ദുബായിൽ മലയാളിയായ സ്വർണപണിക്കാരൻ മരിച്ച നിലയിൽ
Wednesday, August 12, 2020 8:20 PM IST
ദുബായ്: മലയാളിയായ സ്വർണപണിക്കാരനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി ആലത്തുംകണ്ടിയിൽ ഷാജി (40) ആണ് മരിച്ചത്. ദെയ്റ ഗോൾഡ് സൂഖിൽ ജ്വല്ലറി വർക് ഷോപ്പ് നടത്തിവരികയായിരുന്നു.

ഞായറാഴ്ച രാത്രിയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി തുറക്കാത്തതിനെ തുടർന്ന് വാതിലിന്‍റെ വിടവിലൂടെ നോക്കിയപ്പോൾ മരിച്ചുകിടക്കുന്നതാണ് കണ്ടതെന്ന് ഇദ്ദേഹത്തിന്‍റെ സഹോദരൻ ഷൈജു പറഞ്ഞു. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

കോവിഡ് -19 അനുബന്ധ നിയന്ത്രണങ്ങൾ കാരണം കട അടച്ചതിനുശേഷം ഇയാൾ സാമ്പത്തിക പ്രതിസന്ധിയിലായതായി കരുതപ്പെടുന്നു.

ഭാര്യയും ഏഴ് വയസുള്ള മകളും 2 വയസുള്ള മകനുമടങ്ങുന്നതാണ് ഇദ്ദേഹത്തിന്‍റെ കുടുംബം.

മൃതദേഹം പോലീസ് നടപടികൾക്കുശേഷം വെള്ളിയാഴ്ച കേരളത്തിലേക്ക് കൊണ്ടുപോകുമെന്ന് സഹോദരൻ പറഞ്ഞു.