റിയാദിൽ ഗ്രീൻ ക്ലബ് ബാഡ്മിന്‍റൺ കോർട്ട് ഉദ്ഘാടനം ചെയ്തു
Monday, September 21, 2020 7:10 PM IST
റിയാദ്: റിയാദിലെ കെഎംസിസി പ്രവർത്തകരുടെ കൂട്ടായ്മയിൽ പൂർത്തീകരിച്ച ബാഡ്മിന്‍റൺ കോർട്ട് മുസ് ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു.

സി.പി. മുസ്തഫയുടെ നേതൃത്വത്തിൽ ഒരു കൂട്ടം കെഎംസിസി പ്രവർത്തകരാണ് ഈ നവസംരംഭത്തിന്‍റെ അണിയറ ശില്പികൾ. ജീവകാരുണ്യ രംഗത്ത് പ്രവാസ ലോകത്ത് തുല്യതയില്ലാത്ത സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന റിയാദ് കെഎംസിസി കലാ, കായിക രംഗത്തും മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. റിയാദിലെ കലാ, കായിക രംഗത്ത് കൂടുതൽ ഉണർവ് പകരാൻ ഗ്രീൻ ക്ലബിനാവുമെന്ന് ക്ലബ് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.

നിലവിൽ ആറ് ബാഡ്മിന്‍റൻ കോർട്ടുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ഗ്രീൻ ക്ലബിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ പദ്ധതിയുണ്ടെന്നും ഭാരവാഹികൾ കൂട്ടിചേർത്തു.

അബ്ദുറഹ് മാൻ ഫറോക്ക് അധ്യക്ഷത വഹിച്ചു. മുസ് ലിംലീഗ് അഖിലേന്ത്യാ ട്രഷറർ പി.വി.അബ്ദുൽ വഹാബ് എംപി, സൗദി കെഎംസിസി വർക്കിംഗ് പ്രസിഡന്‍റ് അഷ്റഫ് വേങ്ങാട്ട്, റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് സി.പി.മുസ്തഫ, അനിൽ (സിനിമാർ ക്ലബ്), രാജീവ് (ഐബിസി ക്ലബ്), മജീദ് പയ്യന്നൂർ, അലവിക്കുട്ടി ഒളവട്ടൂർ തുടങ്ങി പ്രമുഖർ ആശംസകൾ നേർന്നു. മുഹമ്മദ് കണ്ടകൈ, ഹുസൈൻ കുപ്പം, ഷംസു പെരുമ്പട്ട, ജസീല മൂസ, റഹ് മത്ത് അഷ് റഫ്, റിയാസ് കുറ്റ്യാടി, മുസ്തഫ വേളൂരാൻ എന്നിവർ നേതൃത്വം നൽ കി. ഇഖ്ബാൽ കാവനൂർ സ്വാഗതം പറഞ്ഞു.