയും സമുദായത്തിന്‍റെയും പുരോയാനത്തിന് വിഭവങ്ങളൊരുക്കുവാനും തങ്ങൾ നടത്തിയ അദ്ധ്വാനം അനിർവചനീയമാണെന്ന് അഡ്വ. ഹബീബ് റഹ്മാൻ പറഞ്ഞു.

സൗദി കെഎംസിസി ദേശീയ കമ്മിറ്റി വർക്കിംഗ് പ്രസിഡന്‍റ് അഷ്റഫ് വേങ്ങാട്ട്, ശുഹൈബ് പനങ്ങാങ്ങര, തെന്നല മൊയ്തീൻ കുട്ടി, മുഹമ്മദ് വേങ്ങര, അസീസ് വെങ്കിട്ട, നാസർ മാങ്കാവ്, അഷ്റഫ് അച്ചൂർ, അബ്ദുറഹ്മാൻ ഫറൂഖ്, ഷൗക്കത്ത് പാലപ്പള്ളി, ഷൗക്കത്ത് കടമ്പോട്ട്, അബ്ദുൽകലാം മാട്ടുമ്മൽ, ഷക്കീൽ തിരൂർക്കാട്, കെ.പി.മുഹമ്മദ് കളപ്പാറ, റഹ്മത്ത് അഷ്റഫ്, ജസീല മൂസ, ഖമറുന്നീസ മുഹമ്മദ്, ഹസ്ബിന നാസർ എന്നിവർ പ്രസംഗിച്ചു. മുജീബ് ഇരുമ്പുഴി ഖിറാഅത്ത് നടത്തി. ഷാഫി കരുവാരകുണ്ട് സ്വാഗതവും ബഷീർ ഇരുമ്പുഴി നന്ദിയും പറഞ്ഞു.

അഷ്റഫ് തങ്ങൾ ചെട്ടിപ്പടി, നൗഷാദ് കുനിയിൽ, സത്താർ താമരത്ത്, ഹംസത്തലി പനങ്ങാങ്ങര, ഷാഫി കരുവാരകുണ്ട്, കലാം മാട്ടുമ്മൽ, ശുഹൈബ് പനങ്ങാങ്ങര, അഡ്വ. അനീർബാബു പെരിഞ്ചീരി, ഉസ്മാൻ അലി പാലത്തിങ്ങൽ, ജാഫർ തങ്ങൾ കോളിക്കൽ, ബഷീർ താമരശേരി എന്നിവരാണ് പുസ്തക സമിതി അംഗങ്ങൾ.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ